Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മകന്‍ എസ്പിയായതിനാലാണോ അറസ്റ്റ് വൈകുന്നതെന്ന് എസ്ഐടിക്കെതിരെ ഹൈക്കോടതി

കെ.പി ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കെ.പി ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ഇയാള്‍ ആശുപത്രിയിലാണെന്നും മകന്‍ എസ്പിയായതിനാലാണോ അറസ്റ്റ് വൈകുന്നതെന്നും ഹൈക്കോടതി ചോദ്യം. മുന്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് കെ.പി ശങ്കര്‍ ദാസ്.

മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്മകുമാര്‍, മുരാരി ബാബു, ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിച്ചത്. ജസ്റ്റിസ് എ.ബദറുദ്ദീനാണ് ഹരജികള്‍ പരിഗണിച്ചത്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി. പത്മകുമാര്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ എന്നും ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ വിമര്‍ശനം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ചതെന്തിനെന്ന് ചോദ്യം. പിന്നെന്തിനാണ് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിനെന്താണ് ചുമതലയെന്നും കോടതി

ഇതുവരെ ഒരു കോടി 40 ലക്ഷം ശബരിമലയ്ക്കായി ചെലവാക്കിയെന്ന് ഗോവര്‍ധന്‍ വാദിച്ചു. 25 ദിവസമായി ജയിലില്‍ കഴിയുന്നെന്നും ശബരിമലയില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണത്തിനെല്ലാം പണം നല്‍കിയിട്ടുണ്ടെന്നും ഗോവര്‍ധന്‍ പറഞ്ഞു. അതിന്റെ രേഖ കോടതിയില്‍ ഹാജരാക്കി. ഇപ്പോഴുള്ള ശ്രീകോവില്‍ വാതിലും കട്ടിളപ്പാളിയുമെല്ലാം താന്‍ നിര്‍മിച്ചു നല്‍കിയതാണെന്നും ഗോവര്‍ധന്‍ പറഞ്ഞു.

 

 

 

kerala

‘തന്ത്രി മാത്രമല്ല, മന്ത്രിയടക്കമുള്ളവര്‍ പിടിയിലാകും’:രമേശ് ചെന്നിത്തല

എസ്ഐടി പ്രതികളാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പാര്‍ട്ടി അവരെ പുറത്താക്കുന്നില്ലെന്നും നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരും നിയമത്തിന് മുകളിലല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ സ്വര്‍ണം കട്ടവരാരും രക്ഷപ്പെടാന്‍ പാടില്ലെന്നും തന്ത്രി മാത്രമല്ല, മന്ത്രിയടക്കമുള്ളവര്‍ പിടിയിലാകുമെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ മുഖ്യമന്ത്രിയും സിപിഎമ്മും സംരക്ഷിക്കുകയാണ്. എസ്ഐടി പ്രതികളാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പാര്‍ട്ടി അവരെ പുറത്താക്കുന്നില്ലെന്നും നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും ചെന്നിത്തല പറഞ്ഞു. കേസിനാധാരമായ കാര്യങ്ങള്‍ ശക്തമായത് കൊണ്ടാണ് പ്രതികള്‍ക്ക് ഇതുവരെയും ജാമ്യം ലഭിക്കാതിരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

നിലവില്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ ഇടതു ഭരണത്തില്‍ മടുത്തിരിക്കുകയാണെന്നും അവര്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിന്റെ പ്രതിഫലനമാണ് സമീപകാല തെരഞ്ഞെടുപ്പുകളിലെ യുഡിഎഫിന്റെ പ്രകടനമെന്നും ചെന്നിത്തല പറഞ്ഞു.

മോദിയെയും അമിത്ഷായെയും മുഖ്യമന്ത്രി പേരെടുത്ത് വിമര്‍ശിക്കുന്നില്ലെന്നും അവര്‍ തമ്മില്‍ വലിയ അന്തര്‍ധാരയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നമ്മുടെ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമത്തിലാണെന്നും മാറാട് കേരളത്തിന്റെ ചരിത്രത്തിലെ ദുഖകരമായ മുറിവാണ്. ആ മുറിവിനെ വീണ്ടും ഓര്‍മിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ന്യൂനപക്ഷ വര്‍ഗീയത പരത്തുകയാണ്. ലോക്സഭ പരാജയത്തിന് ശേഷം മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതയിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എകെ ബാലന്റെ മാറാട് കലാപത്തെ കുറിച്ചുള്ള പ്രസ്താവന വളരെ മോശമായെന്നും മാറാട് ആവര്‍ത്തിക്കുമെന്ന് പറഞ്ഞത് അത്യന്തം അപകടകരമാണെന്നും ചെന്നിത്തല പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ ശക്തമായി സംസാരിക്കുകയും കേസെടുക്കുകയും ചെയ്ത ആഭ്യന്തര മന്ത്രിയായിരുന്നു താനെന്നും ചചെന്നിത്തല ഓര്‍മ്മിപ്പിച്ചു. യുഡിഎഫ് എല്ലാ കാലത്തും മതേതര സ്വഭാവം പുലര്‍ത്തുന്നവരാണെന്നും വര്‍ഗീയത ആര് നടത്തിയാലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശങ്ങളെ അംഗീകരിക്കുകയില്ലെന്നും തികച്ചും മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ് അവിടുത്തെ ജനങ്ങളെന്നും ചെന്നിത്തല പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത എപ്പോഴും കൊണ്ടുനടക്കുന്നത് സിപിഎമ്മാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Continue Reading

kerala

എസ്.ഐ.ആര്‍: മുസ്‌ലിംലീഗ് ജാഗ്രതാ ക്യാമ്പുകള്‍ ഇന്ന്

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളില്‍ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പരിശോധന നടത്തുന്നത്.

