തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ദുരൂഹതകള്‍ നീക്കാന്‍ ഡി. മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും ഡി. മണി അന്വേഷണ സംഘ ത്തോട് സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. താന്‍ ഡി മണിയല്ല എം. എസ് മണിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം സംഘം എത്തിയതെന്നാണ് മണിയുടെ വാദം. എംഎസ് മണി എന്നാണ് തന്റെ പേരെന്നും ബാലമുരുകന്‍ എന്ന ഡി മണി തന്റെ സുഹൃത്താണ് എന്നുമാണ് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. അടുത്തമാസം നാലിനോ അഞ്ചിനോ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് എത്തണമെന്ന് എസ്.ഐ.ടി ഇയാള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ മണി പറഞ്ഞത് കളവാണെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. പ്രവാസി വ്യവസായിയുടെ മൊഴിയിലുണ്ടായ വ്യക്തി തന്നെയാണിതെന്ന് എസ്.ഐ.ടി ഉറപ്പിച്ച് പറയുന്നു.