ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കപ്പലുകള്‍ക്ക് തീയിടുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതകളിലൊന്നായ ഈ ജലപാതയിലൂടെ ആഗോള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നതാണ്.
കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 6 ശതമാനത്തിലധികം ഉയര്‍ന്നു. ഇതിന്റെ പ്രതിഫലനം പെട്രോള്‍,ഡീസല്‍ വിലയില്‍ ഉടന്‍ തന്നെ പ്രത്യക്ഷപ്പെടാനിടയുണ്ട്. ഇറാനെതിരായ യുഎസ് ആക്രമണങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഹോര്‍മുസ് വഴിയുള്ള കപ്പലുകള്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. സമീപ ആഴ്ചകളില്‍ രണ്ടാം തവണയാണ് ടെഹ്‌റാന്‍ ഈ നിര്‍ണായക കടലിടുക്ക് അടച്ചത്.
ഇറാനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇറാനിലേക്ക് കരസേനയെയും അയയ്ക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയെ തുടര്‍ന്നാണ് നടപടികളെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ നാവികസേനയുടെ 10 കപ്പലുകള്‍ തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് നിര്‍ദേശം നല്‍കി. മേഖലയിലെ സുരക്ഷാ സാഹചര്യം ഗുരുതരമാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടയില്‍, ആഗോള ഊര്‍ജ്ജ വിപണിയില്‍ അനിശ്ചിതത്വം ശക്തമായി തുടരുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ച നില തുടര്‍ന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇനിയും കുതിച്ചുയരുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.