തിരുവനന്തപുരം: അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 50 കോടി രൂപ. പബ്ലിക് റിലേഷന്‍സ് വകുപ്പുവഴി നല്‍കിയ പരസ്യചെലവിന്റെ മാത്രം കണക്കാണിത്. സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയത് 1.91 കോടി രൂപയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് സര്‍ക്കാരിന്റെ പരസ്യധൂര്‍ത്ത് പുറത്തായത്.
മുഖ്യമന്ത്രിയുടേത് ഉള്‍പെടയുള്ള വകുപ്പുകളുടെ പരസ്യത്തിനും പ്രചരണത്തിനുമായി 50.07 കോടി രൂപയാണ് ഇതുവരെ ചിലവിട്ടത്. പത്ര-ദൃശ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ വഴിയുള്ള പരസ്യങ്ങള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പ്രചരണത്തിനുമാണ് ഇത്രയേറെ തുക ചിലവാക്കിയത്. മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കേ വന്‍തുകയാവും ഇനിയുള്ള ദിവസങ്ങളിലും പരസ്യപ്രചരണത്തിനായി ചിലവിടുകയെന്നാണ് സൂചന. ഈ വര്‍ഷം ജനുവരി 31വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 2.09 ലക്ഷം കോടിയാണ്. ആളോഹരി കടബാധ്യത 60,950 രൂപയും. നിത്യചലവുകള്‍ക്കുപോലും പണമില്ലാതെ ശമ്പളവും സാമൂഹികസുരക്ഷ പെന്‍ഷനുകളുംവരെ മുടങ്ങുന്നതിനിെടയാണ് പരസ്യയിനത്തില്‍ ഇത്രയധികം തുക ചെലവഴിച്ചിരിക്കുന്നത്.
മന്ത്രിമാരുടെ വീട് മോടി പിടിപ്പിച്ചതിന് വന്‍തുക ചെലവഴിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികള്‍ മോടിപിടിപ്പിക്കാനുള്ള മരാമത്തുപണികള്‍ക്ക് ചെലവഴിച്ചത് 82,35,743 രൂപയാണ്. എം.എം മണിയാണ് ഈ ഇനത്തില്‍ പണം ചെലവഴിക്കാത്ത ഏക മന്ത്രി. മന്ത്രിമന്ദിര അറ്റകുറ്റപ്പണിക്ക് 13,18,937 രൂപ ചെലവഴിച്ച മുന്‍ വ്യവസായമന്ത്രി ഇ.പി ജയരാജനാണ് ഇക്കാര്യത്തില്‍ മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തൈക്കാട് ഹൗസ് മോടികൂട്ടാന്‍ ചെലവിട്ടത് 12,42,671 രൂപയാണ്. ക്ലിഫ് ഹൗസിന് 9,56,871 രൂപ ചെലവഴിച്ച മുഖ്യമന്ത്രിയാണ് മൂന്നാം സ്ഥാനത്ത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഏറ്റവും കുറച്ച് തുക ചെലവഴിച്ചത്-33,000 രൂപ.