X
    Categories: indiaNews

മൂന്ന് തവണ എംഎല്‍എയായ മിശ്രയെ തല്ലിക്കൊന്നു; യുപിയില്‍ ജംഗിള്‍ രാജ് ഭയാനകമായ അവസ്ഥയിലേക്കെന്ന് കോണ്‍ഗ്രസ്

ലക്‌നൗ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയെ ഗുണ്ടകള്‍ തല്ലിക്കൊന്നു. ലഖിംപൂര്‍ ഖേരി ജില്ലയില്‍ ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍വെച്ചാണ് മൂന്ന് തവണ എംഎല്‍എയായിരുന്ന നിര്‍വേന്ദ്ര കുമാര്‍ മിശ്രയെ ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. സംപുര്‍ണ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ട്രിക്കോലിയ പദ്വ ബസ് സ്റ്റോപ്പിന് സമീപത്തെ സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.

സ്ഥലം കയ്യേറാന്‍ ആയുധങ്ങളുമായി എത്തിയ ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ മിശ്രയുടെ മകന്‍ സഞ്ജീവ് കുമാറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മിശ്ര മരിക്കുകയായിരുന്നു. നിലവില്‍ ഭൂമി തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് അക്രമവും കൊലപാതകവും നടന്നിരിക്കുന്നത്.

മുന്‍ എംഎല്‍എ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ലഖിംപൂരില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ ആരും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. അതേസമയം, കിഷന്‍ കുമാര്‍ ഗുപ്ത എന്നയാളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മുന്‍ എംഎല്‍എയേയും മകനേയും ക്രൂരമായി മര്‍ദ്ദിച്ചതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

നേരത്തെ സ്വതന്ത്രനായാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മിശ്ര പിന്നീട് സമാജ്വാദി പാര്‍ട്ടി ടിക്കറ്റിലാണ് മത്സരിച്ചിരുന്നത്. സംഭവത്തില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ജംഗിള്‍ രാജ് ഭയാനകമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

മരിച്ച നിര്‍വേന്ദ്ര കുമാര്‍ മുന്ന 1989 ല്‍ നിഘാസന്‍ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1991 ലും 93 ലും സമാജ്വാദി പാര്‍ട്ടി ടിക്കറ്റിലാണ് വിജയിച്ചത്. ഹൃദയഭേദകമായ സംഭവമാണ് നടന്നതെന്നും ഇതേക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.

 

chandrika: