ന്യൂഡല്‍ഹി: ആം ആദ്മി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്രയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിതയും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. കപില്‍ മിശ്ര ഒരു വിശ്വാസ വഞ്ചകനാണ്. തന്റെ പ്രവര്‍ത്തികളുടെ പരിണിത ഫലം മിശ്ര തന്നെ അനുഭവിക്കേണ്ടി വരുമെന്നും സുനിത മുന്നറിയിപ്പ് നല്‍കി. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നു പറഞ്ഞ സുനിത കപില്‍ മിശ്രയെ പരിഹസിക്കുകയും ചെയ്തു.

മെയ് അഞ്ചിനു എപ്പോഴാണ് മിശ്ര വീട്ടില്‍ വന്നത്. ഞാനറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നുവെങ്കില്‍ ഒരു കപ്പ് ചായ ലഭിക്കുമായിരുന്നു. സുനിത ട്വീറ്റ് ചെയ്തു. പ്രകൃതിയുടെ നിയമം ഒരിക്കലും തെറ്റുകയില്ല. വഞ്ചനയുടെ വിത്തുകള്‍ വിതച്ചവര്‍ തന്നെ അതിന്റെ പ്രതിഫലങ്ങള്‍ കൊയ്യേണ്ടി വരും. അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം സുനിതയുടെ വിമര്‍ശനങ്ങള്‍ക്ക് കപില്‍ മിശ്ര ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി. സുനിതയ്ക്ക് ഭര്‍ത്താവിന്റെ വരുമാനം നഷ്ടപ്പെടുന്നതിലുള്ള ആശങ്കയാണുള്ളതെന്നും മിശ്ര പറഞ്ഞു. ആരോപണത്തിന്റെ പിന്നിലുള്ള സത്യത്തെകുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. മിശ്ര പറഞ്ഞു. മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര മുഖ്യമന്ത്രി കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിയ്ക്കും എതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി നേതൃത്വം സമര്‍പ്പിച്ചിട്ടുള്ള കണക്കുകള്‍ തെറ്റാണെന്നും കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും മിശ്ര ആരോപിച്ചിരുന്നു.