Culture
കെ.എസ്.ടി.യു മുന്‍ സംസ്ഥാന സെക്രട്ടറി പി.കെ ഹംസ മാസ്റ്റര്‍ അന്തരിച്ചു
വള്ളുവമ്പ്രം: കേരള സ്‌റ്റേറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി പൂക്കോട്ടൂര്‍ അത്താണിക്കല്‍ സ്വദേശി പി.കെ ഹംസ മാസ്റ്റര്‍ അന്തരിച്ചു. 55 വയസായിരുന്നു. ഇന്ന് രാവിലെ 7.30 നാണ് അന്ത്യം. രണ്ട് വര്‍ഷത്തോളമായി അസുഖം ബാധിച്ച് വീട്ടിലിരിക്കെയാണ് മരണം. പിതാവ് പരേതനായ പരുത്തിനിക്കാടന്‍ അലവി. മാതാവ്: ആയിശക്കുട്ടി.ഭാര്യ: ഫാത്തിമസുഹ്‌റ അരിമ്പ്ര. മക്കള്‍: ആശിഖ് നസീഫ് (സൗദി യാമ്പു), അക്ബര്‍ ഷമീം, ആശിഖ നസ്രീന്‍, ആയിഷ ഫാബി.
സഹോദരങ്ങള്‍: പി.കെ മുഹമ്മദ് (ആകാശവാണി കോഴിക്കോട്), ശബീറലി (ഫെഡറല്‍ ബാങ്ക് മലപ്പുറം), ജമീല (അധ്യാപിക ജി.വി.എച്ച്.എസ്.എസ് പുല്ലാനൂര്‍), ലൈല (ദേവതാര്‍ യു.പി മുസ്ലിയാരങ്ങാടി), മൈമൂന (പാങ്ങ് എച്ച്.എസ്.എസ്).1989 മുതല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഹംസ മാസ്റ്റര്‍ ആദ്യം വള്ളുവമ്പ്രം എ.എം.യു.പി സ്‌കൂളിലും 1993 മുതല്‍ പുല്ലാനൂര്‍ ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂര്‍ എന്നിവടങ്ങളിലും അധ്യാപകനായിരുന്നു. പീന്നീട് കോട്ടക്കല്‍ ജി.എം.യു.പി സ്‌കൂളിലെ പ്രധാനധ്യാപകനായും ഇപ്പോള്‍ ജി.യു.പി സ്‌കൂള്‍ പൂക്കോട്ടൂര്‍ മുതിരിപ്പറമ്പില്‍ പ്രധാനധ്യാപകനായും സേവനം ചെയ്തു വരുന്നു.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഹംസ മാസ്റ്റര്‍ അത്താണിക്കല്‍ ഹിദായത്തുല്‍ മുസ്ലീമീന്‍ മഹല്ല് സംഘത്തിന്റെ സെക്രട്ടറിയായും എം.ഐ.സി അത്താണിക്കലിന്റെ സെക്രട്ടറിയായും സേവനം ചെയ്തിരുന്നു. കായിക രംഗത്ത് ഏറെ തല്‍പ്പരനായിരുന്ന ഹംസ മാസ്റ്റര്‍ മികച്ച ഫുട്‌ബോള്‍ കളിക്കാരനുമാണ്. അഞ്ച് വര്‍ഷത്തോളം സംസ്ഥാന സിവില്‍ സര്‍വീസ് ടീമിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്ന ഹംസ മാഷ് എം.ഇ.എസ് കോളേജ് മമ്പാടിനും, മലപ്പുറം ജില്ലാ ജനറല്‍ ടീമഗമായും കളിച്ചിരുന്നു. നേരത്തെ ഉപജില്ല, ജില്ല കെ.എസ്.ടിയു കമ്മിറ്റയംഗമായിരുന്ന ഹംസ മാസ്റ്റര്‍ കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയായും പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റായും 12 വര്‍ഷത്തോളം സംസ്ഥാന കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചു. ഡിഗ്രി പഠന കാലത്ത് മമ്പാട് എം.ഇ.എസ് കോളേജിലെ എം.എസ്.എഫ് ഭാരവാഹിയായിരുന്ന ഹംസ മാസ്റ്റര്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറിയായും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സംഘടന നേതൃത്വത്തിലിരിക്കെ കെ.എസ്.ടി.യു അക്കാദമിക് കൗണ്‍സിലഗമായിരുന്ന ഹംസ മാഷ് പാഠപുസ്തക പരിഷ്‌കരണ കമ്മിറ്റിയംഗമായിരുന്നു. ഖബറടക്കം വൈകീട്ട് 3.30 ന് അത്താണിക്കല്‍ മഹല്ല് ജുമാമസ്ജിദില്‍ നടക്കും
Film
‘തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ’: ശ്രീനിവാസന്റെ നിര്യാണത്തില്‍ വി.ഡി. സതീശന്‍
വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസന്‍. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ് അവസാനിക്കുന്നതെന്നും, അതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും തെളിയിക്കുന്നതെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്താക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പറഞ്ഞിരുന്നുവെങ്കിലും, അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഊതി കാച്ചിയെടുത്ത പൊന്നുപോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മലയാളി സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെ നിലനിന്നിരുന്ന നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതിയ കഥാപാത്രങ്ങളായതിനാലാണ് അവ കാലാതിവര്‍ത്തികളായതെന്നും, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ ക്ലാസിക്കുകളായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണ മനക്കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി അദ്ദേഹം എഴുതുകയും അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. പ്രണയവും വിരഹവും നിസഹായതയും സൗഹൃദവും നിശിതമായ ആക്ഷേപഹാസ്യവും അപ്രിയ സത്യങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് നല്‍കിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
”ശ്രീനിവാസന്‍ എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളിയുണ്ടാകില്ല. ദേശപ്രായജാതിമതരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സ്പര്‍ശിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തുനില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി,” അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.
