ബ്രസീലിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി കൊടുങ്കാറ്റില്‍ മറിഞ്ഞുവീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗ്വായ്ബയില്‍ സ്ഥാപിച്ചിരുന്ന സ്റ്റാച്യു തിരക്കേറിയ റോഡിലാണ് വീണതെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വീഴ്ചയുടെ ആഘാതത്തില്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ തലഭാഗം പല കഷണങ്ങളായി തകര്‍ന്നു. 2020ലാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്. നഗരത്തിലെ ഒരു റീട്ടെയില്‍ മെഗാസ്‌റ്റോറിന്റെ കാര്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണിത്.
ന്യൂയോര്‍ക്കിലെ ഒറിജിനല്‍ പ്രതിമയുടെ പതിപ്പാണ് ഗ്വായ്ബയില്‍ സ്ഥാപിച്ചിരുന്നത്. ന്യൂയോര്‍ക്കിലേതാണ് വീണതെന്ന് ആദ്യം പ്രചരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അതിശക്തമായ കാറ്റില്‍ ഏകദേശം 24 മീറ്റര്‍ ഉയരമുള്ള പ്രതിമ നിലം പതിച്ചത്.
ഏകദേശം 24 മീറ്റര്‍ (78 അടി) നീളമുള്ള പ്രതിമയാണ് തകര്‍ന്നതെന്നും 11 മീറ്റര്‍ (36 അടി) ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിന് ഒന്നും സംഭവിച്ചില്ലെന്നും കമ്പനി അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സംഘത്തെ അയച്ചതായും കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു.