പേരാവൂര്‍: പുലി ഭീതി ഒഴിയാതെ കണ്ണൂരിലെ കോളയാട് ജനവാസ കേന്ദ്രം. പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കോളയാട് പുന്നപ്പാലത്തെ പാണ്ടി മാക്കല്‍ ബിജുവിനാണ് വീണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ച 5.30 ത്തോടെ പുത്തലം ചാലിക്കുന്നില്‍ റബര്‍ ടാപ്പിങ്ങിനെത്തിയപ്പോഴാണ് ബിജു പുലിയെ കണ്ട് പേടിച്ചൊടിയത്.
മേലഖയില്‍ നേരത്തെ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികള്‍ അറിയിച്ചെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. വനംപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കാട്ടുപൂച്ചയാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കുനിത്തല വായന്നൂര്‍ റോഡില്‍ മണ്ഡപത്തിന് സമീപം പാതി ഭക്ഷിച്ച നിലയില്‍ തെരുവുനായുടെ ജഡം കണ്ടെത്തിയിരുന്നു. പുലി തെരുവുനായെ പിന്തുടരുന്നതിനിടെയാണ് ബിജു പുലിയുടെ മുന്നില്‍പ്പെട്ടത്.
പേടിച്ച് ഓടിയ ബിജു പ്രദേശവാസിയായ ബാബുവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. പുലി ഭീതി ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്ത് എത്തിയ വനപാലകര്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു.