kerala
തൃശൂർ പുന്നയൂർക്കുളത്ത് റോഡ് തകർന്നുവീണു
ആറ്റുപുറം–പാറേമ്പാടം റോഡാണ് തകർന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
തൃശൂർ: തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു. ആറ്റുപുറം–പാറേമ്പാടം റോഡാണ് തകർന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റോഡ് തകരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് യാത്ര നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
റോഡിൽ ഒരാഴ്ച മുൻപേ വിള്ളൽ കണ്ടെത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ വൈദ്യുതി തൂൺ തകരാറിലായതിനെ തുടർന്ന് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു.
ഏകദേശം 13 കോടി രൂപ ചെലവഴിച്ച് എട്ട് വർഷം മുൻപാണ് പി.ഡബ്ല്യുഡി ഈ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പുതുതായി നിർമ്മിച്ച റോഡ് ഇത്തരത്തിൽ തകർന്നതിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. റോഡ് തകർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
kerala
വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് കാലാവധി നീട്ടിയത്.
കൊച്ചി: കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി മൂന്ന് മാസം കൂടി സമയം അനുവദിച്ചു. കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് കാലാവധി നീട്ടിയത്.
ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു. നിലവിൽ കേരളത്തിൽ പത്ത് ശതമാനം വഖഫ് സ്വത്തുക്കൾ മാത്രമാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പുതിയ വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിരുന്നത്. ഡിസംബർ ആറിനായിരുന്നു രജിസ്ട്രേഷനുള്ള അവസാന തീയതി. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം നിരവധി സ്വത്തുക്കൾ സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.
ഇതിനെ തുടർന്ന് കാലാവധി നീട്ടണമെന്ന മുസ്ലിം സംഘടനകളുടെയും വിവിധ സ്ഥാപന മാനേജ്മെന്റുകളുടെയും ആവശ്യം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വഖഫ് ബോർഡ് ട്രിബ്യൂണലിനെ സമീപിച്ചതും, ട്രിബ്യൂണൽ മൂന്ന് മാസം കൂടി സമയം അനുവദിച്ചതും.
kerala
ഫെസ്റ്റിവൽ ലോഗോ, ബേഡ് എന്നിവയുടെ ചരിത്രമറിയാം
ജി അരവിന്ദൻ രൂപകൽപ്പന ചെയ്ത ലോഗോ പരിഷ്കരിച്ചത് ആനന്ദ് അമൽ
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ലോഗോയും ഫെസ്റ്റിവൽ ബേഡും ചലച്ചിത്ര മേളയുടെ സാംസ്കാരിക അടയാളങ്ങളാണ്. 1998 ലെ സിഗ്നേച്ചർ ഫിലിം ഉൾപ്പെടെയുള്ള നിരവധി പ്രത്യേകതകളാണ് ഇതിലുള്ളത്.
1994 ൽ കോഴിക്കോട് നിന്ന് തുടങ്ങിയ മേള യാത്രയുടെ 30 വർഷങ്ങൾ ടാഗോറിൽ നടക്കുന്ന പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
സി എൻ ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’ എന്ന നാടകത്തിൽ നിന്നാണ് തോൽപ്പാവകൂത്ത് മാതൃകയിൽ ചലച്ചിത്ര സംവിധായകൻ ജി അരവിന്ദൻ ചലച്ചിത്രമേളയുടെ ലോഗോ രൂപകൽപ്പന ചെയ്തത്.
ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) പനോരമ വിഭാഗത്തിനു വേണ്ടി വരച്ച ഈ ലോഗോ 1998-ലെ ഐഎഫ്എഫ്കെയുടെ മൂന്നാം പതിപ്പിൽ ലോഗോയായി ഉപയോഗിച്ചു തുടങ്ങി.
1999-ൽ നാലാമത് ഐഎഫ്എഫ് കെയ്ക്കായി അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ആനന്ദ് അമലും സംഘവും ചേർന്ന് ഇന്നത്തെ രൂപത്തിലേക്ക് ഇത് മാറ്റി.
മേളയുടെ പക്ഷിയായി ചകോരം എന്ന ആശയം കൊണ്ടുവന്നത് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണാണ്. ആനിമേഷൻ ആർട്ടിസ്റ്റ്, പ്രകാശ് മൂർത്തിയാണ് ആദ്യത്തെ സ്കെച്ച് നിർമ്മിച്ചത്. ഡിസൈനർ ഗോഡ്ഫ്രെ ദാസാണ് ഇത് ഇന്നത്തെ രൂപത്തിലേക്ക് പരിഷ്കരിച്ചത്.
