X

കോഴിക്കോട് മരിച്ച രണ്ടു പേര്‍ക്ക് നിപ സ്ഥിരീകരിച്ചു

പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം വൈകിട്ട് ആറുമണിക്ക് കോഴിക്കോട് നടക്കും.

രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതില്‍ ഒരാള്‍ക്ക് 49 വയസ്സും ഒരാള്‍ക്ക് 40 വയസ്സുമാണ്. ഒരാള്‍ ഓഗസ്റ്റ് 30നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.

നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് 4 പേര്‍ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പര്‍ക്കമാണ് ആണ് എല്ലാം. ഹൈ റിസ്‌കിലും ഇവര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

എല്ലാ ആശുപത്രികളിലും മാസ്‌ക്, പിപി കിറ്റ് അടക്കമുള്ള ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

webdesk13: