Video Stories
ഭിന്ന സംഘടനകള്‍ക്ക് അതീതമായ ഐക്യം
ഇസ്ലാം പേടി എന്ന പ്രതിഭാസം ഇളക്കിവിട്ട് ലോകത്തുടനീളം ഒരു ഇസ്ലാം വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ചില ശക്തികള്‍. അമേരിക്കയില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് പ്രചാര വേല നടത്തുന്ന സമയത്ത് തന്നെ തന്റെ മുസ്ലിം വിരുദ്ധ നയം വെട്ടിത്തുറന്നു പറഞ്ഞിരുന്നു. മുസ്ലിംകളെ മുസ്ലിംകളെക്കൊണ്ട് തന്നെ നശിപ്പിക്കാനായി ആദ്യം അവരില്‍ തീവ്രവാദികളെ സൃഷ്ടിക്കുകയും പിന്നെ തീവ്രവാദ വേട്ട നടത്തുകയും ചെയ്യുന്ന തന്ത്രമാണ് ഈ ശക്തികള്‍ പ്രയോഗിക്കുന്നത്. അറബ് വസന്തം എന്ന പേരില്‍ അരങ്ങേറിയ വിപ്ലവത്തിന് പാശ്ചാത്യ ശക്തികള്‍ പിന്തുണ നല്കിയപ്പോള് ഏകാധിപതികള്‍ക്കെതിരിലുള്ള പോരാട്ടം എന്ന് വിശേഷിപ്പിച്ച് അതില്‍ പങ്കെടുത്ത ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അറബ് നാടുകളില്‍ ഇന്ന് കാണുന്ന അരാജകത്വമായിരിക്കും അതിന്റെ പരിണിത ഫലമെന്ന് കാണാനുള്ള ബുദ്ധിയുണ്ടായില്ല. അന്താരാഷ്ട്ര തലത്തില്‍ തന്നെ രൂപംകൊള്ളുന്ന ഇസ്ലാം വിരുദ്ധ സഖ്യത്തില്‍ ഇന്ത്യ കണ്ണി ചേരണമെന്നാഗ്രഹിക്കുന്നവര്‍ ദേശത്തിന്റെ പുറത്തെന്നപോലെ അകത്തുമുണ്ട്. ഇന്ത്യയില്‍ തീവ്രവാദം, ദേശദ്രോഹം, സമുദായിക സ്പര്‍ദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തി പലര്‍ക്കുമെതിരില്‍ നടപടികളാരംഭിച്ചു. ഈ കൈകള്‍ ആര്‍ക്കുമെതിരിലും നീണ്ടേക്കാം. അസാധുവാക്കല്‍ നോട്ടില്‍ മാത്രം പരിമിതമാകുമെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഈ പരിതസ്ഥിതിയെ നേരിടാന്‍ മുസ്ലിംകള് മത-സമുദായ- രാഷ്ട്രീയ സംഘടനാ വിഭജനങ്ങള്‍ക്കെതീതമായ ഒരൈക്യത്തിന് തയ്യാറാകേണ്ടത് നിലനില്‍പ്പിന് അനിവാര്യമാണ്.
പക്ഷേ എന്താണ് മുസ്ലിംകളുടെ അവസ്ഥ. ഒരു അറബിക്കവിയുടെ വിലയിരുത്തല്‍ ഇങ്ങനെ:
‘ഞാന്‍ കിഴക്കും പടിഞ്ഞാറും ചുറ്റിക്കറങ്ങി ഭൂമിയിലുള്ള മതങ്ങളെയെല്ലാം പരിശോധിച്ചു.
ഇസ്ലാമിനെപ്പോലെ ഇത്രയേറെ ഐക്യത്തിനാഹ്വാനം ചെയ്യുന്ന മറ്റൊരു മതത്തെയും കണ്ടില്ല.
ഈ മതത്തിന്റെ അനുയായികളെപ്പോലെ ഇത്രയേറെ ഭിന്നിപ്പുള്ളവരെയും!