എല്ലാ വർഷവും അനുയോജ്യമായ നിറങ്ങളും സിഗ്നേച്ചർ ഫിലിമുകളും മേളക്കായി തെരഞ്ഞെടുക്കുന്നു. സാമൂഹികപ്രസക്തിയുള്ള പ്രമേയങ്ങളാണ് എല്ലാ വർഷത്തെയും സിഗ്നേച്ചർ ഫിലിമുകളുടെ അടിസ്ഥാനം.
നിലവിലുളള ഏറ്റവും പഴക്കമുള്ള സിഗ്നേച്ചർ ഫിലിം ഈ വർഷം റീസ്റ്റൊറേഷൻ ചെയ്ത 1998 ലെ ചലച്ചിത്രമേളയുടേതാണ്.
kerala
ന്യൂക്ലിയർ ബിൽ ജനങ്ങളുടെ ജീവൻ കൊണ്ടുള്ള ചൂതാട്ടം; വിമർശനവുമായി സമദാനി
സ്വകാര്യ മേഖലക്കും കോർപ്പറേറ്റുകൾക്കും സുപ്രധാനമായ മേഖലയിലേക്ക് കടന്നുവരാൻ വാതിൽ തുറക്കുകയും ചെയ്യുന്ന ന്യൂക്ലിയർ ബിൽ ജനങ്ങളുടെ ജീവൻ കൊണ്ടുള്ള ചൂതാട്ടമാണെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു.
രാജ്യത്തെയും ജനങ്ങളെയും സംബന്ധിച്ച് ഏറെ ഗൗരവമുള്ള മേഖലകളെ അവഗണിക്കുകയും ലാഭം പ്രതീക്ഷിക്കുന്ന സ്വകാര്യ മേഖലക്കും കോർപ്പറേറ്റുകൾക്കും സുപ്രധാനമായ മേഖലയിലേക്ക് കടന്നുവരാൻ വാതിൽ തുറക്കുകയും ചെയ്യുന്ന ന്യൂക്ലിയർ ബിൽ ജനങ്ങളുടെ ജീവൻ കൊണ്ടുള്ള ചൂതാട്ടമാണെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. ശാന്തി ബിൽ സംബന്ധിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു സമദാനി. മൂന്ന് സുപ്രധാനമായ വിഷയങ്ങളിൽ തീർത്തും നിഷേധാത്മകമാണ് ഈ നിയമനിർമ്മാണം. പാർലിമെന്റിനോട് ഉത്തരം പറയേണ്ട ഒരു സുരക്ഷാ ക്രമീകരണത്തിന് അതിൽ വകുപ്പില്ല. ഗവൺമെന്റിൽ നിന്നും ന്യൂക്ലിയർ സ്ഥാപനങ്ങളിൽ നിന്നും മുക്തവും സ്വതന്ത്രവുമായ സുരക്ഷാക്രമമാണ് ആണവ വിഷയത്തിൽ ആവശ്യമായിട്ടുള്ളത്. ഒരു ചെറിയ പരാജയം പോലും നികത്താനാവാത്തതും തിരുത്താൻ കഴിയാത്തതുമായ വൻവിപത്തിന് കാരണമായേക്കാവുന്ന ഇതുപോലുള്ളൊരു മേഖലയിൽ സുരക്ഷാനിയന്ത്രണം മറ്റുള്ളവരെ ഏൽപ്പിക്കുന്നത് ഒട്ടും നീതികരിക്കാനാവില്ലെന്ന് സമദാനി പറഞ്ഞു.
ശാന്തി എന്ന് പേരിട്ടിരിക്കുന്ന ഈ നിയമനിർമാണം ജനങ്ങൾക്ക് ആശാന്തി മാത്രം പകർന്നു നൽകാനുള്ള പഴുതുകൾ സൃഷ്ടിക്കുന്നതാണ്. ഇന്ത്യക്ക് വേണ്ടത് ശുദ്ധവും ജനങ്ങൾക്ക് സുരക്ഷിതമായി ആശ്രയിക്കാവുന്നതുമായ ഊർജ്ജമാണ്. ആണവശക്തി ഒരു സാധാരണ ഊർജ്ജസ്രോതസ്സല്ല. അത് ദേശസുരക്ഷയോടും പൊതുജനങ്ങളുടെ സുരക്ഷിതത്വത്തോടും തലമുറകളോടുള്ള ഉത്തരവാദിത്വത്തോടും ബന്ധപ്പെട്ടതാണ്. ശക്തമായ നിയമങ്ങളും ജനകീയമായ സമ്മതവും ഉത്തരം പറയാനുള്ള ബാധ്യതയും ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ ഈ മേഖലയിലൊരു നിയമനിർമാണത്തിന് മുതിരാവു. ശാന്തി ബിൽ ആണവോർജ്ജ ഉൽപാദനം വികസിപ്പിക്കുമ്പോൾ സുപ്രധാനമായ മേഖലകളിൽ നിയമപരമായ വിടവുകളാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നൊരു വിഷയത്തെ കേവലമൊരു നടപടിക്രമമായി സമീപിക്കുകയാണ് ബിൽ ചെയ്യുന്നത്.
വളരെ ഗൗരവ സ്വഭാവമുള്ളൊരു മേഖലയെ സ്വകാര്യ വ്യക്തികൾക്കും വിദേശ സംരംഭകർക്കും വേണ്ടി തുറന്നുകൊടുക്കുന്നത് നീതീകരിക്കാനാവില്ല. ഈ ബില്ലിന്റെ ഉദ്ദേശ്യം സ്വകാര്യവൽക്കരണമാണ്. ആണവ സ്ഥാപനങ്ങൾ നടത്തുന്നവർക്കുള്ള ബാധ്യതയിൽ വെള്ളം ചേർക്കാനും നിയന്ത്രണത്തിലെ ജനാധിപത്യാധികാരം എടുത്തുകളയാനും ക്രമീകരണ സംവിധാനം പിടിച്ചടക്കാനും കോർപ്പറേറ്റുകളെ സഹായിക്കുന്നതാണ് ഈ ബിൽ.
ചേർണോബിൽ ദുരന്തം ഒട്ടേറെ കാര്യങ്ങൾ സ്വയം വിശദീകരിക്കുന്നുണ്ട്. ഒരു പ്രദേശം മുഴുവൻ ജനാധിവാസ യോഗ്യമല്ലാതാവുകയും തലമുറകൾക്ക് കളങ്കമേൽപ്പിക്കുകയും ചെയ്തു. അവിടെ ജനങ്ങളുടെ പുനരധിവാസത്തിന്റെ ചിലവ് വഹിച്ചത് കോർപ്പറേറ്റുകളായിരുന്നില്ല. രാഷ്ട്രവും ജനതയുമായിരുന്നുവെന്ന് സമദാനി ഓർമിപ്പിച്ചു. വിദേശ സംരംഭകർക്കും സ്വകാര്യവ്യക്തികൾക്കും രംഗം വിട്ടോടിപ്പോകാം, ദുരിതബാധിതരായ ജനങ്ങൾക്ക് അതിന് കഴിയില്ല. റേഡിയോ ആക്ടീവ് മാലിന്യനിർമാർജനത്തിനും അടിയന്തിര സജ്ജീകരണങ്ങൾക്കും ബില്ലിൽ വകുപ്പില്ല. കേന്ദ്രസർക്കാരിന്റെ പതിവ് നിയമനിർമാണങ്ങളെപ്പോലെ ഈ ബില്ലും ഫെഡറലിസത്തെ നിരാകരിക്കുന്നതാണ്. ആപൽഘട്ടങ്ങളെ ഏറ്റെടുക്കേണ്ട സംസ്ഥാനങ്ങളുമായി കൂടിയാലോചനക്കും ബില്ലിൽ വകുപ്പില്ല.
ആറ്റം ബോംബിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധ അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ജൂലിയസ് റോബർട്ട് ഓപ്പൻഹൈമർ ആണവയുഗത്തിന്റെ ജന്മത്തിന് സാക്ഷ്യം വഹിച്ചപ്പോൾ ഭഗവത്ഗീതയിലെ ഒരു ശ്ലോകമാണ് ഓർത്തത്: “ദിവി സൂര്യസഹസ്രസ്യ ഭാവേദ് യുഗപദ്ത്ഥിതാ യദി ഭാഹ് സദൃശി സാ സ്യാദ് ഭാസസ്തസ്യ മഹാത്മന:”
(ആകാശത്ത് ആയിരം ആദിത്യന്മാർ ഉദിച്ച് പ്രസരിക്കുംപോലെയായിരിക്കും മഹാത്മൻ ആയിരിക്കുന്നവന്റെ ശോഭ). വിഭ്രമവും മുന്നറിയിപ്പും നൽകുന്നു ഈ ശ്ലോകം. മനുഷ്യനിയന്ത്രണത്തെ മറികടക്കുന്ന ശക്തിയെ ഉൽഘോഷിക്കുന്നു എന്ന അർത്ഥത്തിലാണ് അദ്ദേഹം ഈ ശ്ലോകം ഓർക്കുകയുണ്ടായത്. “ഇന്ത്യയെ പരിവർത്തിപ്പിക്കാനും” “ഇന്ത്യയുടെ ക്ഷേമത്തിനും” ആണ് ഈ ബിൽ എന്ന് അതിന്റെ ശീർഷകത്തിലും മുഖവുരയിലും പറയുന്നുണ്ട്. ഏത് അവസ്ഥയിലേക്ക് പരിവർത്തിപ്പിക്കാനും ഏതുതരം ക്ഷേമത്തിനുമാണെന്ന് മന്ത്രിയും സർക്കാരും വ്യക്തമാക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
GULF22 hours agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
