ബംഗളൂരു: കർണാടകയിൽ 13 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. 14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചാണ് ബലാത്സംഗം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബലാത്സംഗത്തിന്റെ വീഡിയോ അവരുടെ കൈവശമുണ്ടെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.