കമാല്‍ വരദൂര്‍

അമര്‍ജിംത് സിംഗ് കിയാം-നിനക്കും നിന്റെ സംഘത്തിനും നന്ദി… കാല്‍പ്പന്തിന്റെ സൗന്ദര്യത്തെ നിങ്ങള്‍ കാലുകളില്‍ ആവാഹിച്ചു. കുറിയ പാസുകളും, പന്ത് കൈമാറ്റവും, തല ഉയര്‍ത്തിയുള്ള കുതിപ്പും. ഫുട്‌ബോളിന്റെ മായിക പ്രപഞ്ചത്തിലെ രാജാക്കന്മാരെ നോക്കൂ; അവരെല്ലാം തല ഉയര്‍ത്തി സുന്ദരമായി കളിച്ചത് പോലെയാണ് നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിങ്ങള്‍ കളിച്ചത്. തോല്‍വി കാര്യമാക്കേണ്ടതില്ല. സമീപനമാണ് പ്രധാനം. ആദ്യമായി കളിക്കുന്ന ലോകകപ്പ്, പ്രതിയോഗികളാവട്ടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തട്ടകത്ത് നിന്നുള്ളവര്‍. പ്രയാസങ്ങളും പ്രതിബന്ധങ്ങളുമുണ്ടായിട്ടും വേഗതയിലും തന്ത്രങ്ങളിലും സുരേഷ് സിംഗും അനികേത് യാദവും റഹീം അലിയും കോമള്‍ തട്ടാലും കെ.പി രാഹുലും പിറക്കോട്ട് പോയില്ല. ഗോള്‍ വലയം കാത്ത ധീരജാവട്ടെ അനിതരസാധാരണ മികവില്‍ ഉജ്ജ്വല സേവുകള്‍ നടത്തി.

അമേരിക്കന്‍ സംഘത്തിന്റെ ഊര്‍ജം അവരുടെ കായബലമായിരുന്നു. ഉന്നത പരിശീലനം നേടിയവര്‍. ശാസ്്ത്രീയമായി ഫുട്‌ബോളിനെ പഠിച്ചവര്‍. ആരോഗ്യമെന്നത് മൈതാനത്തിന്റെ വായുവാണെന്ന് അറിഞ്ഞവര്‍. നമ്മളോ-കാല്‍പ്പന്തിനെ ജീവനും തുല്യം സ്‌നേഹിച്ച്, പലപ്പോഴും വായു ഭക്ഷണമാക്കി, ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും മൈതാനത്ത് ആരോഗ്യം മറന്നവര്‍. ഒരു കണക്കെടുപ്പില്‍ അമേരിക്കന്‍ ഡിഫന്‍സിന്റെ ആരോഗ്യബലമായിരുന്നു മല്‍സരത്തില്‍ അവരെ രക്ഷിച്ചത്. അവര്‍ കോട്ടകെട്ടി നിന്നു. കോമളും റഹീമും സുരേഷും ആ കോട്ട തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അവര്‍ക്കില്ലാതെ പോയത് ശാരീരിക ശക്തിയായിരുന്നു.
അമര്‍ജിത്, പേടിക്കേണ്ടതില്ല. കൊളംബിയക്കും ഘാനക്കുമെതിരെ കളിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം നിങ്ങള്‍ സംഭരിക്കണം. വേഗതയില്‍ തളര്‍ന്നു പോവാതെ, തന്ത്രങ്ങള്‍ക്കൊപ്പം വേഗത സമന്വയിപ്പിച്ച് കളിക്കുക. വിജയമല്ല, മറിച്ച് ലോകം പറയും നിങ്ങള്‍ കളിക്കാന്‍ പഠിച്ചിരിക്കുന്നു എന്ന്. ആ നല്ല വാക്കുകളാണ് രാജ്യത്തിനും നമ്മുടെ ഫുട്‌ബോളിനും ആവശ്യം.