കോഴിക്കോട്: ഏഴ് ജില്ലകളില്‍ ഉച്ചവരേയും ഏഴ് ജില്ലകളില്‍ ഉച്ചക്ക് ശേഷവും റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയമാക്കി മാറ്റിയിട്ടും സര്‍വറിന് ശേഷിയില്ലാത്തതിനാല്‍ റേഷന്‍ വിതരണം താറുമാറായി കിടക്കുന്നു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് തലസ്ഥാനത്ത് സ്ഥാപിച്ച സര്‍വ്വര്‍ പൂര്‍ണ്ണമായും റേഷന്‍ വിതരണം നടത്തുന്നതിന് സജ്ജമല്ലാത്തത് കൊണ്ട് രാവിലെ 8.30 മുതല്‍ 12.30 വരേ 7 ജില്ലകളിലും അവശേഷിക്കുന്ന 7 ജില്ലകളില്‍ 3 മണി മുതല്‍ 7 മണി വരേയായി രണ്ട് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കുവാന്‍ അധികാരികള്‍ നിര്‍ദ്ധേശിച്ചിരുന്നുവെങ്കിലും റേഷന്‍ വിതരണം ഇപ്പോഴും തടസ്സപെടുന്നു.തുടര്‍ച്ചയായി 5 ദിവസങ്ങളില്‍ സര്‍വ്വര്‍ തകരാര്‍ മൂലം റേഷന്‍ മുടങ്ങിയത് കൊണ്ട് റേഷന്‍ വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും പരാതിയും പ്രതിഷേധങ്ങളും തുടരുകയാണ്. ഇത്തരം തീരുമാനം എടുത്തതെങ്കിലും ഇപ്പോഴും സര്‍വ്വര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അധിക ലോഡ് മൂലം റേഷന്‍ വിതരണം മുടങ്ങുന്നത് പതിവായി മാറി.

രാവിലെ പ്രവര്‍ത്തിക്കേണ്ട പല ജില്ലകളിലെ കടകളും ഉച്ചക്ക് ശേഷവും പോര്‍ട്ടബിലിറ്റിയിലൂടെ റേഷന്‍ നല്‍കുന്നതിന്നു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.ഇങ്ങനെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരേ നടപടി സ്വീകരിക്കാതെ മൗനാനുവാദം നല്‍കുകയാണ്.
ഭക്ഷ്യവകുപ്പ് ഇപ്പോള്‍ നടപ്പിലാക്കുന്ന സമയക്രമീകരണം പൂര്‍ണ്ണമായും ഇല്ലാതാവുന്നതും റേഷന്‍ വിതരണം പരിപൂര്‍ണ്ണമായി നിശ്ചലമാകുമെന്നും ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി മുന്നറിയിപ്പ് നല്‍കി. നിലവില്‍ റേഷന്‍ വിതരണം നടത്തുവാന്‍ സജ്ജമായ പുതിയ സര്‍വ്വര്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.