Published

on

കോഴിക്കോട്: എസ്.ഐ.ആര്‍ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താന്‍ മുസ്‌ലിംലീഗ് പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികള്‍ ഇന്ന് വൈകുന്നേരം 7 മണി മുതല്‍ പ്രത്യേക ജാഗ്രതാ ക്യാമ്പ് ചേരും. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളില്‍ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പരിശോധന നടത്തുന്നത്. ഓരോ ബൂത്തിലെയും പാര്‍ട്ടി പ്രതിനിധികളും ബി.എല്‍.എമാരും ഒരുമിച്ച് കൂടി വോട്ടര്‍ പട്ടികയിലില്ലാത്ത പതിനെട്ട് വയസ്സ് തികഞ്ഞവരെ ചേര്‍ക്കാനും അനധികൃതകമായി കയറിപ്പറ്റിയവരെ പുറത്താക്കാനുമുള്ള വിശദമായ ബൂത്ത് തല പദ്ധതികള്‍ തയ്യാറാക്കുകയാണ് ഉദ്ദേശ്യം. ജാഗ്രതാ പരിശോധനാ സദസ്സില്‍ പാര്‍ട്ടിയുടെ എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ അവരവരുടെ പഞ്ചായത്തുകളില്‍ പങ്കെടുക്കണം.

എസ്.ഐ.ആര്‍ സംബന്ധിച്ച ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ആപ്പ് വഴി നിരീക്ഷിക്കും. ഇതിനുള്ള വിശദമായ റിപ്പോര്‍ട്ടിംങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ ബൂത്ത്, പഞ്ചായത്ത്, മണ്ഡല കോ-ഓര്‍ഡിനേറ്റര്‍മാര്‍ ദിവസവും അപ്‌ഡേറ്റ് ചെയ്യണം. ഓരോ വീട്ടിലും കയറി വോട്ടവകാശമുള്ളവരെ കണ്ടെത്തി ജനകീയ വോട്ടര്‍ പട്ടിക കൂടി തയ്യാറാക്കേണ്ടതുണ്ട്. ഇതിനുള്ള മാതൃകാ ഫോമുകളും വിശദമായ നിര്‍ദേശങ്ങളും ജില്ലാ കമ്മറ്റികള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങിലെ നേതാക്കള്‍ അതീവ ഗൗരവത്തോടെ ക്യാമ്പ് സംഘടിപ്പിക്കുകയും വോട്ടര്‍ പട്ടിക പരിശോധനയും ആവശ്യമായ തീരുമാനങ്ങളും എടുത്ത ശേഷം മാത്രം ക്യാമ്പ് അവസാനിപ്പിക്കുകയും വേണം. തീവ്രപരിശോധനകള്‍ക്ക് ശേഷം വരുന്ന വോട്ടര്‍ പട്ടികയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക എന്നതിനാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനം എന്ന നിലയില്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.

 

Continue Reading

kerala

യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 10 കോടി തട്ടിപ്പ്

കണ്ണൂർ ജില്ലയിൽ ആലക്കോട് കരുവഞ്ചാൽ വെള്ളാട് സ്വദേശിയാണ് മംഗളാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘യു.കെ ഇൻ റീഗൽ അക്കാദമി’ എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Published

on

കോട്ടയം: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 88ഓളം ഉദ്യോഗാർത്ഥികളിൽ നിന്ന് ഏകദേശം 10 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവർ രംഗത്ത്. കണ്ണൂർ ജില്ലയിൽ ആലക്കോട് കരുവഞ്ചാൽ വെള്ളാട് സ്വദേശിയാണ് മംഗളാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘യു.കെ ഇൻ റീഗൽ അക്കാദമി’ എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പ്രതിയും ഭാര്യയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി അപേക്ഷ ക്ഷണിച്ച്, പരീക്ഷയും അഭിമുഖവും നടത്തി ജോലി ഉറപ്പാക്കിയതിന് ശേഷമാണ് പണം ഈടാക്കിയതെന്ന് അവർ ആരോപിച്ചു. ആദ്യം അഡ്വാൻസായി പണം ആവശ്യമില്ലെന്ന് വിശ്വസിപ്പിച്ച ശേഷം വിദേശ വനിതയെ ഉപയോഗിച്ച് ഓൺലൈൻ ഇന്റർവ്യൂ നടത്തുകയും, വിജയിച്ചുവെന്ന അറിയിപ്പിനൊപ്പം വ്യാജ യു.കെ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റും ഓഫർ ലെറ്ററും നൽകുകയും ചെയ്ത ശേഷമാണ് പണം വാങ്ങിയതെന്നും ഇരകൾ വ്യക്തമാക്കി.

പ്രതിക്കെതിരെ സംസ്ഥാനത്തെ 14 ജില്ലകളിലും മംഗളാപുരത്തുമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, തട്ടിപ്പ് നടത്തിയ ശേഷം ഇയാൾ ദുബായിലേക്ക് കടന്നതായാണ് സംശയമെന്നും അവർ പറഞ്ഞു. പ്രതിയുടെ ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനിയാണെന്നും, അവധി കഴിഞ്ഞ് നാട്ടിലെത്തിയെങ്കിലും നേരിൽ കാണാൻ ശ്രമിച്ചപ്പോൾ ഒളിവിലാണെന്നും ഇരകൾ ആരോപിച്ചു.

പ്രതിയെ നാട്ടിലെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനും തട്ടിയെടുത്ത പണം തിരികെ ലഭിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇരകൾ വാർത്താസമ്മേളനം നടത്തിയത്. കെ. ഷിബു, ദിനൂപ്, എൽദോ മാർക്കോസ്, അജോ ഡോൾഫി, ജോമൽ, റെജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

Trending