Cricket

വിജയപ്രതീക്ഷയില്‍ ഇന്ത്യ; ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 ഇന്ന്

By webdesk17

December 28, 2025

ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന്. തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് രാത്രി ഏഴ് മണി മുതല്‍ ആരംഭിക്കും.

ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. വിജയം തുടര്‍ച്ച പ്രതീക്ഷിച്ചാണ് നാലാം മത്സരത്തിലും ഹര്‍മന്‍പ്രീത് കൗറും സംഘവും ഇറങ്ങുക. എന്നാല്‍ പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ ആശ്വാസ ജയം പ്രതീക്ഷിച്ചാണ് ശ്രീലങ്ക എത്തുന്നത്.

ദീപ്തി ശര്‍മയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീന്‍ഫീല്‍ഡ് ഇന്ത്യക്ക് വിജയം ഉറപ്പിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോമാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ ആശ്വാസം.

അതേസമയം ശ്രീലങ്കയെ വലയ്ക്കുന്നത് ബാറ്റിംഗ് നിരയുടെ പരാജയമാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 30-ന് കാര്യവട്ടത്ത് തന്നെ നടക്കും.

അന്താരാഷ്ട്ര ട്വന്റി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത വനിതാ താരമെന്ന റെക്കോര്‍ഡിന് അരികയാണ് ദീപ്തി ശര്‍മ. 151 വിക്കറ്റുമായി നിലവില്‍ ഓസ്‌ട്രേലിയന്‍ താരം മേഘന്‍ ഷൂട്ടുമായി റെക്കോര്‍ഡ് പങ്കിടുക്കുകയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍. പരമ്പര പിടിച്ചതോടെ ടീമില്‍ പരീക്ഷണങ്ങള്‍ക്കും ഇന്ത്യ മുതിര്‍ന്നേക്കും. ജി കമാലിനിക്ക് അരങ്ങേറ്റത്തിന് അവസരം കൊടുക്കുന്നതിനൊപ്പം ഹര്‍ലീന്‍ ഡിയോളും പ്ലെയിങ് ഇലവനില്‍ എത്തിയേക്കും.