118 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന്റെ അനന്തരഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസവും പബ്ജി മൊബൈലിന്റെ പിന്നിലുള്ള ചൈനീസ് കമ്പനി ടെന്‍സെന്റിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഇന്ത്യയിലെ പബ്ജി മൊബൈല്‍ നിരോധനത്തിനുശേഷം രണ്ടു ദിവസത്തിനുള്ളില്‍ ടെന്‍സെന്റിന് 3400 കോടി ഡോളര്‍ (ഏകദേശം 2.48 ലക്ഷം കോടി രൂപ) നഷ്ടമായി.

ദേശീയ സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ മാസം ടെന്‍സെന്റിന്റെ വിചാറ്റ് ആപ്പ് യുഎസ് നിരോധിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് കമ്പനിക്ക് വലിയ ഇടിവ് നേരിടുന്നത്. പബ്ജി മൊബൈലിനു പുറമേ, ടെന്‍സെന്റ് ഹോള്‍ഡിങിന്റെ മറ്റ് ജനപ്രിയ ഗെയിമുകളായ അരീന ഓഫ് വാലര്‍, ലുഡോ വേള്‍ഡ്, ചെസ്സ് റണ്‍ എന്നിവയും ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു.

ടെന്‍സെന്റിന്റെ ആഗോള വരുമാനത്തിന്റെ ഒരു പ്രധാന ഭാഗമാണ് പബ്ജി മൊബൈല്‍. പബ്ജിക്ക് ഇന്ത്യയില്‍ പ്രതിമാസം 30 ദശലക്ഷം സജീവ ഉപയോക്താക്കളാണുള്ളത്. ഇന്നുവരെ 20 കോടി ഇന്‍സ്റ്റാളുകളുള്ള പബ്ജിയുടെ ഒന്നാം നമ്പര്‍ വിപണി ഇന്ത്യയാണ്. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ നിരോധനം ടെന്‍സെന്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. നിരോധനം ഉടന്‍ എടുത്തുകളഞ്ഞില്ലെങ്കില്‍ മൂല്യം ഇനിയും കുറയുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് മാത്രം 2019 ല്‍ 100 ദശലക്ഷം ഡോളര്‍ ആണ് പബ്ജി മൊബൈല്‍ സമ്പാദിച്ചത്.