kerala

ഡാറ്റാ ലീക്കിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസ്; തെളിവ് പുറത്തുവിട്ട് രമേശ് ചെന്നിത്തല

By webdesk17

February 25, 2026

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് നേരിട്ട് ബന്ധമുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (OSD) സീറാം സാംബശിവറാവു അയച്ച കത്ത് അദ്ദേഹം പുറത്തുവിട്ടു.

കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ പി.ആര്‍.ഡിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. 2025 ഡിസംബറില്‍ ചീഫ് മിഷന്‍ ഡയറക്ടര്‍ക്ക് അയച്ച ഈ കത്ത് ഉദ്യോഗസ്ഥരുടെ സ്വകാര്യത ലംഘിക്കുന്ന ഗൗരവകരമായ തെളിവുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

‘സെന്‍ട്രലൈസ്ഡ് നോട്ടിഫിക്കേഷന്‍ ഹബ് ഫോര്‍ ഗവണ്‍മെന്റ് സര്‍വീസസ്’ എന്ന പേരില്‍ ഡിജിറ്റല്‍ സംവിധാനം തുടങ്ങാനെന്ന പേരിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. പേര്, ഫോണ്‍ നമ്പര്‍, വയസ്സ്, ലിംഗഭേദം, ജില്ല, താലൂക്ക്, വാര്‍ഡ്, ലോക്കല്‍ ബോഡി എന്നീ ക്രമത്തില്‍ എക്‌സല്‍ ഫോര്‍മാറ്റില്‍ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 12-നകം വിവരങ്ങള്‍ പി.ആര്‍.ഡി സ്‌പെഷ്യല്‍ സെക്രട്ടറിക്ക് കൈമാറാനാണ് കത്തിലെ ആവശ്യം. ഐ.ടി മിഷനും ഈ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമില്ലാതെ അദ്ദേഹത്തിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കത്ത് അയക്കില്ലെന്നും, ഇത് ഏറ്റവും വലിയ ഡാറ്റാ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.