റബാത്ത്: 2017 ലും 2021 ലും കപ്പിനും ചുണ്ടിനുമിടയില്‍ വന്‍കരയിലെ ഒന്നാം സ്ഥാനപ്പട്ടം നഷ്ടമായ താരമാണ് മുഹമ്മദ് സലാഹ്. 2021 ലെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫൈനല്‍ സോക്കര്‍ ലോകം കണ്ടതാണ്. ലിവര്‍പൂളില്‍ സഹതാരമായിരുന്ന സാദിയോമാനേയുടെ സെനഗലിനെതിരെ ഷൂട്ടൗട്ടിലെ തോല്‍വി. അതിന് മുമ്പ് കാമറൂണിനെതിരായ ഫൈനലായിരുന്നു ആഘാതമായത്. ഇന്നിപ്പോള്‍ സലാഹിന് പ്രായം 33.
വന്‍കരാപ്പട്ടം സ്വന്തമാക്കാനുള്ള കാര്യമായ അവസരം. ക്ലബ് സോക്കറിത സോക്കറില്‍ വെല്ലുവിളി നേരിടുന്ന കാലവുമാണിത്. വിവാദ സാഹചര്യത്തിലാണ് സലാഹ് ലിവര്‍പൂള്‍ വിട്ടത്. നല്ല നിലയില്‍ സീസണ്‍ ആരംഭിച്ചതിന് ശേഷം തുടര്‍ തോല്‍വികളില്‍ അദ്ദേഹം ബലിയാടായി. തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നപ്പോള്‍ താരം ക്ഷുഭിതനായി പ്രതികരിച്ചു. അതോടെ കോച്ച് ആര്‍നേ സ്ലോട്ട് ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞപ്പോള്‍ സലാഹ് ലിവര്‍ വിടുമെന്ന പ്രചാരണം വന്നു.
എന്നാല്‍ ബ്രൈട്ടണെതിരായ മത്സരത്തില്‍ കളിച്ച ശേഷം കോച്ചുമായി സംസാരിച്ചു. തുടര്‍ന്നാണ് ആഫ്രിക്കന്‍ നാഷന്‍സ് കപ്പിനായി നാട്ടിലേക്ക് തിരിച്ചത്. ഈജിപ്ത് ഇതിനകം കളിച്ച എല്ലാ മത്സരങ്ങളിലും സലാഹ് പന്ത് തട്ടിയിരുന്നു. നാല് ഗോളുകളും സ്വന്തമാക്കി. ഇതോടെ വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹത്തിന്റെ ഗോള്‍ സമ്പാദ്യം 11 ആയി ഉയര്‍ന്നു. ഈജിപ്തിന് വേണ്ടി ആഫ്രിക്കന്‍ നോഷന്‍സ് കപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടിയത് ഹസന്‍ അല്‍ഷാസ്ലിയാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ മതി. ഐവറിക്കെതിരെ മര്‍മോഷ് തുടക്കത്തില്‍ നേടിയ ഗോള്‍ ഈജിപ്തിന് ആത്മവിശ്വാസമായി. ഈജിപ്തിന്റെ രണ്ടാം ഗോള്‍ സലാഹിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നുമായിരുന്നു. രണ്ടാം പകുതിയിലെ സലാഹ് ഗോളാവട്ടെ അനുഭവക്കരുത്തിന്റെ തെളിവും. ഇനി നാളെ സെനഗലിനെതിരായ സെമിയാണ്. 2021 ലെ ഫൈനല്‍ തോല്‍വിക്കുള്ള പ്രതികാരത്തിനുള്ള അവസരം.