സെനഗല്‍ 2 ജപ്പാന്‍ 2

 

തുല്യശക്തികള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കാണുന്നത് അതും നമുക്ക് പ്രത്യേകിച്ച് ഒരു ടീമിനോടും വിരോധമില്ലെങ്കില്‍ ആശ്വാസകരവും ആസ്വാദ്യവുമായ അവസ്ഥയാണ്. കൊളംബിയയെ അട്ടിമറിച്ച് ജപ്പാനും പോളണ്ടിനെ കുത്തിമലര്‍ത്തി സെനഗലും ഗ്രൂപ്പ് എച്ചില്‍ മൂന്ന് പോയിന്റ് സമ്പാദിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ആര് ജയിച്ചാലും തോറ്റാലും ഇനി ഒന്നും ആയില്ലെങ്കില്‍ പോലും കളികാണുന്ന നമുക്കൊരു നഷ്ടവുമില്ലാത്ത മത്സരം. 2002 ലോകകപ്പില്‍ അര്‍ജന്റീനയെയും ഫ്രാന്‍സിനെയും പറ്റി എന്‍.എസ് മാധവന്‍ എഴുതിയതു പോലെ ഹൃദയം സെനഗലിനും തലച്ചോര്‍ ജപ്പാനും കൊടുത്ത് ഞാന്‍ കളികാണാന്‍ തുടങ്ങി. തുല്യശക്തി മാത്രമല്ല ഇരുകൂട്ടര്‍ക്കും തുല്യദൗര്‍ബല്യം കൂടിയാണെന്ന് മനസ്സിലായി; രണ്ടുതവണ മുന്നിലെത്തിയിട്ടും സെനഗലിന് അത് സംരക്ഷിക്കാന്‍ കഴിയാതിരുന്നതും ജപ്പാന് പൊരുതിക്കയറാന്‍ കഴിഞ്ഞതും ഈ ശക്തിദൗര്‍ബല്യങ്ങള്‍ കൊണ്ടുതന്നെ.

വന്‍കിട ടീമുകളുടേത് പോലെ സങ്കീര്‍ണവും വിദഗ്ധവുമായ ഗെയിംപ്ലാനുകളായിരുന്നില്ല ഇരുടീമുകളുടേതും. പരസ്പരമുള്ള പ്ലസ്‌മൈനസ്സുകള്‍ ഏറെക്കുറെ അറിയാവുന്നതിനാല്‍ ആക്രമിക്കുക, പ്രതിരോധിക്കുക എന്ന നയം തങ്ങളുടെ കൈവശമുള്ള വിഭവങ്ങളുപയോഗിച്ച് എങ്ങനെ നടപ്പാക്കാമെന്നതിനാണ് കോച്ചുമാര്‍ ഊന്നല്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ഇരുബോക്‌സുകളിലും ഉദ്വേഗജനകമായ നിമിഷങ്ങളും പിഴവുകളും ഭാഗ്യനിര്‍ഭാഗ്യങ്ങളമെല്ലാം മാറിമാറി വന്നു.

പ്രതിരോധത്തിലെ ദൗര്‍ബല്യം ജപ്പാന്‍ ആക്രമണത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന ധാരണയില്‍ നാല് ഡിഫന്റര്‍മാര്‍ക്കു പുറമെ വിത്ത്ഡ്രവിങ് റോളില്‍ ഒരാളെ കൂടി നിര്‍ത്തിയാണ് സെനഗല്‍ കോച്ച് സിസ്സെ ടീമിനെ ഇറക്കിയത്. ഒറ്റക്ക് ആക്രമിക്കുന്ന കൂറ്റന്‍ മനുഷ്യനായ നിയാങിനു പിന്നില്‍ നാല് മിഡ്ഫീല്‍ഡര്‍മാര്‍. ജപ്പാന്‍ ബോക്‌സിലേക്ക് പന്തെത്തിക്കുകയായിരുന്നു എല്ലാവരുടെയും ദൗത്യം. ജപ്പാന്‍ കോച്ച് നിഷിനോ ആകട്ടെ, കൊളംബിയക്കെതിരെ വിജയകരമായി പരീക്ഷിച്ച 4231 നെ അവലംബിച്ചു. ഡീപ് റോളിലുള്ള ഹസിബിയും ഷിബസാക്കിയും ഡിഫന്‍സിലെ പോരായ്മ പരിഹരിക്കാന്‍ വേണ്ടിക്കൂടി നിയുക്തരായിരുന്നു.

