തിരുവനന്തപുരം: ഉത്സവ സീസണില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം. കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍.എന്‍ ചൗബേയാണ് ഇക്കാര്യത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയത്. പുതുതായി തുടങ്ങുന്ന കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍, കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിരക്കുവര്‍ധനയുടെ കാര്യം ചൗബേയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഉഭയകക്ഷി കരാര്‍ പ്രകാരമാണ് വിദേശ വിമാന കമ്പനികള്‍ക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്. ഓണം പോലെ തിരക്കുള്ള സീസണില്‍ നിശ്ചിത ദിവസത്തേക്ക് കൂടതല്‍ സീറ്റ് അനുവദിക്കുകയാണെങ്കില്‍ നിരക്ക് കുറക്കാന്‍ കഴിയുമെന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വ്യോമയാന സെക്രട്ടറി അറിയിച്ചു.
യാത്രക്കാരുടെ തിരക്ക് കൂടുമ്പോള്‍ നിരക്ക് വര്‍ധിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഒരുവിധ ന്യായീകരണവുമില്ല. പ്രവാസി മലയാളികളുടെ മുഖ്യ പരാതിയാണ് നിരക്കിലെ യുക്തിരഹിതമായ വര്‍ധന. യൂറോപ്പിലേക്കുള്ള നിരക്കിലും കൂടുതലാണ് ഗള്‍ഫിലേക്ക് ഈടാക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ജോ. സെക്രട്ടറി ഉഷാ പാഠി, ഡയരക്ടര്‍മാരായ ഡോ. ഷെഫാലി ജുനേജ, റുബീന അലി എന്നിവരും 20 എയര്‍ലൈന്‍ കമ്പനികളുടെ മേധാവികളും പങ്കെടുത്തു.