editorial

ആടിനെന്ത് അങ്ങാടി വാണിഭം

By webdesk17

June 07, 2026

അങ്ങനെ സി.പി.എമ്മിന്റെ ഇറയത്ത് വെയിലും മഴയും കൊണ്ട് കാലം കുറേ തള്ളി നീക്കിയ കെ.ടി ജലീല്‍ ഒടുവില്‍ സഖാവ് ജലീലായി. വാക്കുകള്‍ ഇടക്കിടക്ക് മാറ്റി അധികാരത്തിനായി ഏതറ്റം വരെയും പോകുന്ന കെ.ടി ഇനി മുതല്‍ അരയും തലയും മുറുക്കി സി.പി.എമ്മിനായി പടവെട്ടും. കിരീടം സിനിമയില്‍ കൊച്ചിന്‍ ഹനീഫയുടെ ലവലില്‍ എല്ലാവരെയും വെല്ലുവിളിച്ച് ഇനിയാരുണ്ട് എന്നെ തോല്‍പിക്കാന്‍ ലീഗിനും കോണ്‍ഗ്രസിനും എന്നെ തൊടാനാവില്ലെന്നൊക്കെ ആഞ്ഞു തള്ളിയിരുന്ന ജലീല്‍ ഒടുവില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി ജോയിക്കു മുന്നില്‍ കമിഴ്ന്നടിച്ച് വീണതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റുകളിലൊന്ന്. പാണക്കാട് നിന്നുള്ള രസീതും ലീഗാരുടെ പിന്തുണയും ഒന്നും എനിക്ക് വേണ്ട എ.കെ.ജിയും ഇ.എം.എസും ഉള്ള സ്വര്‍ഗം മതിയെന്നും പ റഞ്ഞ് വര്‍ഷം കുറച്ചായി സി.പി.എമ്മിന് പിന്നാലെ നടക്കുന്നു. ജലീലിനോളം കുബുദ്ധിയുള്ള മറ്റൊരാളും സി.പി.എമ്മിനൊപ്പം ഓടുന്നവരില്‍ നിലവിലുണ്ടാവില്ല. സി.പി.എമ്മുകാരാനായാല്‍ രണ്ട് തവണ മാത്രമേ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കൂ. പിണറായി പാര്‍ട്ടിയായതിനാല്‍ ഒഴിവുകഴിവ് നല്‍കുന്നു. അതു കൊണ്ട് ജലീല്‍ കിട്ടാവുന്നേടത്തോളം പുറത്ത് നിന്നും നേടി. നാലു തവണ എം.എല്‍.എയും ഒരു തവണ മന്ത്രിയുമായി. അധികാരത്തിന് ആര്‍ത്തിയില്ലെന്ന് നാഴികക്ക് നാല്‍പത് വട്ടം പറയും. എന്നാല്‍ പ്രവര്‍ത്തി മറ്റൊന്നും മത്സരിക്കില്ലെന്ന് എത്രയോ തവണ പറഞ്ഞു. ഓരോ തവണയും തിരഞ്ഞെടുപ്പ് വന്നാല്‍ കെടിക്ക മത്സര രംഗത്തുണ്ടാവും. പക്ഷേ ഇത്തവണ പലതും പ്രയോഗിച്ചിട്ടും സംഗതി ഒത്തില്ല. എട്ടു നിലയില്‍ പൊട്ടി. ഇനി മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്നും മത്സരിച്ചാല്‍ തന്നെ കെട്ടി വെച്ച കാശ് ബാക്കിയുണ്ടാവില്ലെന്നും ജലീലിനോളം അറിയുന്ന മറ്റൊരാള്‍ ഉണ്ടാവില്ല. ശിഷ്ട കാലം വെറും സ്വതന്ത്രനായി കാലാകാലവും നടന്നിട്ട് പ്രത്യേകിച്ച് ഒന്നും നടക്കില്ലെന്ന് ഉറപ്പായതോടെ ഒരൊറ്റ പ്രഖ്യാപനമായിരുന്നു. സി.പി.എമ്മില്‍ അംഗത്വമെടുക്കുന്നു. സി.ആര്‍ മഹേഷ് എം.എല്‍.എയുടെ വാക്കില്‍ പറഞ്ഞാല്‍ മകളുടെ കല്ല്യാണത്തിന് വാപ്പ വീണ്ടും പുയ്യാപ്ലയാവാന്‍ തയ്യാറാകുന്നു. ഇനി ലീഗിനെ തിന്നാന്‍ അന്ത ഭക്തന്‍മാര്‍ക്ക് ഒരു കവല പ്രാസംഗികനെ കൂടി കിട്ടുമെന്നല്ലാതെ പ്രത്യേകിച്ചു ഒന്നും നടക്കില്ല.

