തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ പേരില്‍ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങളുണ്ടായി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 745 പേര്‍ അറസ്റ്റിലായി. 559 കേസുകളെടുത്തിട്ടുണ്ട്. 628 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ജില്ലകളിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും. അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറും. അക്രമികളുടേയും സംശയിക്കപ്പെടുന്നവരുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തുകയും ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.