india

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നീക്കം; മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുന്നു

By sreenitha

January 13, 2026

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭേദഗതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വൈകാതെ സംസ്ഥാനതല ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നാണ് വിവരം.

സമീപകാലത്ത് ഇന്ത്യന്‍ റോഡുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങളുടെ എണ്ണം ആശങ്കാജനകമായി ഉയര്‍ന്നതോടെയാണ് നിയമഭേദഗതിയിലേക്ക് സര്‍ക്കാര്‍ കടന്നത്. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തില്‍, ഒരു ആഴ്ചയില്‍ മാത്രം നിരത്തിലിറങ്ങുന്ന മൊത്തം വാഹനങ്ങളുടെ 56 ശതമാനവും ഇന്‍ഷുറന്‍സില്ലാത്തതാണെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു.

നിലവിലെ നിയമപ്രകാരം പെര്‍മിറ്റില്ലാത്തതോ രജിസ്ട്രേഷനില്ലാത്തതോ ആയ വാഹനങ്ങള്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിക്കാനാവുക. എന്നാല്‍ പുതിയ ഭേദഗതിയിലൂടെ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്കെതിരെയും നേരിട്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരം ലഭിക്കും. ഇതുവഴി ഒരു മില്യണിലധികം ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങളെ റോഡുകളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.

ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇന്‍ഷുറന്‍സില്ലാതെ നിരത്തിലിറക്കുന്നവയില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ്. നിലവില്‍ ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതാണ് പതിപ്പ്. ആദ്യ കുറ്റത്തിന് 2000 രൂപയും, ആവര്‍ത്തിച്ചാല്‍ 4000 രൂപ പിഴയും മൂന്ന് മാസം വരെ തടവുശിക്ഷയുമാണ് നിലവിലെ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ ശിക്ഷാനടപടികളില്‍ കൂടുതല്‍ കര്‍ശനത കൊണ്ടുവരുന്നതാണ് നിര്‍ദ്ദേശിക്കുന്ന ഭേദഗതി.