editorial

ക്ഷാമബത്തയിലെ സര്‍ക്കാര്‍ ചതി

By webdesk18

January 17, 2026

ക്ഷാമബത്ത (ഡി.എ) ജീവനക്കാരുടെ അവകാശമല്ലെന്നും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. നിയമപരമായി നിര്‍ബന്ധമായും നല്‍കേണ്ട ആനുകൂല്യമല്ല ഡി.എ എന്നും ഇത് നല്‍കുന്ന കാര്യത്തില്‍ സമയപരിധി പറയാനാകുന്ന സാമ്പത്തികാവസ്ഥയിലല്ല സര്‍ക്കാര്‍ ഇപ്പോഴുള്ളതെന്നുമാണ് ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി സ്‌പെഷ്യല്‍ ഗവണ്‍മെന്റ്‌റ് പ്ലീഡര്‍ വഴി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡി.എ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ രീതിയാണ് തുടരുന്നതെന്നും ഇതുപ്രകാരം അഡീഷണല്‍ ഡി.എ അനുവദിക്കുന്ന മാസം മുതലാണ് ഇതിന് പ്രാബല്യമുണ്ടാവുകയെന്നും ഡി.എ കുടിശ്ശികയുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നുമാണ് സര്‍ക്കാറിന്റെ വാദം. ക്ഷാമബത്ത കുടിശികയില്‍ നിലവില്‍ രാജ്യത്ത് നമ്പര്‍ വണ്‍ ആയി നിലകൊള്ളുന്ന കേരളത്തിലെ പിണറായി ഭരണകൂടമാണ് ആ മാനക്കേടില്‍നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ തൊടിന്യായവുമായെത്തുന്നത്.

ആറു ഗഡുക്കളായി 18 ശതമാനമാണ് കേരളത്തിലെ നിലവിലെ ക്ഷാമബത്ത കുടിശിക. ഇത്രമേല്‍ ഡി.എ കുടിശികയാക്കിത്തീര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന ധനകാര്യവകുപ്പിന് മാത്രം അവകാശപ്പെട്ടതാണെന്നതില്‍ രണ്ടഭിപ്രായത്തിനിടമില്ല. ധനകാര്യ മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ഇത്തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നതാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ ഒരു നയാപൈസപോലും ക്ഷാമബത്ത കുടിശിക ഇല്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ ഈ യമണ്ടന്‍കുടിശിക.

ബീഹാര്‍, മധ്യപ്രദേശ്, തമിഴ്‌നാട്, അരുണാചല്‍പ്രദേശ്, കാശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ജീവനക്കാരുടെ അവകാശമായ ക്ഷാമബത്ത പൂര്‍ണമായും നല്‍കിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളിലാകട്ടെ ഒന്നും രണ്ടും ഗഡുക്കളെന്ന മാന്യമായ കുടിശികയേ കൊടുത്തുവീട്ടാനുള്ളൂ. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമെന്ന ക്രെഡിറ്റും പിണറായി സര്‍ക്കാര്‍ കഴുത്തിലണിഞ്ഞിട്ടുണ്ട്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഈ കിട്ടാക്കണക്കുകള്‍ക്കിടയിലും ഉന്നത ഉദ്യോഗസ്ഥരുടെ വിഹിതം കൊടുത്തു തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വലിയ ശുഷ്‌കാന്തിയാണ് കാ ണിച്ചിരിക്കുന്നത്.

സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരോട് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന സമീപനം സ്വീകരിക്കുമ്പോഴാണ് ഉന്നതരോടുള്ള ഈ കരുതലും തലോടലും. ഐ.എ.എസ്, ഐ.പി.എസ്, ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, പി.എസ്.സി അംഗങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് കേരളത്തില്‍ ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നല്‍കുന്നതും. ക്ഷാമബത്ത കുടിശിക പൂര്‍ണമായും (18 %) കൊടുക്കണ മെങ്കില്‍ 468 കോടി രൂപ പ്രതിമാസം കണ്ടെത്തേണ്ടതുണ്ട്. ഇത് കൃത്യമായി കൊടുക്കാതെ നീട്ടി കൊണ്ടു പോയതാണ് പ്രതിമാസ കുടിശിക ഉയരാന്‍ കാരണം.

ഒരു ശതമാനം ക്ഷാമബത്ത കൊടുക്കാന്‍ ഒരു മാസം വേണ്ടത് 26 കോടിയാണ്. ഏഴു ശതമാനം ക്ഷാമബത്ത കൊടുക്കാന്‍ ഒരു മാസം വേണ്ടത് 182 കോടിയാണ്. 18 ശതമാനമാണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് സംസ്ഥാനത്ത് ഫണ്ട് ദൗര്‍ലഭ്യത്തിനിടയാക്കിയതെന്ന പതിവുപല്ലവി മാത്രമാണ് സര്‍ക്കാറിന് ഈ കെടുകാര്യസ്ഥതക്ക് ന്യായീകരണമായി പറയാനുള്ളത്. സംസ്ഥാനസര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയിലുള്ള നിയന്ത്രണം ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതടക്കമുള്ള വിഷയമാണ് സുപ്രീംകോടതിയിലുള്ളത്. കുടിശ്ശികയായ ക്ഷാമബത്ത കുള അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ഭാരവാഹികള്‍ ഫയല്‍ചെയ്ത ഹര്‍ജിയാണ് കോടതിയിലുള്ളത്.

വ്യാഴാഴ്ച ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജി പരിഗണിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്ത് ജനുവരി 22 ലേക്ക് മാറ്റിയി രിക്കുകയാണ്. ഡി.എം കുടിശ്ശികയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നടങ്കം നിയമപരമായും സംഘടനാപരമായും പോരാട്ടം നടത്തുമ്പോള്‍ സി.പി.എം അനുകൂല സംഘടനകള്‍ ദീക്ഷിക്കുന്ന മൗനം ഉദ്യോഗസ്ഥ സമൂഹത്തോടുള്ള കൊടുംവഞ്ചനയായി മാത്രമേ കാണാന്‍ കഴിയുള്ളൂ. ആന്റണി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നാരോപിച്ച് ഒരുമാസക്കാലം സമരത്തിനിറങ്ങിയവരാണ് ഇപ്പോള്‍ വാ തുറക്കാനാവാതെ മാളത്തിലൊളിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരച്ചടിയുടെ പേരില്‍ എല്ലാ വിഭാഗം ജനങ്ങളോടും ശത്രുതാപരമായ സ്വീകരിക്കുന്ന പിണറായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അതില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ലെന്നതാണ് ഈ സത്യവാങ്മൂലം തെളിയിക്കുന്നത്.