പിണറായി വിജയനും സി.പി.എമ്മിനുമായി തള്ളാവുന്നത്രയും തള്ളി നടന്നതായിരുന്നു. അങ്ങിനെ മുണ്ടശ്ശേരിയും സി.എച്ചും ബേബിയും പി.കെ അബ്ദുറബ്ബുമൊക്കെ ഒറ്റക്കു ഭരിച്ച വിദ്യാഭ്യാസ വകുപ്പിനെ രണ്ടാക്കി മുറിച്ച് ഒരു അപ്പക്കഷ്ണം ശാഖയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രവീന്ദ്രനാഥിനും മറ്റൊരു കഷ്ണം കെ.ടി ജലീലിനുമായാണ് അന്ന് പിണറായി കൈമാറിയത്. പിന്നീട് കണ്ടത് പിണറായി പോരിശയായിരുന്നു. തൂക്ക് പാത്രത്തില്‍ കിട്ടിയ പായസത്തിന്റെ കണക്കൊക്കെ വെച്ചു കാച്ചി നാട്ടാര്‍ക്ക് മുന്നില്‍ തന്റെ അല്‍പത്തം അനുസ്യൂതം തുടരുകയും ചെയ്തു. പക്ഷേ കിട്ടിയ മന്ത്രി സ്ഥാനം സ്വജനപക്ഷപാതത്തിനും അഴിമതിക്കും പിടിക്കപ്പെട്ടതോടെ രാജിവെച്ച് ഒഴിയേണ്ടിയും വന്നു.

അഴിമതിയില്‍ പിടിക്കപ്പെട്ട് രാജിവെച്ച ചരിത്രവും ഇതി നിടെ കൊച്ചാപ്പ സ്വന്തമാക്കിയിരുന്നു. ആര്‍.എസ്.എസുകാരനായ സുഗതനെ പിണറായി സര്‍ക്കാറിന്റെ മതിലിന്റെ മേസ്തിരിയാക്കുകയും പിന്നീട് ഖലീഫ ഉമറായി പ്രഖ്യാപിച്ചതുമൊക്കെയാണ് അക്കാലത്ത് കെടിക്ക ചെയ്ത വീരസാഹസങ്ങള്‍. വെള്ളാപള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗിനെതിയാണ് വെള്ളാപ്പള്ളി എന്ന് വക്രീകരിച്ച് നല്‍കിയതും ഇതേ കെടി ജലീല്‍ തന്നെയായിരുന്നു. വി.എസിനെ പൂട്ടാന്‍ പിണറായിക്കൊപ്പം ബക്കറ്റിലെ തിരയുണ്ടാക്കിയതിന്റെ നന്ദിയായി തുടര്‍ച്ചയായി മത്സരിക്കാന്‍ സീറ്റ് കിട്ടിയതായിരുന്നു. എന്നാല്‍ കളി തരത്തില്‍ പോയി കളി എന്ന് നാട്ടാര് ഒടുവില്‍ പടിപ്പിച്ചതോടെ പിന്നീടങ്ങോട്ട് പ്രഖ്യാപനങ്ങളുടേയും വീമ്പ് പറയലിന്റേയും കാലമായിരുന്നു.

