കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. സുധീഷ് കുമാറിനെ പ്രതിചേര്‍ത്ത രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതിനാല്‍ ഇന്ന് ജയില്‍ മോചിതനാകും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ബുധനാഴ്ച്ച വാദം കേള്‍ക്കും. ദ്വാരപാലക ശില്പ കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമര്‍പ്പിച്ചു. എന്‍. വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു.
തട്ടിപ്പിന് ഡി.സുധീഷ് കുമാര്‍ അവസരം ഒരുക്കിയെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ സുധീഷ് അവസരം ഒരുക്കി. രേഖകളില്‍ സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി. പാളികള്‍ അഴിച്ചപ്പോള്‍ കമ്മീഷണറെ ഒഴിവാക്കി നിര്‍ത്തിയെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുരാരി ബാബു സ്വര്‍ണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് അതേപടി എഴുതുകയും പിന്നീട് ദേവസ്വം ബോര്‍ഡിന് ശിപാര്‍ശ ചെയ്യുകയും ചെയ്തത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ ഇത് കൊടുത്ത് വിടണമെന്ന് ആവിശ്യപ്പെട്ടത് ഇയാളാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.