ഹൈദരാബാദ്: കള്ളപ്പണക്കാരെ പിടികൂടാനെന്ന് പറഞ്ഞ് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഏറ്റവുമധികം ദുരിതത്തിലായത് പൊതുജനങ്ങളാണ്. നിത്യ ചെലവിനുള്ള ആയിരവും അഞ്ഞൂറും മാറ്റാനാണ് മിക്കവരും ബാങ്കിലെത്തുന്നതും.

എന്നാല്‍ തെലങ്കാനയിലെ വികരാബാദില്‍ കഴിഞ്ഞ ദിവസം പണം മാറ്റാനെത്തിയ യാചകനെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ബാങ്ക് അധികൃതര്‍ ഞെട്ടി. യാചകന് അഞ്ഞൂറോ ആയിരമോ ആയിരമോ ആയിരുന്നില്ല. മറിച്ച്, 50 ലക്ഷം രൂപയാണ് മാറ്റേണ്ടിയിരുന്നത്. ബാങ്കധികൃതര്‍ ആവശ്യപ്പെട്ട പാന്‍ കാര്‍ഡ് ഉടനടി നല്‍കുകയും ചെയ്തു ഇയാള്‍.

സ്രോതസ് വെളിപ്പെടുത്താനാവശ്യപ്പെട്ടപ്പോള്‍, കുടുംബത്തിലെ എല്ലാവരും ഭിക്ഷാടകരാണെന്നും ഇത് കുടുംബ സ്വത്താണെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്. ഈയിടെ രണ്ടേക്കര്‍ ഭൂമി വിറ്റപ്പോള്‍ ലഭിച്ച പണവുമുണ്ടെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഭൂമി വിറ്റ രേഖകളില്ലാത്തതിനാല്‍ ഇയാളെ പൊലീസ് തിരിച്ചയക്കുകയായിരുന്നു.