മുംബൈ: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ട രാജി. ബോളിവുഡ് നടന്‍ സുശാന്ത് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിക്കെതിരെ നടക്കുന്ന മാധ്യമവിചാരണയില്‍ പ്രതിഷേധിച്ചാണ് ശാന്തശ്രീ സര്‍ക്കാര്‍, തേജീന്ദര്‍സിങ് സോധി എന്നിവര്‍ രാജിവച്ചത്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഛണ്ഡീഗഢ്, ബംഗളൂരു എന്നീ ബ്യൂറോകളിലുള്ളവര്‍ നേരത്തെ രാജിവെച്ചതായി തേജീന്ദര്‍ സിംഗ് രാജികത്തില്‍ പറഞ്ഞു. ശാന്തശ്രീ സര്‍ക്കാറിന്റെ രാജിക്കുറിപ്പ് നടന്‍ ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

‘ധാര്‍മികമായ കാരണങ്ങളാല്‍ ഞാന്‍ റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജിവയ്ക്കുന്നു ഞാന്‍ ഇപ്പോള്‍ നോട്ടീസ് പിരിയഡിലാണ്. റിയ ചക്രബര്‍ത്തിയെ അപമാനിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടി.വിയുടെ ആക്രമണാത്മക അജണ്ടയെ എതിര്‍ക്കാന്‍ എനിക്കാവില്ല’- എന്നായിരുന്നു ശാന്തശ്രീയുടെ ട്വീറ്റ്.

ജേര്‍ണലിസത്തിലൂടെ സത്യം കണ്ടെത്താനാണ് താന്‍ പഠിച്ചത്. സത്യമല്ലാത്ത എല്ലാ വിശദാംശങ്ങളും എടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. തന്റെ അന്വേഷണത്തില്‍ നിന്ന് മനസ്സിലായത് സുശാന്തിന് വിഷാദ രോഗമുണ്ടായിരുന്നു എന്ന് രണ്ട് കുടുംബങ്ങളും സമ്മതിക്കുന്നു. എന്നാല്‍ അത് റിപ്പബ്ലികിന്റെ അജണ്ടയല്ല.

ചാനലിന്റെ കശ്മീര്‍ ബ്യൂറോ ചീഫ് തേജീന്ദര്‍ സിംഗ് സോധിയും അര്‍ണബിനെതിരെ സംസാരിച്ചാണ് രാജിവച്ചത്. അര്‍ണബ് ടീം വര്‍ക്കില്‍ വിശ്വസിക്കുന്നില്ലെന്നും അര്‍ണബ് മാത്രമാണ് ചാനലെന്നും ബാക്കിയുള്ളവര്‍ എല്ലാം ഫില്ലറുകളാണെന്നും പിന്നീട് കുറച്ച് മാസങ്ങള്‍ കൊണ്ടാണ് തനിക്കീ യാഥാര്‍ത്ഥ്യം മനസ്സിലായതെന്നും തേജീന്ദര്‍ സിംഗ് രാജികത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ തന്റെ മകളെ കൊന്നെന്ന് ക്യാമറക്ക് മുന്നില്‍ പറയാന്‍ സുനന്ദ പുഷ്‌ക്കറിന്റെ പിതാവിനോട് ബലം പ്രയോഗിച്ച് പറയാന്‍ ആവശ്യപ്പെട്ടതായും തേജീന്ദര്‍ രാജിക്കത്തില്‍ വെളിപ്പെടുത്തി. അങ്ങനെ സുനന്ദ പുഷ്‌ക്കറിന്റെ പിതാവിനോട് ചോദിക്കാന്‍ ന്യൂസ് ഡെസ്‌കില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും തേജീന്ദര്‍ പറഞ്ഞു.