ഉയരക്കാരും കരുത്തരുമായ ആഫ്രിക്കക്കാര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ സ്റ്റാമിന കൊണ്ടും വേഗത കൊണ്ടും നേരിടുന്ന ജപ്പാനികള്‍, തങ്ങള്‍ ഒരുതരത്തിലും പോരാത്തവരല്ല എന്ന തീരുമാനത്തിലാണ് കളിച്ചത്. മധ്യവരക്കു ചുറ്റും സമയംകളയുന്നതിനു പകരം ഹൈബോളുകളും ലോങ്‌ബോളുകളുമായി എതിര്‍ബോക്‌സിലേക്ക് ഇരച്ചുകയറുക എന്നതായിരുന്നു അവരുടെ തന്ത്രം. അതിലവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. 11ാം മിനുട്ടില്‍ ആദ്യഗോള്‍ വന്നത് പക്ഷേ, ഭയപ്പെട്ടിരുന്നതു പോലെ തന്നെ ജപ്പാന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ്. വലതുവശത്ത് ഓവര്‍ലാപ്പ് ചെയ്തുകയറിയ സെനഗല്‍ വിങ്ബാക്ക് മൂസാ വാഗെ ജപ്പാന്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കുമ്പോള്‍ അതിലൊരു ഗോള്‍സൂചന ഉണ്ടായിരുന്നില്ല. പക്ഷേ, പിന്നിലേക്കിറങ്ങി പന്ത് ഹെഡ്ഡ് ചെയ്‌തൊഴിവാക്കാനുള്ള ഹരാഗുച്ചിയുടെ ശ്രമം ദയനീയമായി പരാജയപ്പെടുകയും ബോക്‌സില്‍ തന്നെ സെനഗല്‍ താരത്തിന്റെ കാലില്‍ചെന്നുവീഴുകയും ചെയ്തു. മൂന്ന് പ്രതിരോധക്കാര്‍ മുന്നില്‍ നില്‍ക്കെയാണ് അയാള്‍ ഭാഗ്യം പരീക്ഷിച്ചത്. ഗോള്‍കീപ്പര്‍ക്ക് അത് കുത്തിയൊഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ, സദിയോ മാനെ എന്ന അപകടകാരി മാര്‍ക്ക് ചെയ്യപ്പെടാതെ കൃത്യസ്ഥലത്തുണ്ടായിരുന്നു. ഗോള്‍ വീഴുമ്പോള്‍ ബോക്‌സിലെ ജാപ്പനീസ് സെനഗലീസ് അനുപാതം 8:4 ആയിരുന്നു എന്നോര്‍ക്കണം.

തുടക്കത്തിലേ വീണ ഗോളില്‍ നിന്ന് കരകയറാന്‍ ജപ്പാന്‍ നടത്തിയ പോരാട്ടത്തെ സമ്മതിക്കണം. മത്സരത്തെ ഒറ്റഗോളില്‍ കൊന്നുകളയുന്നതിനെപ്പറ്റി ആലോചിക്കാന്‍ പോലും അവര്‍ സെനഗലിനെ അനുവദിച്ചില്ല. സ്വന്തം ഹാഫില്‍ നിന്ന് റൈറ്റ് വിങ്ബാക്ക് ആയ സകായ് ഉയര്‍ത്തിവിട്ട പന്ത് ബോക്‌സില്‍ താഴെയിറക്കുന്നത് ലെഫ്റ്റ് വിങ്ബാക്ക് നഗട്ടോമോ ആണ്. അയാളുടെ സെക്കന്റ് ടച്ച് പൂര്‍ണമായില്ലെങ്കിലും തകാഷി ഇന്‍യിക്കുള്ള മികച്ചൊരു പാസായി അത് പരിണമിച്ചു. ഇടതുവിങില്‍ സജീവമായി കളിച്ച് എതിര്‍പ്രതിരോധത്തിന് തലവേദനയുണ്ടാക്കിയ ഇന്‍യിയുടെ ഫിനിഷിങ് ഒന്നാന്തരമായിരുന്നു. രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ അയാള്‍ ഫാര്‍പോസ്റ്റിലേക്ക് വളച്ചിറക്കിയ പന്ത് അവസാന നിമിഷമേ ഗോളിക്ക് കാണാനായുള്ളൂ. അയാള്‍ ഡൈവ് ചെയ്തപ്പോഴേക്ക് പന്ത് വലകുലുക്കി.

അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നഷ്ടപ്പെടുത്തുന്നതിലും ഇരുകൂട്ടരും മത്സരിച്ചു. ഒന്ന് കാല്‍വെച്ചു കൊടുക്കുകയോ അല്‍പം സാവകാശം പുലര്‍ത്തുകയോ ചെയ്തിരുന്നെങ്കില്‍ ഗോളടിക്കാന്‍ കഴിയുമായിരുന്ന അവസരങ്ങള്‍ രണ്ട് ടീമും തുലച്ചു. സ്‌െ്രെടക്കര്‍ ഒസാക്കോ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ താഴ്ന്നുവന്ന ക്രോസില്‍ കാല്‍വെക്കാന്‍ വൈകിയതും ഇന്‍യിയുടെ ഷോട്ട ക്രോസ്ബാറില്‍ തട്ടിമടങ്ങിയതും ജപ്പാന്റെ വലിയ ദൗര്‍ഭാഗ്യങ്ങളായി. ക്ലോസ്‌റേഞ്ചില്‍ നിന്നുള്ള ചാന്‍സ് നിയാങും മിസ്സാക്കി.

ലോങ്‌ബോളുകളും വലതുവശത്തുകൂടിയുള്ള നീക്കങ്ങളുമായിരുന്നു സെനഗലിന്റെ ആക്രമണരീതി. വലതു മിഡ്ഫീല്‍ഡറായി നിയോഗിക്കപ്പെട്ട സദിയോ മാനെ പന്തെത്തുന്ന എല്ലായിടത്തുമുണ്ടായിരുന്നതിനാല്‍ സെനഗലിന്റെ ആക്രമണങ്ങള്‍ക്ക്, അവ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും, കൂടുതല്‍ മൂര്‍ച്ചയുണ്ടായിരുന്നു. വലതുവിങില്‍ കുതിച്ചോടുന്ന ഇസ്മായില സാറും സ്‌െ്രെടക്കര്‍ നിയാങുമായിരുന്നു സ്ഥിരം ഭീഷണി.

