ഹൈദരാബാദ്: അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ നന്മയുടെ ഊഷ്മളത പകര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക് സ്വദേശിയായ രണ്ടരവയസ്സുകാരന് വിദഗ്ധ ചികിത്സാ സൗകര്യമൊരുക്കിയാണ് സുഷമ മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായത്. പാകിസ്താനില്‍ വിദഗ്ധ ചികിത്സ ലഭ്യമാകാത്തതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ചികിത്സക്ക് അനുമതി തേടിയ കുട്ടിയുടെ പിതാവ് കെന്‍ സയീദിന് ട്വിറ്ററിലൂടെയാണ് സുഷമ സഹായം വാഗ്ദാനം ചെയ്തത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജീവന്‍ തന്നെ അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ കെന്‍ സയീദ് സമീപിച്ചത്. സാധാരണക്കാര്‍ക്ക് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനായി സുഷമ ഒരുക്കിയ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സയീദ് സഹായം അഭ്യര്‍ത്ഥിച്ചത്. ‘ഇത് എന്റെ മകനാണ്. അവന്റെ രോഗത്തെക്കുറിച്ചോ ഇന്ത്യക്കും പാകിസ്താനുമിടയില്‍ എന്തു നടക്കുന്നുവെന്നോ ഇവന് അറിയില്ല’ -ഇതായിരുന്നു കെന്‍ സയീദിന്റെ ട്വീറ്റ്. സയീദിന്റെ പോസ്റ്റിനു കീഴില്‍ അദ്ദേഹത്തിന്റെ കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഒട്ടേറെ ഇന്ത്യക്കാരും രംഗത്തുവന്നതോടെ പോസ്റ്റ് വൈറലായി. ഉടന്‍ തന്നെ സുഷമ മറുപടി നല്‍കുകയും ചെയ്തു. സുഷമയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു: ‘ഇല്ല. ഈ കുഞ്ഞ് ദുരിതം അനുഭവിക്കേണ്ടി വരില്ല. പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ സമീപിക്കുക. മെഡിക്കല്‍ വിസക്കാവശ്യമായി നടപടികള്‍ ഞങ്ങള്‍ ചെയ്‌തോളാം’. സുഷമയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ എംബസിയെ സമീപിച്ച സയിദീനും കുടുംബത്തിനു മൂന്നു മാസത്തെ വിസക്കു പകരം വിദേശകാര്യമന്ത്രാലയം നാലു മാസത്തെ വിസ അനുവദിച്ചു. സുഷമയുടെ നല്ല മനസ്സിന് നന്ദിയറിയിച്ച് സയീദിന്റെ ട്വീറ്റുമെത്തിയതോടെ സമൂഹമാധ്യമങ്ങളിലും മറ്റും വിദേശകാര്യമന്ത്രിക്ക് അഭിനന്ദന പ്രവാഹമാണ്.