Connect with us

Video Stories

മഞ്ഞുതുള്ളികള്‍ക്കിടയില്‍ ഒരു മഴവില്ല്- ‘ഇ. അഹമ്മദ് ‘ഗ്രന്ഥത്തെക്കുറിച്ച് എം.സി വടകര

ആയിരം പേജുകളില്‍ ഇടയ്ക്കിടെ ആകര്‍ഷകമായ അനേകം ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഗ്രന്ഥശില്‍പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് ‘ചന്ദ്രിക’ നല്‍കിയ അനര്‍ഘമായ ഒരു മുതല്‍ക്കൂട്ടാണ്

Published

on

പാലാഴി മഥനം വളരെ പ്രസിദ്ധമാണ്. പണ്ട് ദേവന്മാരും അസുരന്മാരും ചേര്‍ന്ന് മന്ഥര പര്‍വതത്തെ കടയോലാക്കി വാസുകി സര്‍പ്പത്തെ കയറാക്കി പാലാഴി കടഞ്ഞുകടഞ്ഞെടുത്ത അമൃതിന്റെ കഥ ഭാഗവതത്തില്‍ ഉണ്ട്. എന്നാല്‍ ഇവിടെ നിശ്ചയദാര്‍ഢ്യത്തിന്റെ പരംപൊരുളായ പത്രപ്രവര്‍ത്തകന്‍ സി.പി സൈതലവി സ്വയം കടയോലായി കടഞ്ഞുകടഞ്ഞുണ്ടാക്കിയ അമൃതകുംഭമാണ് ‘ഇ അഹമ്മദ് സ്മാരക ഗ്രന്ഥം’.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ചരിത്രം പുതഞ്ഞുറങ്ങുന്ന കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ സിംഹാസനവുമായി അകന്ന ബാന്ധവം പുലര്‍ത്തുന്ന മക്കാടത്ത് ഭവനത്തില്‍ നിന്ന് ആരംഭിച്ച് ഈ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ അകത്തളങ്ങളില്‍ അവസാനിച്ച ഇ അഹമ്മദിന്റെ ധന്യമായ ജീവിതം സംഭവബഹുലവും സംഘര്‍ഷനിര്‍ഭരവുമാണ്. ഈ സുദീര്‍ഘമായ ജീവിതയാത്രക്കിടയില്‍ അദ്ദേഹം നേര്‍സാക്ഷ്യം വഹിച്ചതും കേരളത്തിന്റെ ജാതകം തിരുത്തിക്കുറിച്ചതുമായ പ്രതിസന്ധികളും വഴിയോരക്കാഴ്ചകളില്‍ അദ്ദേഹം നേരില്‍ കണ്ട നേതാക്കളും നിരവധിയാണ്. അത്തരം ചില സമസ്യകളില്‍ അദ്ദേഹം ഭാഗഭാക്കുമാണ്. വിദ്യാര്‍ത്ഥി നേതാവ്, അഭിഭാഷകന്‍, നിയമസഭാ സാമാജികന്‍, മന്ത്രി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം അതുല്യ പ്രഭ തൂകിയ ഒരു റിക്കാര്‍ഡ് ആണ് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്.

2004ലെ പൊതുതിരഞ്ഞെടുപ്പു കാലം ഓര്‍ത്തു നോക്കൂ. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി നിര്‍ത്തിയ 20 സ്ഥാനാര്‍ത്ഥികളില്‍ 19 പേരും തോറ്റുപോയി. വിജയപീഠത്തില്‍ എത്തിയത് ഒരേ ഒരാള്‍ മാത്രം. ആ ആള്‍ ഇ.അഹമ്മദ് ആയിരുന്നു. അതും ഒരപൂര്‍വറിക്കാര്‍ഡ് ആയി. ആ അപൂര്‍വതയുടെ ചിറകിലേറി അദ്ദേഹം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ അവിടെ അദ്ദേഹത്തെ കാത്തുനിന്നത് ഒരു മന്ത്രിക്കസേര. അത് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് ചരിത്രപ്രസിദ്ധമായ ഉജ്ജ്വല നേട്ടവുമായി. ഇ.അഹമ്മദുമായി ഇടപെട്ടവരും അനുഭവങ്ങള്‍ പങ്കിട്ടവരുമായ പല പ്രശസ്തരും അപ്രശസ്തരുമായ നേതാക്കള്‍ തങ്ങളുടെ ഓര്‍മച്ചെപ്പുകള്‍ തുറന്നുവെക്കുന്നതാണ് ഈ ഉപഹാര ഗ്രന്ഥത്തിന്റെ ഉത്തമ ഭാഗം. ‘സമുദായത്തിനും രാജ്യത്തിനും സമര്‍പ്പിച്ച ജീവിതം’ എന്ന ശീര്‍ഷകത്തില്‍ തന്റെ അനുഭവക്കുറിപ്പുകള്‍ രേഖപ്പെടുത്തിക്കൊണ്ട് പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതിയതാണ് ഇതിലെ ആദ്യ ലേഖനം. ‘ഒരുപക്ഷേ ദേശീയ- സാര്‍വദേശീയ നേതാക്കളെ ഇത്രയേറെ പരിചയമുള്ള മറ്റൊരു നേതാവ് കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ കുറവാകാം’ എന്ന് ജനാബ് തങ്ങള്‍ ഈ ലേഖനത്തില്‍ നിരീക്ഷിക്കുന്നു.

”യുപിഎ ഗവണ്‍മെന്റിലെ കേന്ദ്രമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പര്യാലോചനാ പരിശ്രമങ്ങള്‍ അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ ബന്ധം അഭിവൃദ്ധി പ്പെടുത്തി” എന്ന് രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ ലേഖനത്തില്‍ വിലയിരുത്തുന്നു. അഹമ്മദ് സാഹിബിന്റെ അന്ത്യനിമിഷങ്ങളെ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. ”പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായും കോഴിക്കോട്ട് ലീഗ് ഹൗസിലെത്തി നേതാക്കളുമായുമൊക്ക സ്ഥിതിയുടെ ഗൗരവം ചര്‍ച്ച ചെയ്തു. ആശ്വാസത്തിന്നുള്ള വകയൊന്നും ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നില്ല. ആശുപത്രി അധികൃതരുടെ നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണെന്ന സംശയമുണര്‍ന്നെങ്കിലും ഡോക്ടര്‍മാരില്‍ നിന്ന് കേള്‍ക്കാന്‍ കൊതിക്കുന്ന നല്ല വര്‍ത്തമാനത്തിനായി തന്നെ കാത്തു. പക്ഷെ നാഥന്റെ വിളിക്കുത്തരം നല്‍കിയതായി പുലര്‍ച്ചെ സ്ഥിരീകരിച്ചു. ജീവിതം പോലെ മരണവും ഐതിഹാസികമാക്കിയാണ് നമ്മുടെ നേതാവ് ഇ. അഹമ്മദ് സാഹിബ് കടന്നുപോകുന്നത്.”
നെഹ്‌റു കുടുംബവുമായി അഹമ്മദ് സാഹിബിനുള്ള ഉലയാത്ത ബന്ധത്തെക്കുറിച്ചാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ‘നെഹ്‌റു കുടുംബത്തിന്റെ തോഴന്‍’ എന്നാണ്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എഴുതിയിട്ടുണ്ട് ഹൃദ്യമായ ഒരു ലേഖനം. ”തന്റെ ജനത ഏല്‍പ്പിച്ച ജോലിയില്‍ സദാ വ്യാപൃതനായിരുന്നു അദ്ദേഹം. ലോകമൊട്ടുക്കും അദ്ദേഹം അതിനായി ഓടി നടന്നു. ഒരു ജന്മത്തില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതിലുമെത്രയോ അധികം അഹമ്മദ് സാഹിബ് ചെയ്തുതീര്‍ത്തു.”- ഇതാണ് ഖാര്‍ഗെയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെക്ക് എതിരായി മത്സരിച്ച ഡോ. ശശി തരൂരും അഹമ്മദ് സാഹിബിനെ ദീര്‍ഘമായി അനുസ്മരിക്കുന്നുണ്ട്. ഇംഗ്ലീഷിലാണ് തരൂരിന്റെ ലേഖനം.തലക്കെട്ട്-‘The beliefs of E. Ahamed- A tribute’ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉറ്റ ബന്ധുവായിരുന്നു ഇ.അഹമ്മദ് സാഹിബ് എന്ന് ആ സംഘടനയുടെ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുസ്മരിക്കുന്നു.
മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിയില്‍ നിന്ന് അഹമ്മദ് സാഹിബിന്റെ പ്രസംഗം അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ തന്റെ വിദ്യാര്‍ത്ഥി ജീവിതത്തിലെ അവിസ്മരണീയ സംഭവത്തെയാണ് ഡോ. ഹുസൈന്‍ മടവൂര്‍ ഓര്‍ത്തെടുക്കുന്നത്.

