india

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്രം; പാര്‍ട്ടി പിളര്‍ത്തുമെന്ന സൂചന നല്‍കി യെദ്യൂരപ്പ

By web desk 1

May 25, 2021

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി തുടരുന്ന യെദ്യൂരപ്പയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്ര നീക്കം. നേതൃമാറ്റത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ധാരണയായി. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയെ മുഖ്യമന്ത്രിയാക്കും എന്നാണ് സൂചന.

കോവിഡ് അടക്കമുള്ള കാര്യങ്ങളില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു. കൂടാതെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന തിരിച്ചുവരവും കേന്ദ്ര നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയെ നീക്കാന്‍ ശ്രമം നടത്തുന്നത്. അധികാരം ഒഴിയാന്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായല്ല അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി പിളര്‍ത്തും എന്ന് സൂചിപ്പിക്കുന്ന വിധത്തിലടക്കമാണ് യെദ്യൂയൂരപ്പയുടെ മറുപടി.

അമിത് ഷാ അടക്കമുള്ള നേതാക്കള്‍ യെദ്യൂയൂരപ്പയോട് സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ദേശിച്ചു എന്നാണ് വിവരം. മന്ത്രിമാരായ ഡോ. കെ സുധാകര്‍, ബയരതി ബസവരാജ്, അശ്ലീല സിഡി വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.