News

‘ബാബറിന്റെ സ്ഥാനത്ത് കോലിയായിരുന്നെങ്കില്‍ സിംഗിള്‍ ഓടാതെ വയ്യ’; ബാബര്‍സ്മിത്ത് സംഭവത്തില്‍ ബാസിത് അലി

By webdesk17

January 18, 2026

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സും സിഡ്‌നി തണ്ടറും തമ്മിലുള്ള മത്സരത്തിനിടെ ബാബര്‍ അസമിന് ഉറപ്പായ സിംഗിള്‍ നിഷേധിക്കപ്പെട്ട സംഭവത്തില്‍ മുന്‍ പാക് താരം ബാസിത് അലി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബാബറിന്റെ സ്ഥാനത്ത് ഇന്ത്യയുടെ വിരാട് കോഹ്‌ലി ആയിരുന്നെങ്കില്‍, സ്മിത്തല്ല സ്മിത്തിന്റെ അച്ഛനായിരുന്നാലും സിംഗിള്‍ ഓടാതെ വഴിയുണ്ടാകില്ലായിരുന്നുവെന്ന് ബാസിത് അലി യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

കോഹ്‌ലിയോടൊപ്പം ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ സ്റ്റീവ് സ്മിത്ത് ഒരിക്കലും ആ സിംഗിള്‍ നിഷേധിക്കില്ലായിരുന്നുവെന്നും, കോലിയുടെ ആക്രമണോത്സുകതയും ആധിപത്യവും സ്മിത്ത് പൂര്‍ണ ബഹുമാനത്തോടെ സ്വീകരിക്കുമായിരുന്നുവെന്നും ബാസിത് പറഞ്ഞു. സിംഗിള്‍ എടുക്കാന്‍ കോഹ്‌ലി ‘യെസ്’ കേള്‍ക്കാന്‍ പോലും കാത്തുനില്‍ക്കില്ലായിരുന്നുവെന്നും, അതിവേഗം റണ്ണെടുക്കുന്ന കോലിയുടെ പ്രതിബദ്ധത സ്മിത്തിന് മറുവഴിയില്ലാതെ ഓടേണ്ട സാഹചര്യമുണ്ടാക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മിത്തിന് ‘നോ’ പറയാന്‍ അവസരമൊരുക്കിയത് ബാബര്‍ തന്നെയാണെന്നും, അതുവഴി ബാബര്‍ സ്മിത്തിന് മുന്നില്‍ ചെറുതായിപ്പോയെന്നും ബാസിത് കുറ്റപ്പെടുത്തി.

അതേസമയം സംഭവത്തില്‍ വേറൊരു നിലപാടുമായി മുന്‍ പാക് താരം കമ്രാന്‍ അക്മല്‍ രംഗത്തെത്തി. ആ പന്ത് നേരിടുന്നതിന് മുമ്പ് തന്നെ സിംഗിളിനായി ശ്രമിക്കരുതെന്ന് സ്മിത്ത് ബാബറിനോട് വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സംഭവം ഒരിക്കലും സംഭവിക്കരുതായിരുന്നുവെന്നും, സിഡ്‌നി സിക്‌സേഴ്‌സിന് ബാബറിന്റെ പ്രകടനത്തില്‍ തൃപ്തിയില്ലെങ്കില്‍ താരത്തെ ഒഴിവാക്കുന്നതാണ് ശരിയായ നടപടി, അപമാനിക്കുന്നത് അല്ലെന്നും കമ്രാന്‍ അക്മല്‍ വ്യക്തമാക്കി.