”അഹമ്മദിന്റെ വിയോഗത്തിലൂടെ രാഷ്ട്രത്തിന് വളരെ പ്രഗല്‍ഭനായ ഒരു രാഷ്ട്രീയ നേതാവിനെയാണ് നഷ്ടപ്പെട്ടതെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം നീണ്ടകാലത്തെ ഹൃദയബന്ധമുള്ള അടുത്ത ഒരു സഹോദരനെയോ സുഹൃത്തിനെയോ ആണ്” എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘മറക്കാനാവാത്ത സ്നേഹവായ്പ്പോടെ’ ഓര്‍ക്കുന്നത്.അതിപ്രശസ്തരായ ഏതാനും രാഷ്ട്രീയ നേതാക്കളുടെ ദീര്‍ഘമായ സന്ദേശകുറിപ്പുകളോടെയാണ് ഈ സ്മാരകഗ്രന്ഥം ആരംഭിക്കുന്നത്. മുന്‍ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയ ഗാന്ധി, മുന്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് പി. സദാശിവന്‍ മുതലായ പ്രഗത്ഭരാണ് ഇ.അഹമ്മദ് സാഹിബുമായുള്ള ഉറ്റബന്ധത്തെ അനുസ്മരിച്ചുകൊണ്ട് ആശംസാ സന്ദേശങ്ങള്‍ അയച്ചിട്ടുള്ളത്. അവയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം വികാരഭരിതമാണ്. അദ്ദേഹം നയപ്രഖ്യാപനം നടത്തുമ്പോഴാണല്ലോ ഇ.അഹമ്മദ് പാര്‍ലമെന്റ് ഹൗസില്‍ കുഴഞ്ഞുവീണത്. മുഖര്‍ജി ഇങ്ങനെ അനുസ്മരിക്കുന്നു.

”… I was shocked to learn that he had a heart ttaack while ltsiening to my address to the joint session of the Parliament on January 31,2017 and later passed away in the hospital. With the death of shri . Ahammed, the Indian union muslim league ltos a senior competent leader and the Parliament ltos an effectiv–e member repretnsing his people from thets ate of Kerala”.

തുടര്‍ന്നങ്ങോട്ട് ലേഖനങ്ങളുടെ പെരുമഴ പെയ്ത്താണ്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഹമ്മദ് പട്ടേല്‍, കാനം രാജേന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ.രാജഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ ജോസഫ്, എം.എം ഹസ്സന്‍, ജസ്റ്റിസ് വി. ഖാലിദ്, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ ചീഫ് സെക്രട്ടരിമാരായ ആര്‍ രാമചന്ദ്രന്‍ നായര്‍, ഡോ.എം വിജയനുണ്ണി, ഡോ.ഡി ബാബു പോള്‍, നയതന്ത്ര വിദഗ്ധരായ ടി.പി ശ്രീനിവാസന്‍, പി. ഡി.ടി ആചാരി, മുന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരായ ഡോ. എ.എന്‍.പി ഉമ്മര്‍ കുട്ടി, പ്രൊഫ. സയ്യിദ് ഇഖ്ബാല്‍ ഹസ്നൈന്‍, മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരുമായ കെ.എം റോയ്, റഹീം മേച്ചേരി, കെ. അബൂബക്കര്‍, എന്‍. മുരളീധരന്‍, സി. ഗൗരി ദാസന്‍ നായര്‍, എന്‍. അശോകന്‍, കെ. മോഹനന്‍, ഒ. അബ്ദുല്ല, ജോര്‍ജ്ജ് കള്ളിവയലില്‍, ടി.പി ചെറൂപ്പ, ഡോ.പുത്തൂര്‍ റഹ്മാന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ.ഖമറുന്നിസ അന്‍വര്‍, ടി.സി മുഹമ്മദ്, കെ.പി കുഞ്ഞിമ്മൂസ തുടങ്ങി 141 പ്രമുഖ ലേഖകര്‍ ഇ അഹമ്മദിന്റെ വ്യക്തിത്വത്തെ വിവിധ കോണുകളില്‍ നിന്ന് നോക്കിക്കാണുന്ന ലേഖനങ്ങള്‍ ആണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
”മത ന്യൂനപക്ഷങ്ങളുടെ അസ്തിത്വ സംരക്ഷണത്തിനുള്ള കക്ഷി എന്ന നിലയില്‍ മുസ്ലിം ലീഗിനെ രാജ്യത്തിനകത്തും പുറത്തും സ്വീകാര്യമാക്കിയതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്സീമമാണ്” എന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ദേശീയാധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ സാഹിബ് കൃത്യമായി വിലയിരുത്തുന്നുണ്ട് തന്റെ ലേഖനത്തില്‍. 630 മുതല്‍ 652 വരെ പേജുകളിലുള്ളത് അഹമ്മദ് സാഹിബിന്റെ മക്കളായ ഡോ. ഫൗസിയ ഷെര്‍ഷാദ്, റയീസ് അഹമ്മദ്, നസീര്‍ അഹമ്മദ് എന്നിവരുടെ മൂന്ന് ലേഖനങ്ങളാണ്. ലോകപ്രശസ്തനായ ഒരു പിതാവിനെ അദ്ദേഹത്തിന്റെ മക്കള്‍ അഭിമാനപൂര്‍വം അനുസ്മരിക്കുന്നത് നനഞ്ഞ കണ്ണുകളോടെ അല്ലാതെ കണ്ടുനില്‍ക്കാനാവില്ല.


684 മുതല്‍ 828 വരെയുള്ള ‘ജീവിതപാത’ എന്ന ഖണ്ഡത്തില്‍ അഹമ്മദ് സാഹിബിന്റെ ജീവിതയാത്രയും സംഭാവനകളും വിലയിരുത്തുന്ന 12 ലേഖകരുടെ പഠന പ്രബന്ധങ്ങളാണ്. ഈ ബൃഹദ്ഗ്രന്ഥത്തിന്റെ ഉത്തരഭാഗത്തെ 830 മുതല്‍ 859 വരെ പുറങ്ങള്‍ ഇ. അഹമ്മദിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രഭാഷണങ്ങളാണ്. മികച്ച പ്രഭാഷകന്‍ കൂടിയായ അഹമ്മദ് സാഹിബിന്റെ നിയമസഭയിലെയും പാര്‍ലമെന്ററിലെയും ഐക്യരാഷ്ട്രസഭയിലെയും പ്രസംഗങ്ങള്‍ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും വിഭവ സമൃദ്ധമായ സദ്യ പോലെ ആസ്വദിക്കാനാവും.
862 മുതല്‍ 893 വരെ പേജുകളില്‍ ഇ അഹമ്മദിന്റെ രചനകളാണുള്ളത്. അദ്ദേഹം വിവിധ ആനുകാലികങ്ങളില്‍ എഴുതിയ രാഷ്ട്രീയ- സാഹിത്യ ലേഖനങ്ങളാണ് ഇതില്‍ പുനരാഖ്യാനം ചെയ്തിട്ടുള്ളത്.
ചരിത്രപ്രസിദ്ധമാകാന്‍ ഇടയുള്ള അനേകം ഫോട്ടോഗ്രാഫുകള്‍ ഈ ഗ്രന്ഥത്തെ അലങ്കരിക്കുന്നുണ്ട്. 969 മുതല്‍ 995 വരെയുള്ള പേജുകള്‍ വിശദമായ അടിക്കുറിപ്പ് സഹിതമുള്ള ഫോട്ടോ ആല്‍ബമായി വിന്യസിപ്പിച്ചിരിക്കുന്നു. പക്ഷേ ലേഖനങ്ങള്‍ക്കിടയിലെ ഫോട്ടോകള്‍ക്കൊന്നും അടിക്കുറിപ്പ് നല്‍കാത്തത് അബദ്ധമായിപ്പോയി. വേണമെങ്കില്‍ രണ്ടുമൂന്ന് കവിതകള്‍ കൂടി കൊടുത്തിരുന്നുവെങ്കില്‍ സംഗതി കുശാലായേനേ. അഹമ്മദ് സാഹിബിന്റെ ആത്മകഥയുടെ അധ്യായവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. അഹമ്മദ് സാഹിബ് പറഞ്ഞു കൊടുത്തതനുസരിച്ച് പി.എ റഷീദ് കേട്ടെഴുതി തയ്യാറാക്കിയതാണ് ഈ ആത്മകഥ. അവസാന ഭാഗങ്ങളില്‍ മലയാള മനോരമ, മാതൃഭൂമി, ജനയുഗം, മാധ്യമം, സുപ്രഭാതം, വീക്ഷണം, മംഗളം, കേരളകൗമുദി, ചന്ദ്രിക മുതലായ പത്രങ്ങള്‍ അഹമ്മദ് സാഹിബിനെ പറ്റി എഴുതിയ മുഖപ്രസംഗങ്ങളാണ്.
ആയിരം പേജുകളില്‍ ഇടയ്ക്കിടെ ആകര്‍ഷകമായ അനേകം ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഗ്രന്ഥശില്‍പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് ‘ചന്ദ്രിക’ നല്‍കിയ അനര്‍ഘമായ ഒരു മുതല്‍ക്കൂട്ടാണ്. സാഹസികനായ പത്രാധിപര്‍ സി.പി സൈതലവി എന്ന മനുഷ്യന്റെ കഠിനമായ പരിശ്രമങ്ങളുടെ പരിസമാപ്തിയാണ് ഈ ഗ്രന്ഥം. അദ്ദേഹം ഒരു തപസ്യ പോലെ ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ ഈ ഗ്രന്ഥം ഇവ്വിധം പുറത്തുവരുമായിരുന്നില്ല. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ‘ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ’… പത്രാധിപസമിതി അംഗങ്ങളായ പി.വി.എ പ്രിംറോസ്, ഡോ.പി റഷീദ് അഹമ്മദ്, ഇ സാദിഖലി, മുസ്തഫ മണ്ടായപ്പുറം എന്നിവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

 

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending