kerala

സ്മിജിയെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആക്കിയത് ലീഗിന്റെ രാഷ്ട്രീയ സൗന്ദര്യത്തിന്റെ ഉദാഹരണം; പി.കെ നവാസ്

By webdesk17

December 27, 2025

എം.പി സ്മിജിയെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആക്കിയത് ലീഗിന്റെ രാഷ്ട്രീയ സൗന്ദര്യത്തിന്റെ ഇന്നിന്റെ ഉദാഹരണമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. മലബാറിലെ കോളറ കാലത്ത് പിതാവും മാതാവും നഷ്ടപ്പെട്ട കെ.പി രാമന്‍ എന്ന കുട്ടിയെ ദത്തെടുത്ത എംകെ ഹാജിയുടെ ചരിത്രം ഈ ഘട്ടത്തില്‍ സിപിഎമ്മുകാരുടെ രാഷ്ട്രീയ വായനകളിലേക്ക് വെക്കുകയാണെന്നും പി കെ നവാസ് ഓര്‍മ്മിപ്പിച്ചു. തിരൂരങ്ങാടി യതീംഖാനയില്‍ എം.കെ ഹാജിയുടെ മകനായി വളര്‍ന്ന കെ.പി രാമന്‍ മാസ്റ്റര്‍ തികഞ്ഞ വിശ്വാസിയായി ജീവിച്ചു. പഠന ശേഷം പഠിച്ച സ്‌കൂളില്‍ തന്നെ എംകെ ഹാജി അധ്യാപകനായി നിയമിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് അധ്യാപകര്‍ വരുന്നത് വളരെ വിരളമായ കാലം എന്നുമാത്രമല്ല ഏറ്റവും കൂടുതല്‍ മുസ്ലിം വിദ്യാര്‍ത്ഥികളും മുന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളും പഠിച്ചിരുന്ന കാലത്താണ് ആ നിയമനം നടന്നത്. കേരളത്തിന്റെ അനവധി അധികാര ഗോപുരങ്ങളിലേക്ക് അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും പി കെ നവാസ് പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംവരണം എന്ന ആശയം നടപ്പിലാക്കുന്നതിനും മുന്നേ ജനറല്‍ സീറ്റില്‍ മത്സരിപ്പിച്ച് വേങ്ങര പഞ്ചായത്തില്‍ ജനറല്‍ സീറ്റില്‍ തന്നെ രാമന്‍ മാസ്റ്ററെ പ്രസിഡന്റായി അന്ന് ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ഭരിക്കുമ്പോള്‍ കേരളത്തിലെ പി.എസ്.സി ബോര്‍ഡിലേക്ക് നിയമിച്ചു, പിന്നീട് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ നിലകള്‍ മാത്രമല്ല പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പാര്‍ട്ടിയുടെ അധ്യാപക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. കുന്ദമംഗലം എന്ന പാര്‍ട്ടിയുടെ ജനറല്‍ നിയമസഭാ സീറ്റില്‍ മത്സരിച്ച നേതാവാണ് യു.സി രാമന്‍. വയനാട് ജില്ലയിലെ പനമരം പഞ്ചായത്ത് ജനറല്‍ പ്രസിഡന്റ് സീറ്റിലേക്ക് മുസ്ലിം ലീഗ് തിരഞ്ഞെടുത്തത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ലക്ഷ്മി ആലക്കാമുറ്റത്തെയാണ്. തിരഞ്ഞെടുപ്പില്‍ സംവരണം വരുന്നതിനും മുമ്പേ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തില്‍ നിന്ന് അധികാര രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന അനേകം പാരമ്പര്യങ്ങള്‍ തിളങ്ങിനില്‍ക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്നും പി കെ നവാസ് പറഞ്ഞു.

എ.പി സ്മിജി ഈ പരമ്പര്യത്തിന്റെ ഇന്നിന്റെ ഉദാഹരണം മാത്രമാണെന്നും രാജ്യത്തിന്റെ ഭരണഘടനാ അസംബ്ലിയില്‍ രണ്ട് തവണ തോല്‍വി ഏറ്റുവാങ്ങിയ ബി.ആര്‍ അംബേദ്കറെ മുസ്ലിം ലീഗ് സീറ്റില്‍ വിജയിപ്പിച്ചാണ് രാജ്യത്തിന് ഭരണഘടനയുണ്ടാക്കാന്‍ ഞങ്ങളയച്ചതെന്നും അദ്ദേഹം പറഞ്ഞു. അവകാശങ്ങള്‍ക്കായുള്ള ചെറുത്തുനില്‍പ്പിന്റെ ഈ രാഷ്ട്രീയ സൗന്ദര്യം ഇതുപോലെ ഒരുപാട് രാഷ്ട്രീയ മാതൃകകളെ കാഴ്ചവെക്കും. അതിനാല്‍ സി.പി.എമ്മുകാരുടെ അഭിനന്ദങ്ങള്‍ക്ക് നന്ദിയെന്നും അതിലെ ഉപദേശങ്ങള്‍ക്ക് ഈ ചരിത്രമാണ് മറുപടിയെന്നും പി കെ നവാസ് വ്യക്തമാക്കി.