Connect with us

News

ആമുഖത്തിലും ഖത്തര്‍ വിരുദ്ധത; ഖത്തര്‍ ലോകകപ്പ് നൂറ്റാണ്ടിലെ ഏറ്റവും മികച്ചതെന്ന് ബി.ബി.സി സ്‌പോര്‍ട് സര്‍വ്വേ ഫലം

2002 മുതല്‍ 2022 വരെ നടന്ന ലോകകപ്പുകളെ അവലോകനം ചെയ്ത് ആഗോളാടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ ആരാധകരില്‍ ബി.ബി.സി നടത്തിയ സര്‍വ്വേ ഫലത്തില്‍ 78 ശതമാനം വോട്ട് നേടിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്

Published

on

അശ്‌റഫ് തൂണേരി

ദോഹ: അവതരാകന്‍ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ ഗാരി ലിനേക്കറും സംഘവും നിര്‍മ്മിത വാര്‍ത്തകളുമായി കിണഞ്ഞുശ്രമിച്ചിട്ടും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബി.ബി.സി) സ്‌പോര്‍ട് ഓണ്‍ലൈന്‍ വായനക്കാര്‍ ഖത്തറിനൊപ്പം. 2002 മുതല്‍ 2022 വരെ നടന്ന ലോകകപ്പുകളെ അവലോകനം ചെയ്ത് ആഗോളാടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ ആരാധകരില്‍ ബി.ബി.സി നടത്തിയ സര്‍വ്വേ ഫലത്തില്‍ 78 ശതമാനം വോട്ട് നേടിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്. 2002ല്‍ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി ഏഷ്യയിലാദ്യമായി നടന്ന ലോകകപ്പാണ് പിന്നില്‍. പക്ഷെ വെറും ആറ് ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 5 ശതമാനമാണ് 2014ലെ ബ്രസീല്‍ ലോകകപ്പിന് ലഭിച്ചത്. തുല്യമായ 4 ശതമാനം പിന്തുണയുമായി ജര്‍മ്മനി 2006 ലോകകപ്പും 2018 റഷ്യന്‍ ലോകകപ്പും സര്‍വ്വേയില്‍ കാണാം. ദക്ഷണാഫ്രിക്കയിലെ 2010 ലോകകപ്പിന് 3 ശതമാനം മാത്രമേ ലഭിച്ചുള്ളൂ.

ഡിസംബര്‍ 24ന് ബിബിസി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് സര്‍വ്വേയുടെ ആമുഖത്തില്‍ തന്നെ വിവാദ 2022 ലോകകപ്പ് എന്നാണ് തുടക്കം. താഴെ പറയുന്ന ലോകകപ്പുകളില്‍ നൂറു വര്‍ഷത്തെ മികച്ച ലോകകപ്പ് ഏതെന്ന് തെരെഞ്ഞെടുക്കാന്‍ ബിബിസി സ്‌പോര്‍ട് ശ്രമിക്കുന്നുവെന്ന് വിശദീകരിച്ച് 2002 മുതലുള്ള ലോകകപ്പിലെ വിശദവിവരങ്ങള്‍ ഓരോ ലോകകപ്പിലേയും കായികപരമായ പ്രത്യേകതകളിലൂന്നി വിശദീകരിക്കുമ്പോള്‍ ഖത്തറിലെത്തുമ്പോള്‍ ബോധപൂര്‍വ്വം ഗതിമാറ്റുന്നു. തൊഴിലാളികളുടെ മരണം, സ്വവര്‍ഗ്ഗാനുരാഗ അവകാശങ്ങള്‍, ശീതകാല ലോകകപ്പ് തുടങ്ങിയ വിവാദങ്ങളാല്‍ തുടക്കമായ ഖത്തര്‍ ലോകകപ്പ് എന്നാണ് വിശദീകരണം. പിന്നീട് ഏറ്റവും മികച്ച ഫൈനലായി മാറിയ എന്നും പാരഗ്രാഫിന്റെ ഒടുക്കം കാണാം. വായനക്കാരെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിട്ടും ഫലം അനുകൂലമായില്ല.

ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ലൈവായി കാണിക്കുന്നതില്‍ വിട്ടുനിന്ന അവതാരകന്‍ ഗാരിലിനേക്കര്‍ ആ സമയത്ത് ഖത്തറിനെതിരേയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനു പുറമെ സമാപന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ബിഷ്ത് നല്‍കിയത് അപമാനകരമാണെന്നു വരെ പറഞ്ഞുവെച്ചിരുന്നു. പല തരത്തിലുള്ള നെഗറ്റീവ് വാര്‍ത്തകളും നിരന്തരംനല്‍കിയ ശേഷമാണ് നെഗറ്റീവ് ആമുഖത്തോടെ സര്‍വ്വേയുമായി പ്രത്യക്ഷപ്പെട്ടത്. പക്ഷെ അതിലും ഖത്തര്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു.

News

ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു

സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.

Published

on

ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആഗോള കത്തോലിക്ക സഭയുടെ 267ാമത് പരമാധ്യക്ഷനായി ചുമതലയേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. കര്‍മമണ്ഡലമായിരുന്ന പെറുവില്‍നിന്നും മാര്‍പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.

പത്രോസിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കര്‍ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാര്‍പാപ്പ എത്തുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

സഭയുടെ ആദ്യ മാര്‍പാപ്പയായിരുന്ന പത്രോസിന്റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധര്‍മം ഓര്‍മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. സ്ഥാനാരോഹണച്ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി, പെറു പ്രസിഡന്റ് ദിന എര്‍സിലിയ ബൊലാര്‍തെ സെഗാര, ബ്രിട്ടനിലെ എഡ്വേര്‍ഡ് രാജകുമാരന്‍,ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Continue Reading

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

kerala

കാളികാവില്‍ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച്ച; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല

നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.

Published

on

മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.

നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് രണ്ട് തവണയാണ് കത്തയച്ചത്. മാര്‍ച്ച് 12നാണ് കൂട് സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത്. അതിന് മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ രണ്ടിന് വീണ്ടും കത്തയച്ചു. എന്നിട്ടും കൂട് സ്ഥാപിക്കാന്‍ അനുമതി നല്‍കിയില്ല.

എന്‍ടിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കത്തയച്ചത്. കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും അതീവ അപകടമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

മെയ് 15നാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ക1ലപ്പെടുത്തിയത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.

Continue Reading

Trending