News

ലൈംഗികാതിക്രമ കേസ്: നടന്‍ സിദ്ദിഖിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കി, വിദേശ യാത്രക്ക് കോടതി അനുമതി

By Manya

February 24, 2026

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് കോടതി വ്യവസ്ഥകളില്‍ ഇളവ് നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിദേശ പര്യടനത്തിന് അനുമതി നല്‍കിയത്. ഷാര്‍ജയില്‍ നടക്കുന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിനായി പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. മാര്‍ച്ച് 31ന് മുമ്പായി പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.

സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. തൊഴില്‍ ആവശ്യങ്ങള്‍ പരിഗണിച്ചാണ് താല്‍ക്കാലിക ഇളവ് അനുവദിച്ചത്. മാര്‍ച്ച് 31 വരെ മാത്രമാണ് അനുമതിയുടെ കാലാവധി.

2016 ജനുവരി 28ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയായ നടിയുമായി പൊലീസ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.