മലപ്പുറം: യോഗി സര്‍ക്കാര്‍ അന്യായമായി തടങ്കലില്‍ വെച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനു വേണ്ട നിയമസഹായങ്ങള്‍ നല്‍കാന്‍ മുസ്ലിം യൂത്ത്‌ലീഗ് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തിനെയാണ് തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. യൂത്ത്‌ലീഗ് ഭാരവാഹികളും സുപ്രിം കോടതി അഭിഭാഷകനും ഡല്‍ഹി കെ.എം.സി.സി പ്രസിഡണ്ടുമായ ഹാരിസ് ബീരാനും റൈഹാനത്തുമായി സംസാരിച്ചു.

മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ ഹത്രാസിലേക്കുള്ള യാത്രാമധ്യേയാണ് അറസ്റ്റ് ചെയ്ത് യു.പി സര്‍ക്കാര്‍ ജയിലിലടച്ചത്. ആരു കൈവെടിഞ്ഞാലും നിയമപരമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് മുനവ്വറലി തങ്ങള്‍ സിദ്ദീഖിന്റെ ഭാര്യയെ അറിയിച്ചു. സുപ്രീം കോടതിയില്‍ സിദ്ദീഖിന്റെ ഭാര്യക്ക് വേണ്ടി പ്രത്യേക അഭിഭാഷകനെ ഏര്‍പ്പെടുത്താമെന്ന് ഹാരിസ് ബീരാനും അറിയിച്ചു.

മൂന്നര മാസം കഴിഞ്ഞിട്ടും സിദ്ദീഖ് കാപ്പന്റെ മോചനം സാധ്യമായിട്ടില്ല. ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിന്റെ പേരില്‍ അങ്ങേയറ്റത്തെ നീതി നിഷേധമാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മലയാളിയായ മാധ്യമ പ്രവര്‍ത്തകനായിട്ട് പോലും ഒരു പൗരന്റെ അവകാശങ്ങളെ നഗ്‌നമായി ലംഘിച്ചിട്ടും കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെടാന്‍ തയ്യാറായിട്ടില്ല. വിദേശ രാജ്യത്തുള്ള ‘വേണ്ടപ്പെട്ടവര്‍ക്ക്’ വരെ ഇടപെടല്‍ നടത്തുന്ന മുഖ്യമന്ത്രി അന്യസംസ്ഥാനത്തുള്ള പ്രശ്‌നമായതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണറിയിച്ചത്.

കമ്മ്യൂണിസ്റ്റുകാരായ അലനെയും താഹയെയും അറസ്റ്റ് ചെയ്ത് ബി.ജെ.പി സര്‍ക്കാറിന് യു.എ.പി.എ ചുമത്താന്‍ പാകത്തില്‍ എറിഞ്ഞു കൊടുത്തവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നത് വിസ്മരിക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു.