X

കുഞ്ഞാലിക്കുട്ടിയുടെ ദൗത്യം മതേതരത്വത്തിന്റെ കാവല്‍: പ്രൊഫ. ഖാദര്‍ മൊയ്തീന്‍

യു.ഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോവുന്നത് രാജ്യത്തിന്റെ മതേതരത്വത്തിന്റെ കാവല്‍ക്കാരനാവാന്‍ വേണ്ടിയാണെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ : ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. രാജ്യത്ത് മതേതരത്വം ഭീഷണി നേരിടുമ്പോള്‍ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തുന്നത് ചരിത്ര നിയോഗമാണ്. കേരളത്തിന്റെ ഉജ്വലനേതാവായ കുഞ്ഞാലിക്കുട്ടി ഇന്ത്യയുടെയും നായകനാണെന്ന് ഖാദര്‍ മൊയ്തീന്‍ വിശേഷിപ്പിച്ചു.

രാജ്യത്ത് ഫാസിസ്റ്റ് നയവും ഏകാധിപത്യ, വിഭാഗീയ പ്രവണതയും നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.രാജ്യം വിഭാഗീയതക്ക് വഴിപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയെ പാര്‍ലമെന്റിലേക്കയക്കാന്‍ തീരുമാനിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വള്ളിക്കുന്ന് മണ്ഡലത്തിലെ കാടപ്പടിയില്‍ പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, പാറക്കല്‍ അബ്ദുള്ള എം.എല്‍. എ എന്നിവര്‍ നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഖാദര്‍ മൊയ്തീന്‍
നല്ല സ്വഭാവത്തിനും സൗഹാര്‍ദത്തിനും ഉടമയായ കുഞ്ഞാലിക്കുട്ടിയുടെ പുഞ്ചിരി കളങ്കമില്ലാത്തതാണ്. ബുദ്ധിമാനായ നായകനെ പ്രശംസിക്കുന്ന ഉറുദു കവിത ചൊല്ലി കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച ഖാദര്‍ മൊയ്തീന്‍, കുഞ്ഞാലിക്കുട്ടി ഇ.അഹമ്മദിന്റെ പകരക്കാരനാവുമെന്നും ജനമനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള നേതാവാണെന്നും പറഞ്ഞു. ഇ.അഹമദിന് ശത്രുക്കളുണ്ടായിരുന്നില്ല. ബി.ജെ.പി അടക്കമുള്ള എതിര്‍കക്ഷികളും അഹമ്മദിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു അദ്ദേഹം പറഞ്ഞു.എ .സി അബ്ദു റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍എ, കെ.പി മുഹമ്മദ് കുട്ടി, കാവുങ്ങല്‍ ഇസ്മായീല്‍, കെ.കലാം മാസ്റ്റര്‍ പ്രസംഗിച്ചു.

chandrika: