Connect with us

News

ഇന്ത്യ–ന്യൂസിലാൻഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ ഓപ്പണറാകാൻ സാധ്യത

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക ഒരുക്കം കൂടിയാണ്.

Published

on

ഇന്ത്യ–ന്യൂസിലാൻഡ് ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി ഏഴ് മുതൽ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക ഒരുക്കം കൂടിയാണ്.

മലയാളി താരം സഞ്ജു സാംസൺ ഓപ്പണറും വിക്കറ്റ് കീപ്പറുമായി ടീമിലുണ്ടാകുമെന്നത് ആരാധകർക്ക് ഇരട്ടി ആവേശമാണ് നൽകുന്നത്. ടി20 ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യിൽ സഞ്ജു ഓപ്പണറായി ഇറങ്ങിയിരുന്നു. ലോകകപ്പ് സ്ക്വാഡിലുമുള്ള സഞ്ജുവിൽ ടീം വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്.

ഓപ്പണിംഗ് സ്ലോട്ടിൽ അഭിഷേക് ശർമ–സഞ്ജു സാംസൺ കൂട്ടുകെട്ടായിരിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.

മൂന്നാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇറങ്ങാനാണ് സാധ്യത. അടുത്ത കാലത്ത് ടി20 ഫോർമാറ്റിൽ സൂര്യയ്ക്ക് താളം കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും ലോകകപ്പ് അടുത്തിരിക്കെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തിലക് വർമ്മയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ശ്രേയസ് അയ്യർ ടീമിലെത്തിയത്. എന്നാൽ തിലകിന് പകരം ഇഷാൻ കിഷൻ കളിക്കുമെന്നാണ് സൂചന. ഇഷാൻ മൂന്നാം നമ്പറിൽ ഇറങ്ങിയാൽ സൂര്യ നാലിലേക്ക് മാറും.

അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യ. പരിക്കിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ഹാർദിക് തിരിച്ചെത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ടീമിന്റെ പ്രധാന കരുത്താണ് താരം. തുടർന്ന് ഫിനിഷറുടെ റോളിൽ റിങ്കു സിംഗ് ഉണ്ടാകും. ആവശ്യമെങ്കിൽ പന്തെറിയാനും റിങ്കുവിന് കഴിയും.

സ്പിൻ ഓൾറൗണ്ടറായി വൈസ് ക്യാപ്റ്റൻ അക്‌സർ പട്ടേൽ ടീമിലുണ്ടാകും. ബാറ്റിംഗിലും ബൗളിംഗിലും അക്‌സറിന്റെ സംഭാവന ഇന്ത്യയ്ക്ക് നിർണായകമാണ്. ശിവം ദുബെ എട്ടാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത. ബൗളർമാരെ അനായാസം ബൗണ്ടറി കടത്താനുള്ള കരുത്ത് ദുബെയുടെ പ്രത്യേകതയാണ്. രണ്ടോ മൂന്നോ ഓവറുകൾ എറിയാനും ദുബെയ്ക്ക് കഴിയും.

പേസ് ഓൾറൗണ്ടറായ ഹർഷിത് റാണ ടീമിൽ ഇടം പിടിക്കും. റൺസ് വഴങ്ങിയാലും വിക്കറ്റെടുക്കാൻ മികവ് തെളിയിച്ചിട്ടുള്ള റാണ, ബാറ്റിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ പേസ് ആക്രമണത്തിന് നേതൃത്വം നൽകുക ജസ്പ്രിത് ബുമ്ര ആയിരിക്കും. ലോകകപ്പ് അടുത്തിരിക്കെ ആത്മവിശ്വാസം വീണ്ടെടുക്കുക ബുമ്രയുടെ പ്രധാന ലക്ഷ്യമാണ്.

സ്പിൻ വിഭാഗത്തിൽ വരുൺ ചക്രവർത്തിയുടെ നാല് ഓവറുകൾ ഇന്ത്യയ്ക്ക് നിർണായകമാണ്. വിക്കറ്റെടുക്കാനും ഡോട്ട് ബോളുകൾ നൽകാനും ഒരുപോലെ മികവുള്ള വരുണ്‍ കളിക്കുമ്പോൾ കുൽദീപ് യാദവിന് സാധ്യതയില്ല.

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പ്രതികളുടെ ജാമ്യഹരജികളില്‍ ഇന്ന് വിധി പറയും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുക.

കേസുമായി തങ്ങള്‍ക്ക് നേരിട്ടൊരു ബന്ധവുമില്ലെന്നും ഭരണപരമായ തീരുമാനങ്ങള്‍ മാത്രം എടുത്ത് നടപ്പാക്കിയതാണെന്നും പത്മകുമാറും മുരാരി ബാബുവും കോടതിയെ അറിയിച്ചു. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയായതിനാല്‍ സ്വര്‍ണം മോഷ്ടിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു നാഗ ഗോവര്‍ദ്ധന്റെ വാദം.

അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട ജില്ലയില്‍ പ്രവേശനം വിലക്കുക, കേരളത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്, ആഴ്ചയില്‍ രണ്ട് പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചത്. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചാലും പോറ്റി ജയില്‍ മോചിതനാകില്ല.

അതേസമയം, തന്ത്രി കണ്ഠരര്‍ രാജീവര്‍ക്കായുള്ള എസ്ഐടിയുടെ കസ്റ്റഡി അപേക്ഷ നാളെ വിജിലന്‍സ് കോടതി പരിഗണിക്കും.

Continue Reading

india

വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; അസമില്‍ സംഘര്‍ഷം, ഇന്റര്‍നെറ്റ് നിയന്ത്രണം

അസമില്‍ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിച്ചതിനു പിന്നാലെ രണ്ട് മരണം.

Published

on

അസമില്‍ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിച്ചതിനു പിന്നാലെ രണ്ട് മരണം. നാല് പേര്‍ക്ക് പരിക്കെന്നും റിപ്പോര്‍ട്ട്. ആദിവാസി വിഭാഗത്തിലുള്ളവരുടെ നേര്‍ക്ക് ബോഡോ വിഭാഗക്കാര്‍ വാഹനം ഓടിച്ച് കയറ്റിയതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. കാര്‍ ഓടിച്ചിരുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയതായാണ് വിവരം. ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

കൊക്രജാര്‍, ചിരാങ് ജിലകളിലാണ് സംഭവം. അക്രമികള്‍ കരിഗാവ് പോലീസ് ഔട്ട്‌പോസ്റ്റ് ഉപരോധികുകയും വീടുകളും ഓഫീസുകളും തീയിടുകയും ചെയ്തു. സംഘര്‍ഷം കലാപമായി മാറിയതോടെ രണ്ട് ജില്ലകളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. സുരക്ഷ സേനയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സ്ഥിതി നിയന്ത്രിതമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ 19 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ബോഡോ വിഭാഗക്കാരും ആദിവാസി വിഭാഗക്കാരും നിരവധി വീടുകള്‍ക്ക് തീയിട്ടുവെന്നാണ് പൊലീസ് പറയുന്നത്.

 

 

Continue Reading

kerala

പൊലീസുകാരുടെ ലഹരിക്കച്ചവടം; രണ്ട് സിപിഒമാര്‍ക്ക് സസ്‌പെന്‍ഷന്‍, അന്വേഷണം

തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സിപിഒമാരായ അഭിന്‍ജിത്, രാഹുല്‍ എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്.

Published

on

തിരുവന്തപുരം: ലഹരിമരുന്ന് കച്ചവടം നടത്തിയ രണ്ട് പൊലീസുകാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സിപിഒമാരായ അഭിന്‍ജിത്, രാഹുല്‍ എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം നാര്‍ക്കോട്ടിക്‌സ് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാര്‍ ലഹരിക്കച്ചവടം നടത്തുന്നതായി കണ്ടെത്തിയത്. ഇരുവരും ലഹരി ഉപയോഗിക്കുന്നതായും കണ്ടെത്തി. ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ റിപ്പോര്‍ട്ട് കൈമാറുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താനും ഉത്തരവുണ്ട്.

രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്നാണ് നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പി ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ പിന്തുടരവെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്.

നാര്‍ക്കോടിക് സെല്ലിന്റെയും മറ്റും പ്രധാന കണ്ടെത്തലുകളും മറ്റും വയര്‍ലെസ് സെറ്റുകള്‍ വഴി കണ്‍ട്രോള്‍ റൂമിലിരിക്കുന്ന അഭിന്‍ജിതിനും രാഹുലിനും അറിയാന്‍ കഴിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ലഹരി മാഫിയകള്‍ക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending