നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നിവിന്‍പോളി നായകനാവുന്നു. ഗീതുമോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഫേസ്ബുക്കിലൂടെയാണ് തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗീതുമോഹന്‍ദാസ് എത്തിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഗീതു പങ്കുവെച്ചിട്ടുണ്ട്.

ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന സിനിമക്ക് ‘ഇന്‍ഷാ അള്ളാ’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. ചിത്രത്തില്‍ മലയാളത്തിലും ഹിന്ദിയിലും സംഭാഷണങ്ങള്‍ ഉണ്ടാവും. ഹിന്ദിയിലെ ഡയലോഗുകള്‍ എഴുതുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് സിനിമയുടെ പ്രമേയം.

അജിത്കുമാര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. ‘ലയേഴ്‌സ് ഡൈസി’ന് ശേഷം ഗീതുമോഹന്‍ദാസ് ചെയ്യുന്ന മലയാള ചിത്രമാണിത്.