Cricket

ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാതിരുന്നാല്‍ നഷ്ടം ഐസിസിക്ക്; പിന്മാറിയതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

By webdesk17

January 23, 2026

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് പിന്മാറി ബംഗ്ലാദേശ്. സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചത്. അതേസമയം വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്‌കരിച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം 24 മണിക്കൂറിനുള്ളില്‍ ഐസിസിയെ അറിയിക്കണമെന്നിരിക്കെയാണ് കഴിഞ്ഞ ദിവസം ലോകകപ്പ് ബഹിഷ്‌കരിക്കുകയാണെന്നും ഇന്ത്യയിലേക്കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചത്.

എന്നാല്‍ ടി20 ലോകകപ്പില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ (ഐസിസി) രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമീനുള്‍ ഇസ്ലാം. ഐസിസി ഇത്തരം നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ലെന്നും ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാതിരുന്നാല്‍ നഷ്ടം ഐസിസിക്ക് തന്നെയാണെന്നും അമീനുള്‍ ഇസ്ലാം ചൂണ്ടിക്കാട്ടി.

‘ടി20 ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ കളിക്കണമെന്ന ആവശ്യവുമായി ഐസിസിയെ സമീപിച്ചപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഒരു ആഗോള സംഘടനയ്ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ കഴിയില്ല. 200 മില്യണ്‍ ജനങ്ങള്‍ ഇനി ആ ലോകകപ്പ് കാണില്ല. ആ നഷ്ടം അവരുടേത് മാത്രമായിരിക്കും. ഐസിസി ശ്രീലങ്കയെ ‘കോ-ഹോസ്റ്റ്’ (സഹ ആതിഥേയര്‍) എന്നാണ് വിളിക്കുന്നത്. എന്നാല്‍ അവര്‍ സഹ ആതിഥേയരല്ല. ഇതൊരു ‘ഹൈബ്രിഡ് മോഡല്‍’ മാത്രമാണ്. ഐസിസി കൂടിക്കാഴ്ചയില്‍ ഞാന്‍ കേട്ട ചില കാര്യങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു’, അമീനുള്‍ ഇസ്ലാം പറഞ്ഞു.