india

നാഗൂർ ഹനീഫ മതസൗഹാർദ്ദത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും മാതൃക: എം.കെ. സ്റ്റാലിൻ

By webdesk18

December 25, 2025

ചെന്നൈ: ഗായകൻ നാഗൂർ ഹനീഫ മതസൗഹാർദ്ദത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും ഉത്തമ മാതൃകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഹനീഫയുടെ ഗാനങ്ങളെ ഒരു സമുദായത്തിന്റെ പരിധിയിൽ ഒതുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാഗൂർ ഹനീഫയുടെ നൂറാം ജന്മവാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ഹനീഫയെ ഒരു സമുദായത്തിന്റെ ആളായി കാണാൻ ഒരിക്കലും കഴിയില്ല. അദ്ദേഹം ഈ സംസ്ഥാനത്തിന്റെ മൊത്തം സ്വത്താണ്. അദ്ദേഹത്തിന്റെ ശബ്ദം എല്ലാ മതവിഭാഗങ്ങളിലെയും ജനങ്ങളിലേക്കെത്തി. പൊതുജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയായിരുന്നു ഹനീഫ. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ ജാതിമതഭേദമില്ലാതെ മനുഷ്യ മനസ്സുകളിൽ ജീവിക്കുന്നു,’ സ്റ്റാലിൻ പറഞ്ഞു.

നാഗൂർ ഹനീഫ ഡി.എം.കെ.യുടെ ന്യൂനപക്ഷ മുഖവും മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ഉറ്റ സുഹൃത്തുമായിരുന്നുവെന്നും സ്റ്റാലിൻ അനുസ്മരിച്ചു. സംസ്കാരം, കല, രാഷ്ട്രീയം എന്നിവ ചേർന്ന് സാമൂഹ്യ നീതി, സമത്വം, മതസൗഹാർദ്ദം എന്നിവക്ക് എങ്ങനെ സഹായകമാകാമെന്ന് ഹനീഫയുടെ ദ്രാവിഡ മുന്നേറ്റവുമായുള്ള ബന്ധം വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുപ്പം മുതൽ തന്നെ ദ്രാവിഡ മുന്നേറ്റവുമായി സഹകരിച്ച ഹനീഫ, ജീവിതാവസാനം വരെ അതിനോടുള്ള തന്റെ അർപ്പണം തുടർന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിന്റെ രാഷ്ട്രീയ പാരമ്പര്യം എക്കാലവും മതപരമായ വേർതിരിവുകൾക്ക് എതിരായിരുന്നുവെന്നും, അതേ നിലപാടാണ് ഹനീഫ തന്റെ ജീവിതമുഴുവൻ പിന്തുടർന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.