മുസ്ലിം ലീഗ് വയനാട് ഉരുള്‍ ദുരന്തബാധിതര്‍ക്ക് വീടു വെച്ചു കൊടുക്കാന്‍ തീരുമാനിച്ച അന്നു തുടങ്ങിയതായിരുന്നു ടിയാന്റെ ഓഡിറ്റിങ്. ആദ്യം ലീഗാര് നടത്തില്ല, പൈസ വെറുതെയാവുമെന്നായി. പിന്നീട് സ്ഥലം വാങ്ങിയപ്പോള്‍ അത് കൊള്ളപ്പണത്തിനാണ് വാങ്ങിയതെന്നായി. വീടു വെക്കാന്‍ തുടങ്ങിയപ്പോള്‍ ചെങ്കല്ലിലാണ് വീട് നിര്‍മാണമെന്നായി. പണി പൂര്‍ത്തിയാവുമെന്ന് തോന്നിയപ്പോള്‍ സ്‌കൂളും അങ്കണവാടിയും കണ്ടില്ലെന്നായി. ഇനിയിപ്പോള്‍ വലിയ വായിലാണ് പ്രഖ്യാപനങ്ങള്‍. അതായത് പിണറായിയുടെ വീട്ടില്‍ ഇ.ഡി പരിശോധിച്ചതിന് കെനിയയിലേയും യുഗാണ്ടയിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതിഷേധിച്ചതൊക്കെയാണ് വലിയ സംഭവമായി മൂപ്പര് കാണുന്നത്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തരകൊറിയയും ഒരുമിച്ചു നില്‍ക്കുന്ന കാഴ്ച ആവേശം കൊള്ളിക്കുന്നുണ്ടത്രേ!. പക്ഷേ ഇതെവിടെയാ കാണാന്‍ കഴിയുകയെന്നൊന്നും ചോദിക്കരുത് മൂപ്പര് പറഞ്ഞാല്‍ അച്ചട്ടാണ്. സംഗതി നടന്നിരിക്കും. അല്ലേലും കമ്മി ഊണിസ്റ്റുകള്‍ക്ക് ആമസോണ്‍ കാടും വെനസ്വേലയും ക്യൂബയുമൊക്കെ ചര്‍ച്ച ചെയ്യാനാണ് കൂടുതല്‍ താല്‍പര്യം. അതാവുമ്പോള്‍ ചിലവൊന്നുമില്ല നാട്ടാര്‍ക്ക് മനസിലാകത്തുമില്ല.

ഇനി വരാനിരിക്കുന്നതത്രയും കെടിക്കയുടെ പ്രഖ്യാപനങ്ങളായിരിക്കും. തിരഞ്ഞെടുപ്പ് കാലത്ത് തനിക്ക് കിട്ടാന്‍ പോകുന്ന പിന്തുണയെ കുറിച്ച് ടിയാന്റെ തള്ളുകള്‍ കേട്ടവര്‍ കേട്ടവര്‍ അന്തം വിട്ട് നിന്നിട്ടുണ്ട്. അത്രമേല്‍ ഭയങ്കര പ്രഖ്യാപനങ്ങളായിരുന്നു. വീര സാഹസങ്ങളം വീമ്പു പറച്ചിലുകള്‍ക്കും ഇനിയും ഒരു കുറവുമുണ്ടാകില്ല. പക്ഷേ ഇനി മൂട്ടയെ ഓടിക്കാന്‍ പീരങ്കിയുടെ ആവശ്യമില്ലെന്ന് അറിയാവുന്ന സി.പി.എമ്മുകാര്‍ തന്നെ മിക്കവാറും ഇരുത്തേണ്ടിടത്ത് കൊണ്ടിരുത്തും.