റിയാദ്: കിഴക്കന്‍ ജറൂസലേമില്‍ വീണ്ടും കടന്നുകയറ്റം നടത്താനുള്ള ഇസ്രയേലിന്റെ ശ്രമങ്ങള്‍ക്കെതിരെ സൗദി അറേബ്യ. ഇസ്രയേല്‍ തീരുമാനം അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കിഴക്കന്‍ ജറൂസലേമിന് അടുത്ത് 1257 പുതിയ സെറ്റില്‍മെന്റുകള്‍ പണിയാനാണ് ഇസ്രയേല്‍ തീരുമാനം. ഇതിന്റെ കരാര്‍ ഏറ്റെടുക്കാനായി കഴിഞ്ഞ ദിവസം ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനെ അപലപിച്ചാണ് സൗദി രംഗത്തെത്തിയത്.

‘ഇസ്രയേല്‍ തീരുമാനത്തെ സൗദി അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. ഇത് ദ്വിരാഷ്ട്ര പരിഹാരം മുന്‍നിര്‍ത്തിയുള്ള അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണ്. മേഖലയിലെ സമാധാനത്തെ നീക്കം ഇല്ലാതാക്കുകയും ചെയ്തു- വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരവിപ്പിച്ച പദ്ധതിയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുന്നത്. കിഴക്കന്‍ ജറൂസലേമിന് അടുത്തുള്ള ഗിവാത് ഹമാതോസില്‍ 1257 വീടുകളാണ് സര്‍ക്കാര്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇസ്രയേല്‍ ലാന്‍ഡ് അതോറിറ്റിയാണ് (ഐഎല്‍എ) തങ്ങളുടെ വെബ്‌സൈറ്റില്‍ പദ്ധതിക്കായി കോണ്‍ട്രാക്ടര്‍മാരെ ക്ഷണിച്ചത്.

യുഎസില്‍ പുതിയ പ്രസിഡണ്ട് ജോ ബൈഡന്‍ അധികാരമേറ്റെടുക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ്, ജനുവരി 18 വരെ ഇതിനായി അപേക്ഷ നല്‍കാം. ഇസ്രയേല്‍-ഫലസ്തീന്‍ വിഷയത്തില്‍ ജൂത രാഷ്ട്രത്തിന് അനുകൂലമായ തുറന്ന നിലപാട് സ്വീകരിക്കുന്ന നേതാവാണ് നിലവിലെ യുഎസ് പ്രസിഡണ്ടായ ട്രംപ്. വിഷയത്തില്‍ അറബ് ലോകത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവാണ് ബൈഡന്‍.