ഭിന്ന വീക്ഷണം സ്വാഭാവികമാണ്. ഒരു അച്ചില്‍ വാര്‍ത്തെടുത്തവയല്ല മനുഷ്യബുദ്ധികള്‍. പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും അവയെ അടിസ്ഥാനമാക്കി അഭിപ്രായങ്ങളും വിധികളും രൂപപ്പെടുത്തുന്നതിലും വ്യത്യസ്തതകള്‍ സംഭവിക്കും. പ്രവാചകന്റെ കാലത്ത് തന്നെ ചില വിഷയങ്ങളില്‍ അനുയായികള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. തിരുമേനി ഒരു സംഘത്തോട് ബനൂഖുറൈദയില്‍ എത്തിയല്ലാതെ നിങ്ങള്‍ അസര്‍ നമസ്കരിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിടെയെത്തുമ്പോള്‍ അസറിന്റെ സമയം തെറ്റുമെന്ന് കണ്ട് ചിലര്‍ യാത്രാമധ്യേ നമസ്കരിച്ചു.
വേറൊരു വിഭാഗം റസൂലിന്റെ കല്പന അക്ഷരം പ്രതി പാലിച്ചു ബനൂഖുറൈദയില്‍ എത്തിയശേഷമാണ് നമസ്കരിച്ചത്. അതുപോലെ പ്രവാചകന് രണ്ടുപേരെ ഒരു സ്ഥലത്തേക്കയച്ചു. നമസ്കാരത്തിന് സമയമായി. വെള്ളം കിട്ടിയില്ല. രണ്ടു പേരും തയമ്മും ചെയ്തു നമസ്കരിച്ചു. പിന്നെ വെള്ളം കിട്ടിയപ്പോള്‍ ഒരാള്‍ അതുകൊണ്ട് അംഗശുദ്ധി വരുത്തി നമസ്കാരം ആവര്‍ത്തിച്ചു. മറ്റേ ആള് ആദ്യത്തെ നമസ്കാരം കൊണ്ടു മതിയാക്കി. പ്രവാചകന് രണ്ടു പേരുടെയും നടപടി അംഗീകരിക്കുകയാണ് ചെയ്തത്. പ്രവാചകന് മരണമടഞ്ഞപ്പോള്‍ പിന്‍ഗാമി ആരായിരിക്കണമെന്ന കാര്യത്തിലും ഭിന്നാഭിപ്രായമുണ്ടായി. മുസ്ലിംകള് സിറിയയിലേക്ക് പുറപ്പെട്ടപ്പോഴാണ് അവിടെ കോളറയുണ്ടെന്ന വിവരം കിട്ടുന്നത്. അപ്പോള്‍ അവര്‍ രണ്ടു ചേരിയായി. ലക്ഷ്യത്തിലേക്ക് നീങ്ങുകതന്നെ വേണമെന്ന് ഒരു വിഭാഗം. മറ്റൊരു വിഭാഗമാകട്ടെ കോളറ ബാധിത പ്രദേശത്തേക്ക് എടുത്തു ചാടിപോകുന്നതിന് എതിരും. അവസാനം ഉമര്‍ യാത്ര നിര്‍ത്തിവെക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോള്‍ പ്രസിദ്ധനായ നബിശിക്ഷ്യന്‍ അബൂ ഉബൈദയുടെ വിമര്‍ശനം: ‘ദൈവ വിധിയില്‍ നിന്ന് ഒളിച്ചോടുകയോ?’ ഉമറിന്റെ മറുപടി ഇങ്ങനെ: ‘അതെ, ദൈവ വിധിയില്‍ നിന്ന് ദൈവവിധിയിലേക്ക്’
എന്നാല്‍ മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസികള്‍ക്ക് ഭിന്ന വീക്ഷണം പാടില്ല. അവയില്‍ പ്രധാനമായത് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുള്ള ഇപ്പറയുന്നവയാണ്: ആരാധനയും പ്രാര്‍ത്ഥനയും അല്ലാഹുവിന് മാത്രം. പ്രപഞ്ച സ്രഷ്ടാവായ അവന് ഏകനാണ്. ദൈവ നിഷേധവും ബഹുദൈവത്വവും കപട വിശ്വാസവും വര്‍ജ്ജ്യം. നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ നിര്‍ബന്ധം. ദൈവം, മലക്കുകള്‍, വേദ ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്, രക്ഷാശിക്ഷകള്‍ ലഭിക്കുന്ന പരലോക ജീവിതം, ദൈവ വിധി എന്നിവയില്‍ വിശ്വസിക്കണം. വ്യഭിചാരം, പലിശ, മദ്യപാനം തുടങ്ങിയ ബാഹ്യമായ നീചകൃത്യങ്ങളും അസൂയ, വിരോധം, വഞ്ചന തുടങ്ങിയ ആന്തരീയ നീചതകളും പാടില്ല. സത്യം, നീതി, കരാര്‍ പാലനം തുടങ്ങിയവ പാലിക്കണം. അന്യരുടെ ജീവന്, സ്വത്ത്, അഭിമാനം, മതം, സ്വാതന്ത്ര്യം എന്നിവക്ക് സംരക്ഷണം നല്‍കണം. മറ്റുള്ളവരുടെ അവകാശങ്ങള്‍ അപഹരിച്ചുള്ള തെറ്റായ ഒരു ധനസമ്പാദനവും പാടില്ല. ഈ അടിസ്ഥാന തത്വങ്ങളില്‍ അഭിപ്രായ ഭിന്നതയില്ലെങ്കിലും വിശദാംശങ്ങളില്‍ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്.
ഉദാഹരണമായി നമസ്കാരം. അതിന്റെ നിര്‍വഹണ രൂപത്തില്‍ കൈകെട്ട്, ബിസ്മി ഓതല്‍, സുബ്ഹിലെ ഖുനൂത്ത്, അത്തഹിയ്യാത്തിലെ വിരലനക്കല്‍ തുടങ്ങി എത്രയോ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രസിദ്ധ പണ്ഡിതനായ ദഹ്ലവി ‘അല്‍ ഇന്‍സാഫ് ഫീ അസ്ബാബില്‍ ഇഖ്തിലാഫ്’ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചതിങ്ങനെ: സ്വഹാബികളിലും താബിഉകളിലും ശേഷമുള്ളവരിലുമെല്ലാം ബിസ്മി ഓതുന്നവരും ഓതാത്തവരും ഉറക്കെ ഓതുന്നവരും പതുക്കെ ഓതുന്നവരും സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത് ഓതുന്നവരും ഓതാത്തവരുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ പരസ്പരം തുടര്‍ന്നു നമസ്കരിച്ചിരുന്നു.’ ഇതാണ് മാതൃകാ യോഗ്യമായ സഹിഷ്ണുതയും സംസ്കാരവും.
നാലു മദ്ഹബുകള്‍ ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. അവയുടെ ഇമാമുകള്‍ എത്ര വിശാല മനസ്കരായിരുന്നു. അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലല്ല. ഇമാം ശാഫിഇയുടെ അനുയായികള്‍ക്കും അബൂഹനീഫക്കുമൊന്നും മദീനയില്‍ ബിസ്മി ഓതാത്ത മാലികികളെ തുടര്‍ന്നു നമസ്കരിക്കുന്നതിന് വിരോധമുണ്ടായിരുന്നില്ല. ഇമാം ശാഫിഈ മാലികിനോട് കുറ്റമറ്റ ഒരു ഹദീസ് ലഭിച്ചാല്‍ തനിക്ക് നല്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇമാം അബൂ ഹനീഫയെ ഏറ്റവും അധികം വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു അബൂകുറൈബ്. പക്ഷേ, ഇമാം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഒരു നല്ല മനുഷ്യന്’ എന്നായിരുന്നു. ഇമാം ദഹബിക്ക് ഇബ്നുഹസമിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പിഴച്ചു എന്ന് പറയാതെ അദ്ദേഹത്തിന്റെ ബുദ്ധി സാമര്‍ത്ഥ്യത്തിന്റെയും തികഞ്ഞ വിജ്ഞാനത്തിന്റെയും മുമ്പില്‍ താന്‍ തലകുനിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്.
മത വിഷയങ്ങളില്‍ മൗലികമല്ലാത്ത കാര്യങ്ങളിലുള്ള ഭിന്നാഭിപ്രായം ഒരിക്കലും സമുദായത്തിന്റെ പിളര്‍പ്പിനോ അനൈക്യത്തിനോ കാരണമായിക്കൂടാ. മൂന്നാം ഖലീഫ ഉസ്മാന് തന്റെ മുന്ഗാമികളില് നിന്ന് വ്യത്യസ്തമായി മിനായില്‍ നാലു റക്അത്തുള്ള നമസ്കാരം ചുരുക്കാതെ പൂര്‍ത്തിയായി നിര്‍വഹിച്ചു. ഇബ്നു മസ്ഊദ് ഇതിനെ ശക്തിയായി എതിര്‍ത്തുവെങ്കിലും ഖലീഫയുടെ പിന്നില്‍ നിന്ന് നാലു റക്അത്ത് പൂര്‍ത്തിയാക്കി നമസ്കരിച്ചു. ഇതിന് അദ്ദേഹം പറഞ്ഞ കാരണം ‘ഭിന്നിപ്പ് തിന്മയാണ്’ എന്നതാണ്.
സംഘടനകള്‍ രൂപീകരിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകരണവും ശക്തിയും ക്രമീകരണവും വരുത്താനാണ്. ഈ സംഘടനകള്‍ സമുദായത്തിന്റെ മതപരവും സാമൂഹ്യവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിയില്‍ വഹിച്ച പങ്ക് ആര്‍ക്കും കുറച്ചു കാണിക്കുക സാധ്യമല്ല. ഓരോ സംഘടനക്കും മറ്റേതില്‍ നിന്ന് വ്യത്യസ്തമായ സ്വന്തമായ വ്യക്തിത്വവും ക്രമവും കര്‍മ രീതിയുമുണ്ടാകും. എന്നാല്‍ അവ തമ്മില്‍ പരസ്പരമുള്ള വിരോധത്തിനും അകല്‍ച്ചക്കും വിദ്വേഷ പ്രചാരണത്തിനും ന്യായീകരണമില്ല. അടിസ്ഥാനതത്വങ്ങളില്‍ എല്ലാവരും ഒന്നായിരിക്കെ.
ലോകത്തില്‍ പൊതുവെയും ഇന്ത്യയില്‍ വിശേഷിച്ചുമുള്ള ഇന്നത്തെ ആശങ്കാജനകമായ സാഹചര്യത്തില്‍ വ്യത്യസ്ത മുസ്ലിം മത-സാമൂഹ്യ- രാഷ്ട്രീയ സംഘടനകള്‍ മതത്തെയും സമുദായത്തെയും നേരിടുന്ന വെല്ലുവിളികളെ ചെറുക്കുന്നതില്‍ യോജിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നതും അഭിപ്രായപ്പെടുന്നതും മാത്രം ശരി. അതിനോട് വിയോജിക്കുന്നവരുമായി ഒരിക്കലും അടുക്കാന്‍ പാടില്ല’ എന്ന നിലപാട് എത്ര അപകടകരമാണ്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പിളര്‍ന്ന ചില മത സംഘടനകള്‍ യോജിക്കുന്നു എന്ന വാര്‍ത്ത ഏറെ ആശ്വാസം പകരുന്നതാണ്. ഇത്തരം നീക്കങ്ങളെ എല്ലാ സുമനസ്സുകളും സ്വാഗതം ചെയ്യുകയും മാതൃകയാക്കുകയും ചെയ്യും. സംഘടനകള്‍ക്കതീതമായ സമുദായ ഐക്യം ഇതായിരിക്കട്ടെ, എല്ലാവരുടെയും സ്വപ്നം.
News
കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; അക്രമികളെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്
ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ടൊറന്റോ സര്‍വകലാശാലയുടെ സ്കാര്‍ബറോ ക്യാംപസിന് സമീപം ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ പ്രദേശത്താണ് 20 വയസ്സുള്ള ഗവേഷണ വിദ്യാര്‍ത്ഥി ശിവങ്ക് അവസ്തിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ തന്നെ ശിവങ്ക് മരിച്ചതായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.34 ഓടെയാണ് ശിവങ്കിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പൊലീസ് അഭ്യര്‍ത്ഥിച്ചതായും അധികൃതര്‍ അറിയിച്ചു.
വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. സംഭവത്തില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി. ശിവങ്കിന്റെ കുടുംബവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും, പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിവരികയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്. ദിവസങ്ങള്‍ക്ക് മുന്‍പ് ഹിമാന്‍ഷി ഖുറാന (30) എന്ന ഇന്ത്യന്‍ യുവതിയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ഹിമാന്‍ഷിയുടെ സുഹൃത്ത് അബ്ദുല്‍ ഗഫൂറി (32)ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കുറ്റത്തിന് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കാനഡയില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവങ്ങള്‍.
Video Stories
ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണം: വിഎച്ച്പി
വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു
ന്യൂഡല്‍ഹി: ക്രിസ്മസ് പോലുള്ള മതപരമായ ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആഹ്വാനം ചെയ്തു. മതവും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ നിലപാടെന്ന് സംഘടന വ്യക്തമാക്കി.
ഹിന്ദു കടയുടമകള്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും, അത്തരത്തിലുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും വിഎച്ച്പി നിര്‍ദേശിച്ചു. വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു.
ഡിസംബര്‍ 13ന് വിഎച്ച്പി ഇന്ദ്രപ്രസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത കടയുടമകള്‍ക്കും ഷോപ്പിംഗ് മാള്‍ നടത്തിപ്പുകാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള കത്തില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലമായി സംഘടിത മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റ് മതങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് അവയ്ക്ക് സാമൂഹിക അംഗീകാരം നല്‍കുന്നതായെന്നും കത്തില്‍ പറയുന്നു.
ക്രിസ്മസ് ആഘോഷിക്കുന്നതോ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ ചെയ്യുന്ന ഷോപ്പിംഗ് മാളുകളുടെയും സ്കൂളുകളുടെയും മാനേജ്മെന്റുകള്‍ക്ക് കത്തയക്കുമെന്നും വിഎച്ച്പി അറിയിച്ചു. ഇതിലൂടെ സംഘര്‍ഷമോ ശത്രുതയോ സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും സമാധാനപരമായ സാംസ്കാരിക ഉണര്‍വ് വളര്‍ത്തുകയാണ് ഉദ്ദേശമെന്നും സംഘടന നേതാക്കള്‍ വിശദീകരിച്ചു.
ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുസമൂഹത്തിന്റെ സഹിഷ്ണുതയെ ചൂഷണം ചെയ്ത് മതപരിവര്‍ത്തനം നടത്തുകയാണെന്നും അത് തടയുകയാണ് കത്തിന്റെ ലക്ഷ്യമെന്നും സുരേന്ദ്ര ഗുപ്ത മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സഭ പരസ്യമായി വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവര്‍ത്തന ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹത്തെ സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നുമാണ് വിഎച്ച്പിയുടെ നിലപാട്.
Video Stories
ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ മാറ്റങ്ങള്‍; സഞ്ജു തിരിച്ചെത്തി
ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത
മുംബൈ: 2026ലെ ടി20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടൊപ്പം ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായ ടീമില്‍ അക്സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെ ഒഴിവാക്കി, ഇഷാന് കിഷനെ ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടം നേടി. ഈ ടീമില്‍ സ്റ്റാന്‍ഡ്ബൈ അംഗങ്ങള്‍ ഇല്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തില്‍ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിച്ചതാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. ഗില്ലിന് പകരക്കാരനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. ഈ പ്രകടനം അജിത് അഗാര്‍ക്കര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടി. ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത.
ഇന്ത്യന്‍ ടീം (ടി20):
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന് കിഷന്, റിങ്കു സിംഗ്.
-
kerala13 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
Film10 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
GULF10 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
News16 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
india9 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
kerala12 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
kerala3 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