Film
‘ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല’: നടി ഉര്‍വശി
ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി പ്രതികരിച്ചു.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് നടി ഉര്‍വശി. ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി പ്രതികരിച്ചു.
”എറണാകുളത്ത് ഒരു സിനിമയുടെ പൂജയ്ക്കിടയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. അന്ന് ഏറെ നേരം സംസാരിക്കുകയും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊര്‍ജം കണ്ടപ്പോള്‍ ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്ത് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമെന്നായിരുന്നു എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ,” ഉര്‍വശി പറഞ്ഞു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു. 48 വര്‍ഷത്തെ നീണ്ട സിനിമാ ജീവിതത്തില്‍ അഭിനയത്തിലും തിരക്കഥാരചനയിലും സംവിധാനത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.
തിരക്കഥാകൃത്തെന്ന നിലയിലാണ് ശ്രീനിവാസന്റെ പ്രതിഭ പൂര്‍ണമായി വെളിപ്പെട്ടത്. 1984ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രംഗത്തെ അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ തന്റെ സ്ഥിരം കൂട്ടാളിയാക്കുന്നത്. സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, തലയണമന്ത്രം തുടങ്ങിയ സിനിമകള്‍ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിച്ച ക്ലാസിക്കുകളായി.
സംവിധായകനായും ശ്രീനിവാസന്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയിലെ അപൂര്‍വ അനുഭവങ്ങളായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തി.
മലയാള സിനിമയെ ചിരിയിലും ചിന്തയിലും ഒരുപോലെ സമ്പന്നമാക്കിയ ശ്രീനിവാസന്റെ വിയോഗം സിനിമാലോകത്തിനും ആരാധകര്‍ക്കും തീരാനഷ്ടമാണ്.
Film
ശ്രീനിവാസന് വിടയേകി സിനിമാ ലോകം; ഹൃദയസ്പർശിയായ കുറിപ്പുമായി ഗായകൻ ജി. വേണുഗോപാൽ
മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നിരവധിപ്പേരാണ് ആദരാഞ്ജലികളുമായി രംഗത്തെത്തുന്നത്. മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
“ഞാൻ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു” എന്നാണ് വേണുഗോപാൽ കുറിച്ചത്. 1984-ൽ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ ആ അനുഭവം ഓർമ്മിപ്പിച്ച വേണുഗോപാൽ, പിന്നീട് തന്റെ കരിയറിലെ പ്രശസ്തമായ പല സിനിമാഗാനങ്ങളുടെയും തിരക്കഥ ശ്രീനിവാസന്റേതായിരുന്നുവെന്നും വ്യക്തമാക്കി.
ശ്രീനിവാസന്റെ കുടുംബത്തോടുള്ള ആത്മബന്ധവും വേണുഗോപാൽ പങ്കുവെച്ചു. തന്റെ മകൻ അരവിന്ദ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കുകയും, സൂപ്പർഹിറ്റായ “നഗുമോ” എന്ന ഗാനത്തിന് പിന്നണി ശബ്ദം നൽകുകയും ചെയ്തതും അദ്ദേഹം ഓർമിപ്പിച്ചു. “ശ്രീനിവാസൻ സിനിമകളും തിരക്കഥകളും, ശ്രീനിയുടെ നർമ്മവും ഭാവിയിൽ മലയാള സിനിമാ ഗവേഷണ വിദ്യാർഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല” എന്നും വേണുഗോപാൽ കുറിച്ചു.
1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ അഭിനയരംഗത്തെത്തിയത്. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് കഥ എഴുതി തിരക്കഥാരചനയിലേക്ക് കടന്നു. 1989-ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച ശ്രീനിവാസൻ, മലയാള സിനിമയിൽ ഒരിക്കലും പകരംവയ്ക്കാനാകാത്ത സാന്നിധ്യമായി തുടരുകയാണ്.
-
india3 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala3 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
kerala3 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
-
kerala3 days agoവഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
-
india3 days agoഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
-
News3 days agoമഞ്ഞുവീഴ്ച തടസ്സമായി; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം വൈകുന്നു
-
kerala2 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
