ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരിയുള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സീലിങ് ഫാന്‍ നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടനെ അഗ്‌നിശമന സേനയുടെ എട്ട് വാഹനങ്ങള്‍ അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് വീണതാണ് മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം എന്നാണ് സംശയം.

സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും കെട്ടിടത്തിന്റെ ഒരുഭാഗം പൊട്ടിത്തെറിയില്‍ തകര്‍ന്നിരുന്നു. കെട്ടിടത്തിലേക്കുള്ള വഴി വളരെ ഇടുങ്ങിയതായത് രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമായി. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഫാക്ടറി നടത്തിയതിന് ഉടമസ്ഥനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിസാരമായി പരിക്കേറ്റ 15 പേരെ അടുത്തുള്ള ആസ്പത്രികളിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.