ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാഈല്‍ സന്ദര്‍ശിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ഫലസ്തീന്‍ ജനതയെ പൂര്‍ണ്ണമായും കൈവിട്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് കപടമായ പ്രസ്താവനകള്‍ മാത്രമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. വാസ്തവത്തില്‍ ആ ലക്ഷ്യത്തെ അവര്‍ ഉപേക്ഷിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആയിരക്കണക്കിന് ഫലസ്തീനികളെ കുടിയിറക്കുന്നത് രൂക്ഷമാവുകയും ലോകമെമ്പാടും ഇത് അപലപിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മോദിയുടെ ഈ യാത്രയെന്ന് ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു.
ഇസ്രാഈലും യു.എസും ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിടുന്ന അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ ആലിംഗനം ചെയ്യാനാണ് പ്രധാനമന്ത്രി പോകുന്നത്. സന്ദര്‍ശനത്തിന് പിന്നില്‍ അദാനി ഗ്രൂപ്പുമായുള്ള സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ടെന്ന് ‘മൊദാനി’ പരാമര്‍ശത്തിലൂടെ ജയറാം ആരോപിച്ചു.
ഇസ്രാഈല്‍ പാര്‍ലമെന്റിലെ (നെസെറ്റ്) മോദിയുടെ പ്രസംഗം അവിടുത്തെ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 25-നാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ഔദ്യോഗിക ഇസ്രാഈല്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. സന്ദര്‍ശനത്തിനിടയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ഐസാക് ഹെര്‍സോഗ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.