കാപ്പാട്: ഉന്നത പഠനമെന്ന സത്യം പൂവണിയാനുള്ള യാത്രയില്‍ ഒപ്പം നില്‍ക്കുകയെന്നത് നാടിനോടും സമൂഹത്തോടും ചെയ്യുന്ന ഏറ്റവും വലിയ പുണ്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ ബാവ. ബാഫഖി തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും ഈ മാതൃകയാണ് നമുക്ക് കാണിച്ചു തന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റമുറി വീട്ടില്‍ നിന്ന് ജീവിത സാഹചര്യങ്ങളോട് പടപൊരുതി നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാപ്പാട് കണ്ണങ്കടവ് സ്വദേശിനി ആയിഷ സനക്ക് ബ്രിട്ടന്‍ കെഎംസിസിയുടെ സഹായം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികളെ കഠിനപരിശ്രമത്തിലൂടെ മറികടന്ന് ഉന്നത വിജയം നേടിയ സനയുടെ കഥ ചന്ദ്രിക വാര്‍ത്തയിലൂടെ അറിഞ്ഞാണ് ബ്രിട്ടന്‍ കെഎംസിസി പ്രവര്‍ത്തകര്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.

നീറ്റ് പരീക്ഷയില്‍ 720ല്‍ 640 മാര്‍ക്ക് വാങ്ങിയാണ് ആയിഷ സന മികച്ച വിജയം സ്വന്തമാക്കിയത്. ബ്രിട്ടന്‍ കെഎംസിസി പ്രസിഡന്റ് അസൈനാര്‍ കുന്നുമ്മല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി.