Connect with us

News

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത; തിലക് വര്‍മ തിരിച്ചെത്തുന്നു, ശ്രേയസിന് തിരിച്ചടി

തിലക് തിരിച്ചെത്തുന്നതോടെ ലോകകപ്പ് ടീമിലെത്താമെന്ന ശ്രേയസ് അയ്യറിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാകും

Published

on

ഹൈദരാബാദ്: അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ ആശ്വാസവാര്‍ത്ത. പരിക്ക് കാരണം പുറത്തായിരുന്ന യുവ ബാറ്റര്‍ തിലക് വര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്താന്‍ ഒരുങ്ങുന്നു. വിജയ് ഹസാരെ ട്രോഫിക്കിടെ ശസ്ത്രക്രിയക്ക് വിധേയനായ താരം ഇന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (NCA) ഫിറ്റ്‌നസ് പരിശോധനക്കും പരിശീലനത്തിനുമായി എത്തും.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ തിലക് ഇടംപിടിക്കാനാണ് സാധ്യത. നിലവില്‍ ശസ്ത്രക്രിയ നടന്ന സ്ഥലത്ത് വേദനയൊന്നുമില്ലെന്നും, എല്ലാം അനുകൂലമായാല്‍ ഈ മാസം 28ന് വിശാഖപട്ടണത്ത് നടക്കുന്ന നാലാം ടി20യില്‍ താരം കളിക്കുമെന്നുമാണ് സൂചന.

മൂന്നും നാലും നമ്പറുകളില്‍ സ്ഥിരതയോടെ കളിക്കുന്ന തിലക് ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിരയ്ക്ക് വലിയ കരുത്താണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മങ്ങിയ ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ ഇടംകൈയനായ തിലകിന്റെ സാന്നിധ്യം നിര്‍ണായകമാകും. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ ടോപ് സ്‌കോററായത് തിലകായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ച 18 ഇന്നിംഗ്‌സുകളില്‍ നിന്ന് 567 റണ്‍സ് തിലക് നേടിയിരുന്നു. 47.25 ശരാശരി, 129.15 സ്‌ട്രൈക്ക് റേറ്റ് എന്നിവയാണ് ശ്രദ്ധേയം.

അതേസമയം, തിലക് തിരിച്ചെത്തുന്നതോടെ ലോകകപ്പ് ടീമിലെത്താമെന്ന ശ്രേയസ് അയ്യറിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാകും. തിലകിന് പരിക്കേറ്റതോടെയാണ് ശ്രേയസിനെ ന്യൂസിലന്‍ഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചുമത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നാഗ്പൂരില്‍ നടക്കും. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ബി.സി.സി.ഐ വാര്‍ഷിക കരാര്‍ ഘടനയില്‍ വന്‍ മാറ്റം; ‘എ പ്ലസ്’ വിഭാഗം ഒഴിവാക്കാന്‍ ശുപാര്‍ശ

ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ‘എ പ്ലസ്’ വിഭാഗം പൂര്‍ണമായി ഒഴിവാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ.

Published

on

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) താരങ്ങള്‍ക്കുള്ള വാര്‍ഷിക സെന്‍ട്രല്‍ കോണ്‍ട്രാക്ട് സംവിധാനത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിച്ച് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി. ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ‘എ പ്ലസ്’ വിഭാഗം പൂര്‍ണമായി ഒഴിവാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ.

നിലവില്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നിവരാണ് ‘എ പ്ലസ്’ വിഭാഗത്തിലുള്ള താരങ്ങള്‍. എന്നാല്‍ കോഹ്ലിയും രോഹിത്തും ട്വന്റി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്ന് വിരമിച്ചതോടെ ഇന്ത്യയ്ക്കായി ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ജദേജ ട്വന്റി20യില്‍നിന്ന് നേരത്തെ വിരമിച്ചിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരമായി കളിക്കുന്ന ഏക താരം ജസ്പ്രീത് ബുംറ മാത്രമാണ്.

നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ഇനി ‘എ പ്ലസ്’ വിഭാഗം ഒഴിവാക്കി ‘എ’, ‘ബി’, ‘സി’ എന്നീ മൂന്ന് കാറ്റഗറികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ഇതിന് ബി.സി.സി.ഐ അപെക്‌സ് കൗണ്‍സിലിന്റെ അനുമതി ആവശ്യമാണ്. നിലവിലെ ഘടനയില്‍ ‘എ പ്ലസ്’ വിഭാഗത്തിന് ഏഴ് കോടി രൂപയും ‘എ’, ‘ബി’, ‘സി’ വിഭാഗങ്ങള്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന്, ഒരു കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലം.

പുതിയ നിര്‍ദേശപ്രകാരം മൂന്നു ഫോര്‍മാറ്റുകളിലും സജീവമായി കളിക്കുന്ന താരങ്ങള്‍ക്കായിരിക്കും ഉയര്‍ന്ന പ്രതിഫലം ലഭിക്കുക. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്ലിനെയും ഉയര്‍ന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

നിലവില്‍ മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവര്‍ ‘എ’ വിഭാഗത്തിലാണ്. ‘ബി’ വിഭാഗത്തില്‍ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

‘സി’ വിഭാഗത്തില്‍ റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയി, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പട്ടീദാര്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

അപെക്‌സ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടാല്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് സംവിധാനം അടുത്ത സീസണില്‍ തന്നെ പുതിയ രൂപത്തിലേക്ക് മാറും.

Continue Reading

kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പൊലീസ്

കുറ്റപത്രം പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നത്.

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പൊലീസ്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നത്.

പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്ന രത്നകുമാറിന്റെ രാഷ്ട്രീയബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രധാനമായും ഹരജിയിലുണ്ടായിരുന്നത്. നേരത്തെ, സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു. വാദം കേള്‍ക്കാനായി കേസ് ഫെബ്രുവരി 19 ലേക്ക് മാറ്റി.

Continue Reading

india

എസ്.ഐ.ആര്‍ നടപടിയില്‍ ഗുരുതര ആരോപണം; മുസ്‌ലിം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കി

മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് പ്രധാനമായും പേരുകള്‍ ഇല്ലാതാക്കിയിരിക്കുന്നതെന്ന് ആരോപണമുയര്‍ന്നു.

Published

on

അഹമ്മദാബാദ്: ഗുജറാത്തില്‍ പുരോഗമിക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) പ്രക്രിയയില്‍ അഹമ്മദാബാദിലെ ജമാല്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ നൂറുകണക്കിന് മുസ്‌ലിം വോട്ടര്‍മാരെ ‘മരിച്ചവരായി’ പ്രഖ്യാപിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് പ്രധാനമായും പേരുകള്‍ ഇല്ലാതാക്കിയിരിക്കുന്നതെന്ന് ആരോപണമുയര്‍ന്നു.

സ്വയം ജീവിച്ചിരിക്കുന്നതും എസ്.ഐ.ആര്‍ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയതും പ്രാരംഭ കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതുമാണെന്ന് വോട്ടര്‍മാര്‍ പറയുന്നു. എന്നിരുന്നാലും, അന്തിമ പട്ടികയില്‍ നിന്ന് അവരുടെ പേരുകള്‍ വെട്ടിക്കളഞ്ഞതായി അവര്‍ ആരോപിച്ചു.

മരണം, സ്ഥലംമാറ്റം, ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പേരുകള്‍ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ഫോം 7 വഴിയാണ് എതിര്‍പ്പുകള്‍ സമര്‍പ്പിച്ചതെന്ന് താമസക്കാരും പ്രാദേശിക നേതാക്കളും വ്യക്തമാക്കി. മുസ്‌ലിം വോട്ടര്‍മാരെ വ്യാജമായി ‘മരിച്ചവരായി’ പ്രഖ്യാപിച്ചതായും ആരോപണമുണ്ട്.

ഇത് ന്യൂനപക്ഷ സമുദായത്തെ ബോധപൂര്‍വം ലക്ഷ്യമിട്ടുള്ള അവകാശ ലംഘനവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ രാഷ്ട്രീയ ദുരുപയോഗവുമാണെന്ന് ആരോപിച്ചുകൊണ്ട്, പേരുകള്‍ ഇല്ലാതാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ ഷാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ജമാല്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ വാര്‍ഡ് നമ്പര്‍ 19ലെ വോട്ടറായ ഫരീദ് മിയാന്‍ (വോട്ടര്‍ സീരിയല്‍ നമ്പര്‍ 823) ജീവിച്ചിരിക്കെ തന്നെ മരിച്ചുവെന്നാരോപിച്ച് എതിര്‍പ്പ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, എതിര്‍പ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന വോട്ടര്‍ ഐഡി നമ്പര്‍ അദ്ദേഹത്തിന്റെ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് താമസക്കാര്‍ ചൂണ്ടിക്കാട്ടി. വാര്‍ഡ് നമ്പര്‍ 21ല്‍ താമസിക്കുന്ന ജമാല്‍പൂര്‍ മണ്ഡലത്തിലെ മുനിസിപ്പല്‍ കൗണ്‍സിലറായ റാഫിഖ് ഷെയ്ഖ് ഖുറേഷിക്കെതിരെയും വിലാസം മാറ്റിയതായി ചൂണ്ടിക്കാട്ടി എതിര്‍പ്പ് ഫയല്‍ ചെയ്തിട്ടുണ്ട്.

എതിര്‍പ്പ് ഉന്നയിച്ച പങ്കജ് പാര്‍ട്ട് നമ്പര്‍ 16ലെ വോട്ടറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം കക്ഷികള്‍ക്ക് ഇത്തരത്തില്‍ എതിര്‍പ്പുകള്‍ ഫയല്‍ ചെയ്യാന്‍ എങ്ങനെ അനുമതി നല്‍കിയുവെന്ന ചോദ്യവും ഇതോടെ ശക്തമാകുകയാണ്. ”ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ട്. മുമ്പ് വോട്ട് ചെയ്തിട്ടുമുണ്ട്. എന്നിട്ടും ഈ സംവിധാനം ഞങ്ങളെ നിലവിലില്ലാത്തവരായി കാണിക്കുന്നു,” എന്ന് ഖുറേഷി പ്രതികരിച്ചു.

”ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗണ്‍സിലറാണ്. എനിക്കിത് സംഭവിക്കാമെങ്കില്‍ ആര്‍ക്കും സംഭവിക്കാം. ഇത് തുടരുകയാണെങ്കില്‍ വോട്ടര്‍മാരെ മാത്രമല്ല, അവരുടെ നിലനില്‍പ്പിനെയാണ് ഇല്ലാതാക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു. ഈ നടപടികളെ നിയമപരമായി വെല്ലുവിളിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്നും ഖുറേഷി അറിയിച്ചു.

എതിര്‍പ്പുകളുടെ സ്വഭാവം മുസ്‌ലിം വോട്ടുകള്‍ അടിച്ചമര്‍ത്താനുള്ള ഏകോപിത ശ്രമത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് ന്യൂനപക്ഷ ഏകോപന സമിതി കണ്‍വീനര്‍ മുജാഹിദ് നഫീസ് ആരോപിച്ചു. ”ഇത് ഭരണപരമായ പിഴവല്ല. മുസ്‌ലിം വോട്ടര്‍മാരെ മരിച്ചവരോ കുടിയിറക്കപ്പെട്ടവരോ ആയി വ്യാജമായി പ്രഖ്യാപിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ്. എസ്.ഐ.ആര്‍ ഫോമുകള്‍ പൂരിപ്പിച്ചവരും കരട് പട്ടികയില്‍ ഉണ്ടായിരുന്നവരുമാണ് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ബന്ധമില്ലാത്ത വ്യക്തികള്‍ വ്യത്യസ്ത പോളിങ് ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ സമര്‍പ്പിച്ചതും ഉദ്ദേശ്യത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു,” അദ്ദേഹം പറഞ്ഞു.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ താമസക്കാരുമായി പങ്കിട്ട വിവരങ്ങള്‍ പ്രകാരം, ജമാല്‍പൂര്‍ പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം ഏകദേശം 300 ഫോം 7 എതിര്‍പ്പുകള്‍ ലഭിച്ചിട്ടുണ്ട്. ജമാല്‍പൂര്‍ നിയമസഭാ മണ്ഡലമൊട്ടാകെ ഫോം 7 എതിര്‍പ്പുകളുടെ എണ്ണം 20,000 വരെ എത്താമെന്നാണ് പ്രവര്‍ത്തകരുടെ കണക്ക്.

സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ന്യൂനപക്ഷ ഏകോപന സമിതി ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് ഔദ്യോഗിക നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

Continue Reading

Trending