പക്ഷേ, അവരുടെ രണ്ടാം ഗോള്‍ വന്നത് സാനെയുടെ തട്ടകമായ ഇടതുവശത്തു നിന്നായിരുന്നു. അതാണെങ്കില്‍ ഒരു ഒന്നൊന്നര ടീം ഗോളുമായിരുന്നു. മാനെ നല്‍കിയ പന്ത് സ്വീകരിച്ച യൂസുഫ് സബാലി പന്തുമായി ഒന്ന് തിരിഞ്ഞ് ഡിഫന്ററെ വെട്ടിയൊഴിയുന്നു. എന്നിട്ട് പന്ത് ഗോള്‍വരക്ക് കുറുകെ ഇന്നര്‍ ബോക്‌സിലേക്ക് നല്‍കുന്നു. പന്ത് സ്വീകരിക്കാവുന്ന സ്ഥിതിയിലല്ലെങ്കിലും നിയാങ് പിന്‍കാല്‍ കൊണ്ട് ഒന്നു ടച്ച് ചെയ്യുന്നു. 19കാരന്‍ മൂസ വാഗ് ഓടിയെത്തി പന്ത് വലയിലേക്ക് അടിച്ചുകയറ്റുന്നു. ഒരു ഡിഫന്ററും സ്‌െ്രെടക്കറും രണ്ട് മിഡ്ഫീല്‍ഡര്‍മാരും പങ്കെടുത്ത ആ ആക്രമണം ചെറുക്കാന്‍ ജപ്പാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഹോള്‍ഡറായ ആല്‍ഫ്രഡ് എന്‍ഡിയായെ മാറ്റി ആക്രമണ സ്വഭാവമുള്ള ഷെയ്ഖ് കുയാത്തെയെ കളത്തിലിറക്കിയതു മുതല്‍ സെനഗല്‍ നേടുമെന്ന് തോന്നിച്ച ഗോളായിരുന്നു അത്.

എന്നിട്ടും സാമുറായ്കള്‍ തോറ്റില്ല. ഷിന്‍ജി കാഗവക്ക് പകരം കെയ്‌സുക്കെ ഹോണ്ടയും ഹരാഗുച്ചിക്കു പകരം ഓകസാക്കിയും വന്നതോടെ അവര്‍ സമനില ഗോളിനായി ആഞ്ഞുപൊരുതി. മൈതാനത്തിറങ്ങി ആറ് മിനുട്ടിനുള്ളില്‍ ഹോണ്ട ലക്ഷ്യം കണ്ടു. ഡിഫന്‍സിലെ അലസതക്ക് സെനഗല്‍ വന്‍വില നല്‍കേണ്ടി വന്ന നിമിഷം. ബോക്‌സിനു പുറത്തുനിന്ന് ഒസാകോ ചിപ്പ് ചെയ്ത് ഉയര്‍ത്തിവിട്ട പന്ത് മൂന്ന് സെനഗലുകാര്‍ക്കും കീപ്പര്‍ക്കും പിടികൊടുക്കാതെ വലതുവശത്തേക്ക് ഊരിയിറങ്ങുന്നു. പിന്നില്‍ നിന്ന് ഓടിയെത്തിയ ഇന്‍വി ഡിഫന്റര്‍മാര്‍ തീര്‍ത്ത ഇടനാഴിയിലൂടെയാണ് പന്ത് ഗോള്‍മുഖത്തേക്ക് പാസ് ചെയ്തത്. ഗോള്‍കീപ്പര്‍ വീണുകിടക്കുകയായിരുന്നെങ്കിലും ക്ലിയര്‍ ചെയ്യാനുള്ള അവസരം ഡിഫന്റര്‍മാര്‍ക്കുണ്ടായിരുന്നു. എന്നിട്ടും ഏറ്റവും അപകടകരമായ പൊസിഷനില്‍ ഹോണ്ടക്ക് പന്തുകിട്ടി. അത് ഗോളാക്കാന്‍ അയാള്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല.

22 ആയിട്ടും ഇരുടീമുകളും സമനില കൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ചാണ് പിന്നീടും കളിച്ചത്. അത കളിയെ അന്തിമ വിസില്‍ വരെ ആവേശകരമാക്കി മാറ്റി. ഈ മത്സരത്തില്‍ മൂന്നു പോയിന്റ് ലഭിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം എന്നതായിരിക്കണം അവരെ അതിനു പ്രേരിപ്പിച്ച ഘടകം. പക്ഷേ, സ്‌കോര്‍ലൈന്‍ കല്‍യോട് പൂര്‍ണ നീതി പുലര്‍ത്തുന്നതായിരുന്നു.