News
ഗള്‍ഫ് സംഘര്‍ഷം: വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയർന്നു, യാത്രക്കാർ ദുരിതത്തിൽ
സാധാരണ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ പല വിമാന കമ്പനികളും ഈടാക്കുന്നത്.
കൊണ്ടോട്ടി: ഗള്‍ഫ് മേഖലയിലെ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. സാധാരണ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ പല വിമാന കമ്പനികളും ഈടാക്കുന്നത്.
ഷെഡ്യൂള്‍ ചെയ്ത നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക അനുമതിയോടെ കുറച്ച് സര്‍വീസുകള്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്നത്. ഇത്തരം സര്‍വീസുകള്‍ ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.
കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്കില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായത്. മുമ്പ് 10,000 മുതല്‍ 15,000 രൂപ വരെയായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 25,000 മുതല്‍ 30,000 രൂപ വരെയാണ് നല്‍കേണ്ടത്. അതുപോലെ തന്നെ സംഘര്‍ഷം രൂക്ഷമായ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കും നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിനുള്ള ചെലവും കൂടിയതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി. ഇതോടെ ഉംറ തീര്‍ഥാടകരും വലിയ പ്രതിസന്ധിയിലാണ്. മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ യാത്ര സാധ്യമാകാത്തതിനാല്‍ ദിവസങ്ങളോളം കാത്തிருந்து ലഭ്യമായ വിമാനങ്ങള്‍ ആശ്രയിച്ചാണ് പലരും നാട്ടിലെത്തുന്നത്.
ഇത്തരം സാഹചര്യത്തില്‍ പുതിയ ടിക്കറ്റുകള്‍ക്ക് അധിക തുക നല്‍കേണ്ടിവരുന്നതിനാല്‍ നേരത്തെ നിശ്ചയിച്ച പാക്കേജിനേക്കാള്‍ ഓരോ തീര്‍ഥാടകര്‍ക്കും 10,000 മുതല്‍ 20,000 രൂപ വരെ അധിക ചെലവ് വരുന്നു. വിസ കാലാവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളും നിരക്ക് വര്‍ധനയുടെ തിരിച്ചടിയിലാണ്.
സാധാരണയായി ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാല തിരക്കിനെ തുടര്‍ന്ന് നിരക്കുകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇത്തവണത്തെ കുത്തനെ വര്‍ധനയ്ക്ക് പ്രധാന കാരണം ഗള്‍ഫ് മേഖലയിലെ സംഘര്‍ഷമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
editorial
തെറിവിളിയിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണം
മുന്‍മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘ചെറ്റത്തരം’ പ്രയോഗം നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വിഭ്രാന്തി പ്രതിഫലിപ്പിക്കുന്നതോടൊപ്പം പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവും മറനീക്കിപ്പുറത്തുചാടിപ്പിച്ചിരിക്കുകയുമാണ്.
മുന്‍മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘ചെറ്റത്തരം’ പ്രയോഗം നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വിഭ്രാന്തി പ്രതിഫലിപ്പിക്കുന്നതോടൊപ്പം പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവും മറനീക്കിപ്പുറത്തുചാടിപ്പിച്ചിരിക്കുകയുമാണ്. തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും അദ്ദേഹം നടത്തിയിട്ടുള്ള സഭ്യേതരമായ പലപരാമര്‍ശങ്ങളും സി.പി.എമ്മിനും ഇടതുമുന്നണിക്കും സാരമായ പരിക്കുകളാണ് ഏല്‍പ്പിച്ചിട്ടുള്ളത്. അന്തര്‍ലീനമായിക്കിടക്കുന്ന സ്വതസിദ്ധമായ ആ ശൈലിയെ മറികടക്കാന്‍ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വമ്പന്‍ മേക്കോവറുകളായിരുന്നു ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്ത് നടത്തിയിട്ടുള്ളത്. കോടികള്‍ ചിലവഴിച്ചുള്ള വിവിധങ്ങളായ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളിലൂടെ ചിരിപ്പിച്ചും കരയിപ്പിച്ചും കണ്ണിറുക്കിയുമെല്ലാം അദ്ദേഹത്തെ അവതരിപ്പിക്കുന്നതിനിടയിലാണ് പഴയകാല ചെയ്തികളെപോലും ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഈ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. തന്നെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയിട്ടുള്ള പരാമര്‍ശത്തിന് അതേഭാഷയില്‍ തിരിച്ചടിക്കുന്നതിന് പകരം ജി. സുധാകരന്‍ മാന്യമായി മറുപടി നല്‍കുകകൂടി ചെയ്തതോടെ അമ്പലപ്പുഴയില്‍ മാത്രമല്ല, കേരളം ഒന്നാകെ ചെറ്റത്തരം പ്രയോഗം ഇതിനകം ചര്‍ച്ചാവിഷയമായിത്തീര്‍ന്നിരിക്കുകയാണ്.
ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ്, ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്ന് പിണറായി പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിക്കുകയുണ്ടായി. ‘ഒരു സഖാവ് എന്നല്ല, ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി. സുധാകരന്‍ കാണിച്ചത്. തങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നു. മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാന്‍ പറ്റുന്ന കാര്യമല്ലായിരുന്നു. അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോള്‍ വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോള്‍ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോള്‍ മനഃപൂര്‍വം എടുക്കാതിരിക്കുന്നതാണെന്നു മനസ്സിലായി’. എന്നിങ്ങനെയായിരുന്നു അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍. സുധാകരനെ പോലെ പാര്‍ട്ടിവിട്ട കുഞ്ഞികൃഷ്ണനും പി. ശശിയും ടി.കെ ഗോവിന്ദനുമൊക്കെ ഇതേ ചെറ്റത്തരംതന്നെയാണ് കാണിച്ചിരിക്കുന്നതെന്നാണ് പിണറായി വിജയന്റെ നിലപാട്. കണ്ണൂര്‍ ജില്ലയില്‍ വിശേഷിച്ചും സംസ്ഥാനത്താകമാനവുമുണ്ടായിട്ടുള്ള അഭൂതപൂര്‍വമായ കൊഴിഞ്ഞുപോക്കും വിമതശല്യവുമാണ് പിണറായിയുടെ സമനിലതെറ്റിച്ചതെന്നത് സുവ്യക്തമാണ്. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം കുത്തിനിറച്ചുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടിക നേതാക്കള്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഏതുതീരുമാനവും അണികളെക്കൊണ്ട് അംഗീകരിപ്പിക്കാമെന്ന ധാരണയില്‍ നടത്തിയിട്ടുള്ള നീക്കുപോക്കുകള്‍ വ്യാപകമായി ചോദ്യംചെയ്യപ്പെടുകയും പരസ്യപ്രതികരണത്തിലൂടെ സധൈര്യമുള്ള ഇറങ്ങിപ്പോക്കുമെല്ലാം ആയതോടെയാണ് മുഖ്യമന്ത്രിയുടെ നിയന്ത്രണം വീണ്ടും നഷ്ടമായിരിക്കുന്നത്. മുന്‍കാലങ്ങളിലും പാര്‍ട്ടിവിട്ടുപോയവരെക്കുറിച്ചും പാര്‍ട്ടിയെ വിമര്‍ശിച്ചവര്‍ക്കുമൊക്കെ എതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തത്രയും നിന്ദ്യമായിരുന്നു. നികൃഷ്ടജീവി, പരനാറി, എടോ ഗോപാല കൃഷ്ണാ, കടക്ക് പുറത്ത്, കുലംകുത്തി… ആ പട്ടിക അങ്ങിനെ നീണ്ടുനിവര്‍ന്ന് കിടക്കുകയാണ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിസെക്രട്ടറിയായിരിക്കെ നടത്തിയിട്ടുള്ള പരനാറി പ്രയോഗം സി.പി.എമ്മിനുണ്ടാക്കിയ തിരിച്ചടി ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗം അന്ന് പോളിറ്റ്ബ്യൂറോ അംഗമായിരുന്ന എം.എ ബേബിയുടെ പരാജയം സുനിശ്ചിതമാക്കിത്തീര്‍ക്കുകയായിരുന്നു.
ഇടതുകോട്ടയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കൊല്ലത്ത് നാല്‍പതിനായിരത്തിനടുത്ത് വോട്ടിന് തോല്‍ക്കേണ്ടിവന്ന എം.എ ബേബി പരാജയം ഉള്‍ക്കൊള്ളാനാവാതെ നിയമസഭാംഗത്വം രാജിവെക്കുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തിച്ചേരുകയുണ്ടായി. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍.എസ്.പി മുന്നണിവിട്ടതും യു.ഡി.എഫിന്റെ ഭാഗമായി മത്സരത്തിനിറങ്ങിയതുമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. താമരശ്ശേരി ബിഷപ്പിന് നികൃഷ്ടജീവി എന്ന വിശേഷണം നല്‍കിയ അതേനാവില്‍നിന്നുതന്നെയാണ് ടി.പി ചന്ദ്രശേഖരനെതിരെ കുലംകുത്തി പ്രയോഗവുമുണ്ടായിട്ടുള്ളത്. അന്‍പത്തിയൊന്നുവെട്ടുവെട്ടി കൊലപ്പെടുത്തിയിട്ടും അരിശംതീരാഞ്ഞിട്ടെന്നവണ്ണമാണ് കുലംകുത്തി എന്നും കുലംകുത്തിതന്നെയെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചത്. ഏതായാലും പി.ആര്‍ നിയന്ത്രണങ്ങളെല്ലാം മറികടന്ന് സ്വതസിദ്ധമായ ശൈലിയിലേക്കുള്ള മുഖ്യമന്ത്രിയുടെ ഈ മടങ്ങിപ്പോക്ക് സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും തനിസ്വരൂപം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തരം പ്രയോഗങ്ങള്‍ അണികളില്‍പോലും അസ്വസ്തത സൃഷ്ടിച്ചുകൊണ്ടരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.
News
എൽപിജി ക്ഷാമം: അടിയന്തര ഇടപെടലുമായി കേന്ദ്രം, വിതരണത്തിന് ശക്തമായ നീക്കങ്ങൾ
രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്.
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്. പ്രശ്നം പരിഹരിക്കാൻ ഹ്രസ്വകാലവും ദീർഘകാലവുമായ പദ്ധതികൾ രൂപപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.
അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ വേഗത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ് എന്ന് യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു. മന്ത്രിതലവും സെക്രട്ടറിതലവുമായ സമിതികൾ രൂപീകരിച്ച് സാഹചര്യം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
രാജ്യത്തുടനീളം തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുക, ലോജിസ്റ്റിക്‌സ് സംവിധാനം ശക്തിപ്പെടുത്തുക, കാര്യക്ഷമമായ വിതരണം നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനും ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനും യോഗത്തിൽ തീരുമാനമായി. രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതും ചർച്ചയായി.
ഇതിനിടെ, അമേരിക്കയിലെ ടെക്സസിൽ നിന്ന് എത്തിച്ച എൽപിജി കയറ്റം നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രം അറിയിച്ചു. മംഗലാപുരം തുറമുഖത്ത് എത്തിയ ഈ കയറ്റം വിതരണത്തെ സ്ഥിരപ്പെടുത്താൻ സഹായിക്കും.
അതേസമയം, റഷ്യൻ എണ്ണയുമായി ‘അക്വാ ടൈറ്റൻ’ കപ്പൽ മംഗലാപുരത്തിന് സമീപം എത്തിയെങ്കിലും വലിപ്പം കൂടുതലായതിനാൽ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുറമുഖത്തിൽ നിന്ന് 18 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിൾ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈൻ ഉപയോഗിച്ച് എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലേക്ക് എത്തിക്കും.
ഹോർമുസ് കടലിടുക്കിൽ ഉള്ള ഇന്ത്യയുടെ കൂടുതൽ കപ്പലുകൾ രാജ്യത്ത് എത്തിക്കാൻ ശ്രമങ്ങൾ തുടരുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആഗോള സംഭവവികാസങ്ങൾ നിരീക്ഷിച്ച് ഉപഭോക്താക്കളുടെയും വ്യവസായ മേഖലയുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ നടപടി തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.
GULF
യുഎഇയില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടാവില്ല: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി
ദുബൈ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ: നിലവിലെ യുദ്ധ സാഹചര്യത്തില്‍ യുഎഇയില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടാവില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ വ്യക്തമാക്കി.
ദുബൈ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇയില്‍ ആശങ്കക്ക് വകയില്ലെന്ന് യൂസുഫലി പറഞ്ഞു. ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനകം തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നായി 108 വിമാനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. ഒപ്പം തന്നെ വില വര്‍ധനയില്ലാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുള്ളതായി യൂസുഫലി പറഞ്ഞു. യുഎഇ ഭരണാധികാരികള്‍ പ്രവാസി സമൂഹത്തോട് കാണിക്കുന്ന കരുതലും സ്നേഹവും പറഞ്ഞറിയിക്കാനാവാത്തവിധമാണ്.
യുഎഇയില്‍ ജീവിക്കുന്ന ഓരോരുത്തരും ഈ രാജ്യക്കാരെപ്പോലെത്തന്നെയാണെന്ന യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ പ്രഖ്യാപനം ഓരോ പ്രവാസിയെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ളതാണ്. വ്യാകുലരാവേണ്ട സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ല.
യുഎഇ ബിസിനസ് സംരംഭങ്ങള്‍ക്കും ജനങ്ങള്‍ക്കും എന്നും വലിയ ആത്മവിശ്വാസം നല്‍കുന്ന രാജ്യമാണെന്നും ആ വിശ്വാസം ശക്തമായി തുടരുകയാണെന്നും യൂസഫലി പറഞ്ഞു. രാജ്യത്തുടനീളം പുതിയ പദ്ധതികള്‍ ആരംഭിക്കാനും നിക്ഷേപം നടത്താനും ബിസിനസ് ലോകം മുന്നോട്ട് വരുന്നത് ഇതിന്റെ തെളിവാണ്. ആരോഗ്യ മേഖല ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇത്തരം സംരംഭങ്ങള്‍ ഗുണമേന്മയുള്ള ചികിത്സ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
kerala3 days ago‘ലോകത്ത് ഇസ്ലാമോഫോബിയയും മുസ്ലിം വിരോധവും ശക്തിപ്പെടുന്നു’; തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന് പാളയം ഇമാം
-
kerala3 days agoചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണു മരിച്ചു
-
News3 days agoറോഡില്‍ പൊലിയുന്ന സ്വപ്നങ്ങള്‍
-
kerala3 days agoആത്മീയതയുടെ സൗഹൃദനിലാവ്
-
kerala3 days agoമാനവ നന്മക്കായി നിലകൊള്ളുക: സാദിഖലി തങ്ങള്‍
-
News2 days agoതെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു
-
kerala2 days agoകാസര്‍കോട് ബിഎല്‍ഒ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം
-
kerala2 days agoസ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 2200 രൂപ കുറഞ്ഞു

