News

ശബരിമല സ്വര്‍ണക്കൊള്ളയില്‍ SITയ്ക്ക് വീഴ്ച; ശാസ്ത്രീയ പരിശോധനകള്‍ വൈകുന്നതായി ആരോപണം

By Manya

January 27, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘമായ (SIT`) എതിരേ ഗുരുതര വീഴ്ചകള്‍. സ്വര്‍ണം ചെമ്പാക്കി മാറ്റിയതായി രേഖപ്പെടുത്തിയ മിനുട്ട്‌സിന്റെ ശാസ്ത്രീയ പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നതാണ് പ്രധാന ആരോപണം. ഇതുമൂലം എ പത്മകുമാറിനെതിരായ നിര്‍ണായക തെളിവുകളില്‍ അന്വേഷണത്തിന് മെല്ലപ്പോക്കാണുണ്ടായിരിക്കുന്നത്.

മിനുട്ട്‌സില്‍ ”ചെമ്പ്” എന്ന് രേഖപ്പെടുത്തിയത് പത്മകുമാറാണോ എന്ന് ഉറപ്പാക്കാന്‍ കൈയ്യെഴുത്ത് പരിശോധന അനിവാര്യമായിരുന്നു. എന്നാല്‍ ഇതിനുള്ള സാംപിള്‍ ശേഖരിച്ചത് മൂന്ന് ദിവസം മുന്‍പുമാത്രമാണ്. പത്മകുമാര്‍ അറസ്റ്റിലായി രണ്ട് മാസം പിന്നിട്ട ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാതെ കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്ന സാഹചര്യവും നിലനില്‍ക്കുന്നു.

അതേസമയം, കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാഭാവിക ജാമ്യത്തിലിറങ്ങുന്നത് തടയാന്‍ പൊലീസ് നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ചെക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിലും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് ശ്രമം. ദ്വാരപാലക കേസില്‍ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 90 ദിവസത്തെ റിമാന്‍ഡ് കാലാവധി അടുത്തിടെയായി പൂര്‍ത്തിയാകും. തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മുമ്പ് തന്നെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. സ്വര്‍ണക്കൊള്ള കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തടയാനാണ് ഇപ്പോഴത്തെ നടപടികളെന്നാണ് സൂചന.

ഇതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 12-ാം പ്രതിയും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുമായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അറസ്റ്റും SITയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമാണെന്ന ആരോപണമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.