കൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്നും, ചാക്കുകളിൽ പണം കടത്തി സ്ഥാപനത്തിലെത്തിച്ചതിന് താൻ സാക്ഷിയാണെന്നും സൊസൈറ്റി ജീവനക്കാരനായിരുന്ന നൗഷാദ് ആരോപിച്ചു. ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി പണം നിക്ഷേപിച്ച് പിന്നീട് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി വെളുപ്പിച്ചുവെന്നാണ് ആരോപണം.
2021 ഡിസംബർ രണ്ടിനാണ് ചാക്കുകളിൽ പണം ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് എത്തിച്ചതെന്ന് നൗഷാദ് വ്യക്തമാക്കി. വലിയ തുക ആയതിനാൽ സൊസൈറ്റിയുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കാൻ സാധിക്കാതെ, സ്ഥാപനത്തിലെ ചില ജീവനക്കാരുടെ അക്കൗണ്ടുകളിൽ ഒരു ലക്ഷം, രണ്ട് ലക്ഷം രൂപ വീതം നിക്ഷേപിച്ച ശേഷം അതു ബ്രഹ്മഗിരിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പണം യൂണിയൻ ബാങ്കിന്റെ സുൽത്താൻ ബത്തേരി ശാഖയിൽ വെച്ച് വെളുപ്പിച്ചതായും നൗഷാദ് ആരോപിക്കുന്നു.
ഇതിന് മുമ്പും ബത്തേരിയിലെ ഒരു പ്രമുഖ കാറ്ററിങ് ഉടമയിൽ നിന്ന് സമാന രീതിയിൽ പണം കൊണ്ടുവന്നിട്ടുണ്ടെന്നും, കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥാപനത്തിലെ നേതാക്കളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നൗഷാദ് പറഞ്ഞു. 2021ലെ സംഭവവുമായി ബന്ധപ്പെട്ടതായി അവകാശപ്പെടുന്ന ചില ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ഇത്തരം ക്രമക്കേടുകളിൽ താനുൾപ്പെടെയുള്ള ജീവനക്കാരാണ് പറ്റിക്കപ്പെട്ടതെന്നും അതുകൊണ്ടാണ് മുന്നോട്ടു വന്നതെന്നും നൗഷാദ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നാൽ ഇതിലും വലിയ ക്രമക്കേടുകൾ പുറത്തുവരുമെന്നും, സർക്കാർ ഫണ്ടുകൾ എന്ത് ചെയ്തുവെന്നതും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും ഹാജരാകാൻ തയ്യാറാണെന്നും നൗഷാദ് അറിയിച്ചു. സി.പി.എം കൽപറ്റ ടൗൺ ബ്രാഞ്ച് അംഗവും ബ്രഹ്മഗിരിയിലെ മുൻ ജീവനക്കാരനുമാണ് നൗഷാദ്.
ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി, പ്രത്യേകിച്ച് ‘മലബാർ മീറ്റ്’ ഫാക്ടറിക്കായി, ഏകദേശം 600 നിക്ഷേപകരിൽ നിന്ന് 100 കോടി രൂപയ്ക്കുമേൽ സമാഹരിച്ചിരുന്നുവെന്നാണ് കണക്കുകൾ. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി നിക്ഷേപകർക്ക് പലിശയോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരുമാണ് നിക്ഷേപകരിൽ ഭൂരിഭാഗവും.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ അത്യാധുനിക അറവുശാല ഉൾപ്പെടെയുള്ള യൂണിറ്റുകൾ പൂട്ടേണ്ടിവന്നു. കേരള ചിക്കൻ പദ്ധതിയിൽ പങ്കാളികളായ നൂറോളം കർഷകർക്ക് നൽകാനുള്ള 3.5 കോടിയിലധികം രൂപ കുടിശ്ശികയായി തുടരുകയാണ്. ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ഇതിനെ തുടർന്ന് നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മാസങ്ങളായി സമരപാതയിലാണ്.