kerala

എസ്ഐആര്‍; ‘ഹിയറിങ്ങിന് ഹാജരകണം, കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമപട്ടികയില്‍ പേരുണ്ടാകില്ല’: തെരഞ്ഞെടുപ്പ് കമ്മീഷന്‍

By webdesk17

December 29, 2025

തിരുവനന്തപുരം: എസ്ഐആര്‍ ഹിയറിങിന് സമയത്ത് ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇആര്‍ഒയെ അറിയിക്കണം. ഇല്ലെങ്കില്‍ അന്തിമപട്ടികയില്‍ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടാം തവണയും ഹാജരായില്ലെങ്കില്‍ പിന്നീടൊരു അവസരം ലഭിക്കുകയുമില്ല. ബിഎല്‍ഒമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശക്കുറിപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുള്ളത്.

ഹിയറിങിന് ഹാജരാകുന്നതിനായി ഏഴ് ദിവസങ്ങള്‍ക്ക് മുന്നേ നോട്ടീസ് നല്‍കും. നിശ്ചയിച്ചിരിക്കുന്ന ദിവസം തന്നെ ഹാജരാകണമെന്ന കര്‍ശനനിര്‍ദേശമാണ് ബിഎല്‍ഒമാര്‍രെ അറിയിച്ചിരിക്കുന്നത്. കമ്മീഷന്‍ നിശ്ചയിക്കുന്ന ദിവസം ഹാജരാകാന്‍ സാധിച്ചില്ലെങ്കില്‍ രേഖമൂലം കൃത്യമായി കാരണം ബോധ്യപ്പെടുത്തണം. അങ്ങനെ കാരണം ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമേ രണ്ടാമതൊരു അവസരം ലഭിക്കുകയുള്ളൂവെന്നും കമ്മീഷന്‍ ബിഎല്‍ഒമാര്‍ക്ക് നല്‍കിയ കുറിപ്പിലുണ്ട്.

വിദേശത്തുള്ളവരും ജോലിക്കാരുമായ ആളുകളാണെങ്കിലും ഫിസിക്കല്‍ അപ്പിയറന്‍സ് അനിവാര്യമായതിനാലാണ് ഹിയറിങിന് രണ്ട് അവസരം നിശ്ചയിച്ചതെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്. ഒന്നാം അവസരത്തില്‍ എത്തിച്ചേരാനാകാതെ പോയവര്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ കൃത്യമായി രേഖാമൂലം അറിയിക്കുകയാണെങ്കില്‍ മാത്രമേ രണ്ടാമതൊരു അവസരം ലഭിക്കുകയുള്ളൂ.